അടുക്കളയും ബാങ്കും മാറിമാറി വേവലാതിപ്പെടുത്തി; സന്തോഷിപ്പിച്ചു; മാറ്റിമറിച്ചു; റിട്ടയര്‍മെന്റിന് ശേഷം ജീവിക്കാന്‍ തുടങ്ങി; അടുക്കളയില്‍നിന്നു കിച്ചണിലേക്കുള്ള മേരിക്കുട്ടി സ്‌കറിയയുടെ ജീവിതാനുഭവങ്ങള്‍

വായനയുടെ കാലങ്ങളില്‍ ഇഷ്ടപ്പെട്ട എഴുത്തുകള്‍ ഏറെയുണ്ട്. ഓരോ എഴുത്തും ഓരോ അനുഭവങ്ങളായി പരിണമിക്കുന്ന അനുഭവങ്ങള്‍. ജീവിതസ്മരണകളുടെ പുതിയൊരു വായനാനുഭവമായിരുന്നു മേരിക്കുട്ടി സ്‌കറിയ അക്ഷരങ്ങളില്‍ കുറിച്ചിട്ടത്. അതുകൊണ്ടുതന്നെ വായനയുടെ ഇഷ്ടങ്ങളില്‍ ഈ വീട്ടമ്മയും കയറിക്കൂടി. അനിതരസാധാരണമായ ജീവിതങ്ങള്‍ എപ്പോഴും പ്രത്യേക ഇഷ്ടങ്ങള്‍ നേടിയെടുക്കും. അടയാളപ്പെടുത്താന്‍ ഒരേ ഒരു പുസ്തകമേ ഇതുവരെ എഴുതിയിട്ടുള്ളൂവെങ്കിലും രേഖപ്പെടുത്തപ്പെട്ടത് അനുഭവങ്ങളുടെ വലിയൊരു സഞ്ചയം തന്നെയായിരുന്നു. മേരിക്കുട്ടി സ്‌കറിയയുമായി മാത്യു ആന്റണി നടത്തിയ സംഭാഷണം

അടുക്കളയില്‍നിന്ന് കിച്ചണിലേക്ക്

എന്റെ ആദ്യ പുസ്തകമാണിത് ‘അടുക്കളയില്‍ നിന്ന് കിച്ചണിലേക്ക് ഒരു പാലാക്കാരി നസ്രാണി വീട്ടമ്മയുടെ ജീവിത സ്മരണകള്‍ ആണ്. കുടുംബ ജീവിതം നയിക്കുന്ന സാധാരണക്കാരിയായ വീട്ടമ്മയാണ് ഞാന്‍. ഈ പുസ്തകത്തിന്റെ പേര് ‘അടുക്കളയില്‍നിന്നു കിച്ചനിലേക്ക് ‘ എന്നായതിനു കാരണമുണ്ട്. ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചത് അടുക്കളയിലും ബാങ്കിലും ആണ്. അടുക്കളയും ബാങ്കും എന്നെ മാറി മാറി വേവലാതിപ്പെടുത്തി, സന്തോഷിപ്പിച്ചു, മാറ്റിമറിച്ചു. വിരമിച്ചതിനു ശേഷം വായനകൊണ്ട് നേടിയ ബലത്തില്‍ എന്റെ ജീവിതാനുഭവങ്ങള്‍ വെറുതെ കുറിച്ചു വച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. സൈബര്‍ എഴുത്തുകാരി മീനു എലിസബത്തിന്റെ അവതാരികയോടുകൂടി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഡോ. എസ് ശാരദക്കുട്ടി, പ്രഫ.ഉഷാകുമാരി എന്നിവരൊക്കെ പുസ്തകം വായിച്ചു നല്ല അഭിപ്രായം പറഞ്ഞിരുന്നു.

വായന

ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. വായനയില്‍ താത്പര്യമുണ്ടായിരുന്ന അപ്പനും സഹോദരന്മാരും ലൈബ്രറിയില്‍ നിന്നും വീട്ടില്‍ കൊണ്ടു വന്നിരുന്ന നോവലുകള്‍ അടക്കമുളള പുസ്തകങ്ങള്‍ എടുത്തു വായിക്കുമായിരുന്നു. മുട്ടത്തുവര്‍ക്കിയുടെയും ബഷീറിന്റെയും പല നോവലുകളും ചെറുപ്പത്തില്‍ തന്നെ വായിച്ചു.പക്ഷേ, അക്കാലത്ത് പെണ്‍കുട്ടി എന്ന നിലയില്‍ വായന വിലക്കപ്പെട്ട കനിയായിരുന്നു.

സിനിമ

അപൂര്‍വം സിനിമകള്‍ മാത്രമേ ഇഷ്ടപ്പെടാറുളളൂ. സിനിമയിലെ അടി, ഇടി, അക്രമം എന്നിവ എനിക്ക് ഒട്ടും ഇഷ്ടമില്ല. ജീവിത യഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊളളുന്ന സിനിമകള്‍ വളരെ ഇഷ്ടമാണ്. കുറയൊക്ക കോമിക്കും ഇഷ്ടമാണ്. മമ്മൂട്ടിയുടെ അഭിനയത്തോടാണ് കൂടുതല്‍ പ്രിയം.

