അടുക്കളയില്‍നിന്ന് അരങ്ങത്തെത്തിയ സ്ത്രീയിന്ന് മീരയുടെ ആരാച്ചാറും കടന്നു മുന്നോട്ട്; പഴയകാലത്തെ കണ്ണീരിന്റെ പ്രതിനിധി ഇന്നു കരുത്തിന്റെ പ്രതിരൂപം; ശ്രീലക്ഷ്മി സതീഷ് എഴുതുന്നു

ത്തുവര്‍ഷം മുമ്പ് ‘ഒരു പെണ്‍കുട്ടിയായിപ്പോയല്ലോ ഞാന്‍’ എന്നു പരിതപിക്കാത്ത പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു. ഒരായിരം വിലക്കുകളും മാമൂലുകളും കൊണ്ടു കാലും കൈയും കെട്ടി. അലിഖിതങ്ങളായ ചില കീഴ് വഴക്കങ്ങളില്‍ അവളെ തളച്ചിട്ടിരുന്നു. പത്താം ക്ലാസ്സിലെ റിസള്‍ട്ട് വരുമ്പോള്‍തന്നെ പെണ്‍കുട്ടികളുടെ ഭാവിഎന്താണെന്നു തീരുമാനിക്കപ്പെട്ടുകഴിയും. ബിരുദം കഴിഞ്ഞാല്‍ ബിഎഡ് തന്നെ. അധ്യാപനമാണു സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ പ്രവര്‍ത്തനമേഖലയത്രേ. അവള്‍ക്ക് അതിനുള്ള കഴിവുണ്ടോ താല്‍പര്യം ഉണ്ടോ എന്നൊന്നും അന്വേഷിക്കേണ്ട ആവശ്യമില്ല. അവളുടെ ഭാവിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ സ്‌നേഹം നിറഞ്ഞു കവിയുന്ന ഉത്കണ്ഠകള്‍ക്കും ആശങ്കകള്‍ക്കും ആശ്വസമാകാന്‍ മറ്റുള്ളവരുടെ വഴിയിലൂടെ സ്വയംപഴിച്ചു നടക്കുക അല്ലാതെ അവള്‍ക്കു മറ്റു വഴികളില്ലായിരുന്നു. എന്നാല്‍ ഇന്നോ? ഹൈസ്‌കൂളിലെത്തുമ്പോള്‍തന്നെ പെണ്‍കുട്ടികള്‍ക്കു തങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചു ഏതു പ്രൊഫെഷന്‍ തിരഞ്ഞെടുക്കണമെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയും തീരുമാനവുമുണ്ട്. ഹൈസ്‌കൂള്‍ മുതല്‍ക്കേ അവര്‍ എന്‍ട്രന്‍സിനും സിവില്‍ സര്‍വീസിനും ഉള്‍പ്പെടെയുള്ള പരിശീലനം തുടങ്ങും.

അന്ന് പെണ്‍കുട്ടികളുടെ ശരീരഘടനയും ആര്‍ത്തവവും അവര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നവയിരുന്നു. പ്രായം ആയിരുന്നു ഏത് വസ്ത്രം ധരിക്കണം എന്നതിനുള്ള അളവുകോല്‍. ഓരോ പ്രായത്തിനും യൂണിഫോം കണക്കെ ചില വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് തനിക്ക് സൗകര്യപ്രദമായ വസ്ത്രമേതന്നു തീരുമാനിക്കുന്നത് അവളാണ്. ഒരുസ്ത്രീയുടെ അഭിമാനം ആണ് ആര്‍ത്തവം എന്ന് ഉറക്കെ പറയാന്‍ ഇന്ന് അവള്‍ക്കു മടിയില്ല. ഋതുമതി അല്ലാത്ത ഒരുപെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പുരുഷന്മാര്‍തയാറല്ല. അതിനര്‍ത്ഥം ആര്‍ത്തവം ഇല്ലാത്തസ്ത്രീ അപൂര്‍ണയാണ് എന്നതാണ്. അതുകൊണ്ടു തന്നെ ഗര്‍ഭധാരണം മഹത്വവല്‍ക്കരിക്കുന്നവര്‍ ആര്‍ത്തവത്തെ അറപ്പോടെ കാണുന്നത് തീര്‍ത്തും വിവേകശൂന്യതയാണ്.

