പി. ജയരാജനെ മൂന്നു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു; 9, 10, 11 തീയതികളില്‍ സെന്‍ട്രല്‍ ജയിലിലോ ആശുപത്രിയിലോ വച്ചുമാത്രം ചോദ്യംചെയ്യണമെന്ന് കോടതി

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ മൂന്നു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. 9, 10, 11 തീയതികളില്‍ സെന്‍ട്രല്‍ ജയിലിലോ ആശുപത്രിയിലോ വച്ചുമാത്രം ചോദ്യംചെയ്യണം എന്നും കോടതി നിര്‍ദ്ദേശിച്ചു. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയുള്ള സമയങ്ങളില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ അനുവാദമുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥന്‍ മാത്രം ചോദ്യം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി അനില്‍കുമാറാണ് ഉത്തരവിട്ടത്.

ആര്‍എസ്എസ് അക്രമത്തിലുണ്ടായ ശാരീരിക ബുദ്ധിമുട്ടും ഹൃദയസംബന്ധമായ അസുഖവും കാരണം ജയരാജന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. നാലിന് ഹര്‍ജി പരിഗണിച്ച കോടതി ആശുപത്രിയില്‍ ചോദ്യം ചെയ്തുകൂടേ എന്ന് ആരാഞ്ഞിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന വാശിയിലാണ് സിബിഐ. തുടര്‍ന്നാണ് കസ്റ്റഡി ആവശ്യപ്പെട്ട് സിബിഐ ഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here