യാത്ര

യാത്രകളോട് ബാല്യം മുതലേ വലിയ ഇഷ്ടമായിരുന്നു.പക്ഷേ പല കാരണങ്ങള്‍കൊണ്ട് യാത്രകള്‍ പോകാന്‍ സാധിച്ചിട്ടില്ല.അതായിരിക്കാം ഇന്ന് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നത്. പോകുന്നിടത്തെല്ലാം ചരിത്രസ്മാരകങ്ങളും പ്രകൃതിദൃശ്യങ്ങളും കാണാനാണ് താത്പര്യം. യാത്രക്കിടയില്‍ കൂടുതല്‍ പോയിട്ടുള്ളത് ബീച്ചുകളിലാണ്. ഏറെ ഇഷ്ടപെട്ട ബീച്ച് കോവളം ആണ്. യാത്രയില്‍ ഭക്ഷണവും താമസവും നന്നായിരിക്കണം. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, റോം, കാനഡ, അമേരിക്ക മുതലായ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടങ്ങളിലെ ചരിത്രവും സംസ്‌കാരവുമൊക്കെ മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്. യോഗയെക്കുറിച്ച് കൂടുതല്‍ അറിയുന്നത് ജര്‍മ്മന്‍ സന്ദര്‍ശനവേളയില്‍ ആണ്.

mary-book

നര്‍മ്മബോധം

എനിക്ക് എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടെങ്കില്‍ അത് എന്റെ മാതാപിതാക്കളില്‍നിന്നു കിട്ടിയതാണ്. നര്‍മ്മബോധം എന്റെ പ്രിയപ്പെട്ട അമ്മയില്‍ നിന്നും.

ഭക്തി

ഞാനൊരു തീവ്രഭക്തയല്ല. കഴിവതും ഞായറാഴ്ചയും സമയം കിട്ടുമ്പോഴും ഒക്കെ പള്ളിയില്‍ പോകാറുണ്ട്. പ്രാര്‍ഥിക്കാറുണ്ട്. പള്ളിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഓരോരുത്തവര്‍ക്കും അവരവരുടേതായ ജോലികള്‍ ഉണ്ട്. ഞാന്‍ ദൈവത്തെ കാണുന്നതും അനുഭവിക്കുന്നതും ആ അനുഭവം പ്രവര്‍ത്തിതലത്തില്‍ കൊണ്ടുവരുന്നതും കുടംബാംഗങ്ങളിലും ബന്ധുക്കളിലും സ്‌നേഹിതരിലും അയല്‍ക്കാരിലും വൃദ്ധരിലും രോഗികളിലും കുട്ടികളിലുമാണ്. ജോലികള്‍ മറന്നിട്ട് പള്ളിയില്‍ത്തന്നെ കഴിഞ്ഞു കൂടുന്ന ആള്‍ക്കാര്‍ ഉണ്ട്. ഇതിനോട് എനിക്കു യോജിപ്പില്ല.

ബന്ധങ്ങള്‍

എല്ലാവരുടെയും എല്ലാ കാര്യങ്ങളിലും പോസിറ്റീവായി ചിന്തിക്കാനാണ് താത്പര്യം. നന്മയെന്നും ഉചിതമെന്നും തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ മറ്റുള്ളവരോട് പങ്കുവയ്ക്കാറുണ്ട്. പക്ഷേ അവര്‍ അത് സ്വീകരിക്കണമെന്നു വാശിപിടിക്കാറില്ല. കുസൃതി കാണിക്കുന്നവരോടു കൂടുതല്‍ സ്‌നേഹിക്കും. കഴിവുള്ളടത്തോളം സ്‌നേഹം കൊടുക്കും.

പാചകം

പാചകം ചെയാനുള്ള കഴിവ് അമ്മയില്‍നിന്നു ലഭിച്ചതാണ്. ആദ്യകാലങ്ങളില്‍ പാചകപുസ്തകങ്ങള്‍ റെഫര്‍ ചെയ്യുമായിരുന്നു. തനിയെ ചെയ്യാന്‍ തുടങ്ങിയതോടെ ഉത്തരവാദിത്തങ്ങള്‍ കൂടി. അപ്പോള്‍ കൂടുതല്‍ താത്പര്യം ഉണ്ടായി.