ഒരു പത്രത്തിലോ ചാനലിലോ ജോലിചെയ്യാന്‍, സ്‌ക്രീനിലോ പത്രത്തിലോ തന്റെ മുഖമോ പേരോ കാണാന്‍ ആഗ്രഹിച്ചിരുന്ന ഒരു പെണ്‍കുട്ടി എന്നിലും ഉണ്ടായിരുന്നു. പക്ഷേ, ഇന്ന് അത്തരം പ്രശസ്തിയും പെരുമയും ഞാനുള്‍പ്പെടുന്ന സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് മാറ്റ് കൂട്ടാറില്ല. കാരണം ഇന്നവള്‍ ആഗ്രഹിക്കുന്നത് എവിടെയും ഇപ്പോഴും ബഹുമാനിക്കപ്പെടുന്ന ഒരുസ്ഥാനം കിട്ടണംഎന്നു മാത്രമാണ്. അതിനുള്ള യോഗ്യത വ്യക്തമായ കാഴ്ച്ചപ്പാടുകളും ഉറച്ച തീരുമാനങ്ങളും ശക്തമായ ആശയങ്ങളും ആണെന്ന് അവള്‍ക്കറിയാം.’ഒരു സ്ത്രീ ആയിപ്പോയി’ എന്ന പരിതാപം. ‘ഞാനൊരു സ്ത്രീയാണ്’ എന്ന അഭിമാനത്തിന്റെ ശബ്ദം ആയിത്തീര്‍ന്നിരിക്കുന്നു. ഇന്ന് ഈ ലോകത്തു സൗന്ദര്യമുള്ള എന്തിനും സ്ത്രീയുടെ പേരാണ്. നാളെയത് ഉറപ്പിന്റെയും ശക്തിയുടെയും പേരായി മാറുകതന്നെ ചെയ്യും.

ചരിത്രവും പ്രാധാന്യവും അറിയാതെയാണ് ഏറെ സ്ത്രീകളും വനിതാ ദിനം ആഘോഷിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തില്‍, മാര്‍ച്ച് 8 ന് പ്രധാനപ്പെട്ട കാര്യപരിപാടി സ്ത്രീശാക്തീകരണത്തിന്റെ സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിക്കുക എന്നതാണ്. സ്ത്രീ ശാക്തീകരണം എന്നാല്‍ പുരുഷനെപ്പോലെ മേല്‍ക്കോയ്മ നേടുകയെന്നതല്ല. ആണ്‍ – പെണ്‍ സമത്വത്തിനു വേണ്ടി സ്ത്രീകള്‍ മുറവിളി കൂട്ടുമ്പോള്‍ തങ്ങള്‍ താഴെത്തട്ടില്‍ നില്ക്കുന്നവരാണ് എന്നു പരോക്ഷമായി അവര്‍ തന്നെ പ്രചരിപ്പിക്കുന്നു എന്നതാണ് വാസ്തവം. അതിന്റെആവശ്യമുണ്ടോ? സ്ത്രീ – പുരുഷന്‍ എന്നഒരു താരതമ്യം ചെയ്യലിനു പോലും ഇവിടെപ്രസക്തി ഇല്ല. എന്തിനും ഏതിനും മറ്റൊരാളെ ആശ്രയിക്കുന്നവള്‍ എന്ന ചട്ടകൂടിനുള്ളില്‍ നിന്ന് എന്തിനും ഏതിനും മറ്റുള്ളവര്‍ക്ക് ആശ്രയമാകുന്നവള്‍ എന്ന് തലത്തിലേക്ക് സ്ത്രീകള്‍ ഇന്ന് മാറിയിരിക്കുന്നു. ഇന്ന് തങ്ങളുടെ ആശയങ്ങളും ആവശ്യങ്ങളും പ്രകാശവേഗത്തില്‍ ലോകമെമ്പാടും എത്തിക്കാന്‍ അവളുടെ വിരല്‍ത്തു മ്പുകള്‍ക്കാവും. താന്‍ ആരാണ് എന്ന് അഭിമാനത്തോടെ പറയാന്‍ ഒരു സ്ത്രീയ്ക്ക് കഴിയണം.

തന്റെ കഴിവുകളെക്കുറിച്ചുള്ള ഉറച്ചവിശ്വാസവും പരിമിതികളെ അതിജീവിക്കാനുള്ള ദൃഡനിശ്ചയവും ഒരു സ്ത്രീക്കുണ്ട് എങ്കില്‍. അത് അവള്‍ക്കു നല്‍കുന്ന ആത്മവിശ്വാസവും ധൈര്യവും ആണ് അവളെ ശക്തയാക്കുന്നത്. വിവേകപൂര്‍ണമായ കാര്യപ്രാപ്തിയാവണം ഒരു സ്ത്രീയുടെ സൗന്ദര്യം. അടുക്കളയില്‍നിന്ന് അരങ്ങത്തെത്തിയ സ്ത്രീയിന്ന് മീരയുടെ ആരാച്ചാറില്‍ എത്തി നില്‍ക്കുമ്പോള്‍. ഭയമെന്ന വികാരത്തെ അവള്‍ അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം. തനിക്കു വേണ്ടതെന്തും നേടിയെടുക്കാന്‍ പ്രാപ്തിയുള്ള അവള്‍ അനാവശ്യമായ താരതമ്യപഠനത്തിലൂടെ, നിഴല്‍ യുദ്ധം നടത്തി സമയം കളയുന്നത് തികഞ്ഞ മൂഢതയാണ്. പകരം സ്വന്തം വ്യക്തിത്വരൂപികരണത്തിന് ആ സമയം ചെലവഴിക്കുന്നതാണ് ഉചിതം. നമ്മുടെ ഭരണഘടന അനുസരിച്ച് സ്ത്രീ സംരക്ഷണനിയമങ്ങള്‍ ഏറെ ആണ്. ഇന്ന് പലപ്പോഴും അവയെല്ലാം ദുരുപയോഗപ്പെട്ടുപോകുന്നു. വനിതാ സംവരണം എന്ന വാക്ക് പോലും കാലഹരണപ്പെടേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