ഔദ്യോഗിക ജീവിതത്തില്‍നിന്നു സ്വയം വിരമിച്ചു

സിണ്ടിക്കേറ്റ് ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നു. 2001 ല്‍ സ്വയം വിരമിച്ചു. ബാങ്കില്‍ നിന്നും പിരിഞ്ഞതിനുശേഷമാണ് വാസ്തവത്തില്‍ ജീവിക്കാന്‍ തുടങ്ങിയത്. റിട്ടയര്‍മെന്റിനുശേഷം ബോറടിക്കുന്നില്ലേ എന്നു പലരും ചോദിക്കുന്നു. യാതൊരു ബോറടിയും തോന്നുന്നില്ല. വീട്ടില്‍ ജോലികള്‍ തനിയെ ചെയുമ്പോള്‍ നമുക്ക് ഉന്മേഷം കൂടുന്നു. പലരും റിട്ടയര്‍ ചെയ്താല്‍ ജീവിതം തീര്‍ന്നു എന്ന് വിശ്വസിക്കുന്നവര്‍ ആണ്. പക്ഷേ,ജീവിതം തീരുന്നില്ല. റിട്ടയര്‍മെന്ടിനു ശേഷമുള്ള എന്റെ ജീവിതയാത്ര ഭക്ഷണം, യാത്ര, പാചകം, വായന, അല്പം സാമൂഹിക പ്രവര്‍ത്തനം, അയല്‍ബന്ധം എന്നിങ്ങനെ പോകുന്നു. അയല്‍ക്കാരെ സ്‌നേഹിക്കുകയും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ പരിഗണിക്കുകയും വേണം. ഞാന്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസെറ്റിയിലെ ഒരംഗമാണ്. ആഴ്ചയില്‍ ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ അടക്കമുള്ള രോഗികള്‍ക്കും സഹായികള്‍ക്കും കഞ്ഞി വിളമ്പികൊടുക്കാന്‍ പോകുന്നുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ ദിവസങ്ങളിലും പോകാന്‍ തയാറാണ്.

വാര്‍ധക്യം

ചിലര്‍ വാര്‍ധക്യത്തില്‍ സമാധാനം കണ്ടെത്താന്‍ പല ആശ്രമങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ആള്‍ദൈവങ്ങളുടെ അടുത്തും പോകുന്നു. നമ്മുടെ ജീവിതത്തിലേക്ക് എത്തിനോക്കിയാല്‍ മാതാപിതാക്കാളോ വേണ്ടപ്പെട്ടവരോ നിസഹായാവസ്ഥയില്‍ കഴിയുന്നവര്‍ ധാരാളം ഉണ്ടാകും. മുന്‍കാലങ്ങളില്‍ അവരോട് എന്തെങ്കിലും ശത്രുതാമനോഭാവം ഉണ്ടെന്നിരിക്കട്ടെ. എന്നാല്‍ ശത്രുതാമനോഭാവം മറന്ന് അവരെ സഹായിച്ചാല്‍ ആശ്രമങ്ങളിലും മറ്റുസ്ഥലങ്ങളിലും പോകുന്നതിനേക്കാള്‍ നൂറു മടങ്ങ് സുഖം കിട്ടുമെന്നാണ് എന്റെ അഭിപ്രായം. നമ്മുടെ മനസ്സ് എപ്പോഴും ചെറുപ്പമാക്കാന്‍ ശ്രമിക്കുക. മനസ്സിനിണങ്ങുന്ന ഉല്ലാസകരമായ പ്രവര്‍ത്തികള്‍ ചെയ്തു മനസ്സിനെ ചെറുപ്പമാക്കുകയും ഉന്മേഷം നല്‍കുകയും ചെയുക. രോഗത്തെക്കുറിച്ചു ചിന്തിക്കാതിരിക്കുക.

ഭാവി എഴുത്ത്

ഞാന്‍ ഒരു എഴുത്തുകാരിയല്ല. എന്നാല്‍ മനുഷ്യര്‍ക്ക് നിത്യജീവിതത്തില്‍ ഉപകാരപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും നന്മകളെക്കുറിച്ചും എഴുതാന്‍ എനിക്ക് താത്പര്യമുണ്ട്. ഭര്‍ത്താവിനോടൊപ്പം നടത്തിയ വിദേശയാത്രകളെക്കുറിച്ച് ഒരു വിവരണം എഴുതികൊണ്ടിരിക്കുകയാണ്.

കുടുംബം

ചങ്ങനാശേരി കരിക്കമ്പള്ളി കുടുംബാംഗമാണ്. പ്രശസ്ത ഭാഷാപണ്ഡിതനും സാംസ്‌കാരിക വിമര്‍ശകനും വാഗ്മിയും എഴുത്തുകാരനുമായ ഡോ സ്‌കറിയ സക്കറിയ ആണ് ഭര്‍ത്താവ്. രണ്ട് മക്കള്‍. മകള്‍ ഡോ.സുമ സ്‌കറിയ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സാമ്പത്തികശാസ്ത്ര അസിസ്റ്റന്റ് പ്രഫസ്സര്‍ ആണ്. മകന്‍ ഡോ.അരുള്‍ ജോര്‍ജ് സ്‌കറിയ ദില്ലിയിലെ ദേശീയ നിയമ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News