വിവാഹ വഗ്ദാനത്തട്ടിപ്പുകളില്‍പ്പെട്ട് പീഡനത്തിനിരയാവുന്ന പെണ്‍കുട്ടികള്‍ സ്ത്രീകളുടെ ദുര്‍ബ ലതയുടെ ശേഷിപ്പുകളില്‍ ഒന്നാണ് എന്ന് തിരിച്ചറിയണം. ലോകം വിരല്‍ത്തുമ്പില്‍ കണ്‍തുറക്കുന്ന ഈ കാലത്തും സ്ത്രീകള്‍ കബളിപ്പിക്കപ്പെടുന്നു എങ്കില്‍. അതിനു കാരണം അവളുടെ ബുദ്ധിശൂന്യത മാത്രമാണ്. 1961-ല്‍ നിയമത്താല്‍ നിരോധിക്കപ്പെട്ട സ്ത്രീധനത്തെ ഇന്ന് ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്നത് പെണ്‍കുട്ടികളാണ്. തങ്ങളുടെ അറിവിനും വ്യക്തിത്വത്തിനും പ്രാധാന്യം നല്‍കുന്ന പുരുഷന്‍ മതി ജീവിതപങ്കാളിയായി എന്നു തീരുമാനിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം സ്ത്രീക്കുണ്ടായിട്ടും ഉത്സവ പ്രതീതിയില്‍. സ്വര്‍ണ്ണാഭരണ വിഭൂഷിതയായി വിവാഹിതയാവാന്‍ ഓരോ പെണ്‍കുട്ടികളും ഇന്ന് മത്സരിക്കുന്നു. എന്നിട്ടും വിവാഹമോചനക്കേസുകളുടെ കണക്കുളില്‍ വിവാഹമോചനത്തിനു മുന്‍കൈ എടുക്കുന്നതില്‍ സ്ത്രീകളുടെ എണ്ണം ആണ് കൂടുതല്‍. ഈഗോയും ക്ഷമയില്ലായ്മയും പ്രബുദ്ധയായ സ്ത്രീയുടെ ലക്ഷണമായി ദുര്‍വ്യാഘ്യാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്തരം അബദ്ധധാരണകളില്‍ നിന്നുള്ള മോചനവും ആഡംബരഭ്രമത്തില്‍ നിന്നുള്ള മുക്തിയും ആണ് സ്ത്രീയുടെ ശക്തി.

മതേതരരാഷ്ട്രമായ ഇന്ത്യയിലെ പുണ്യഗ്രന്ഥങ്ങള്‍ എല്ലാം തന്നെ. ഒരേ സ്വരത്തില്‍ സൃഷ്ടിയ്ക്ക് നിദാനമായി കണ്ട് ബഹുമാനിക്കുന്ന സ്ത്രീ. ബുദ്ധിയിലും സാമര്‍ത്ഥ്യത്തിലും ഒന്നാമതെന്നു അഭിമാനിക്കുന്ന സ്ത്രീ. തന്റെ കഴിവുകളില്‍ അഭിമാനിച്ച്. സാംസ്‌കാരിക മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടി. ക്ഷമയും വിവേചന ബുദ്ധിയും മുറുകെപ്പിടിച്ചു സാമൂഹ്യനന്മയെ ഉള്‍ക്കൊണ്ട്. ആത്മവിശ്വാസത്തോടെ മുന്നേറുന്നതാണ് സ്ത്രീ ശക്തി. സ്ത്രീയിന്നു കണ്ണീരിന്റെ പ്രതിനിധി എന്നതില്‍ നിന്നും കരുത്തിന്റെ പ്രതിരൂപമായി മാറിക്കൊണ്ടിരിക്കുന്നു. കാലപ്രയാണത്തിലെ പ്രസ്തുത മാറ്റങ്ങളെ കാണാതെ പോകരുത്. ശുഭാചിന്തകള്‍ നമ്മെ നയിക്കട്ടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News