പുതിയ പെണ്‍കുട്ടികളുടെ മാറ്റങ്ങള്‍ ആശാവഹമാണ്; വേണ്ടത് അതിവിപ്ലവ പ്രകടനബോധത്തിലൂടെ സ്ത്രീ വിമോചനം സാധ്യമാണ് എന്ന മൂഢസ്വര്‍ഗത്തില്‍ അഭിരമിക്കുകയല്ലല്ലോ! ഡോ. റോഷ്ണി സ്വപ്ന എ‍ഴുതുന്നു

എന്റെ ഞരമ്പില്‍നിന്ന് നിന്റെ ഞരമ്പിലേക്ക്
പടരുന്ന ചോരത്തുള്ളിയിലൂടെ
മകനേ, നീ ഭൂമിയെയും, ആകാശത്തേയും
കടലിനെയും അറിയൂ
– സാഫോ

സ്ത്രീ ജീവിതങ്ങളുടെയും സ്ത്രീ ഇടങ്ങളുടെയും ആശയസംവാദമേഖലയില്‍ പുതിയ വാക്കുകളും അന്വേഷണങ്ങളും കടന്നുവരുമ്പോള്‍തന്നെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ സ്ത്രീ സമൂഹത്തെ വിട്ടൊഴിയുന്നില്ല. സ്വാതന്ത്ര്യം, പ്രത്യക്ഷത, പ്രകടനോന്‍മുഖത, സര്‍ഗാത്മകത, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെല്ലാംതന്നെ പുതിയ അന്വേഷണ വഴികള്‍ കടന്നുവന്നിട്ടുണ്ട് എന്നത് ആശാവഹമാണ്. സ്വന്തം ശരീരം, ഇടപെടല്‍ തുടങ്ങിയ ഘടകങ്ങളിലും ഈ പുതിയ തെരഞ്ഞെടുപ്പ് കാണാന്‍കഴിയും. സ്ത്രീയുടെ വൈയക്തികാനുഭവങ്ങളുടെ രേഖപ്പെടുത്തലുകളും, ആള്‍ക്കൂട്ടത്തിനിടയില്‍, സമൂഹത്തില്‍, പൊതുഇടത്തില്‍ അവള്‍ ആര്‍ജിച്ച പരിണാമഗതിയുടെ ചരിത്രവും എപ്പോഴും വിരുദ്ധ ദിശകളിലായിരിക്കും.

പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ പൊതു ഇടതങ്ങളെ പിടിച്ചടക്കാനുള്ള സമരങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ചുംബന സമരശ്രേണിയിലെ പെണ്‍ സാന്നിധ്യം അതു തെളിയിക്കുന്നുണ്ട്. സമാന്തരമായ മറ്റു ചില പ്രശ്‌നങ്ങള്‍ ലിംഗപദവിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ചര്‍ച്ച ചെയ്യുമ്പോള്‍ സാങ്കേതിക വിദ്യയുയമാി ബന്ധപ്പെടുത്തിക്കൊണ്ട് പറയാവുന്ന സ്ത്രീ സാന്നിധ്യങ്ങള്‍, സൈബര്‍ സാഹിത്യവുമായി ചേര്‍ത്തുവച്ച് വായിക്കാവുന്ന സ്ത്രീ സാന്നിധ്യങ്ങള്‍ എന്നിവയുടെ അനുപാതം വര്‍ധിച്ചിട്ടുണ്ട്. സ്ത്രീയെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ സങ്കല്‍പങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് ഇവ പരിഗണിക്കേണ്ടത്.

സൈബര്‍ സ്‌പേസുകളിലെ സ്ത്രീ സാന്നിധ്യം സ്ത്രീഖളുടെ നിര്‍ഭയവും സ്വതന്ത്രവുമായ ആവിഷ്‌കാരപരതയ്ക്ക് ആക്കം കൂട്ടുന്നു. സ്ത്രീകളുടെ ഒഴിവുവേളകള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നത് ആശാവഹം. ആഗോളവത്കരണത്തിനു ശേഷം വന്ന പൊതു ഇട ചര്‍ച്ചകളില്‍ കുതിച്ചുവരുന്ന സ്ത്രീവ്യക്തിത്വങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ലൈംഗികത, കുടുംബ, സന്താനോല്‍പാദനം തുടങ്ങിയ വിഷയങ്ങളിലെല്ലാംതന്നെ ശക്തമായ വൈയക്തിക മുദ്രകള്‍ മുന്നോട്ടു വയ്ക്കാന്‍ പ്രാപ്തമായ ധൈര്യം പുതിയ പെണ്‍കുട്ടികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.

പക്ഷേ, സ്ത്രീയുടെ സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ വിമോചനധര്‍മം നിര്‍വഹിക്കേണ്ടത് ‘ഉടല്‍സമരങ്ങളി’ലൂടെയല്ല എന്ന യാഥാര്‍ഥ്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. പൊതു ഇടങ്ങള്‍ സ്ത്രീക്കു മാത്രമായി ലഭിക്കണമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, യഥാര്‍ഥ വിമോചനം നടക്കുന്നത് ആത്മാവുകളിലാണ് എന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. നശിച്ചുപോകേണ്ട ശരീരം കൊണ്ടു സാധ്യമാകുന്ന ചുംബനത്തേക്കാള്‍, അനശ്വരമായ ചരിത്രത്തിലേക്കു, മനുഷ്യപ്രേമത്തിലേക്കു ചാര്‍ത്തുവയ്ക്കാന്‍ ഒരു ചുംബനം- വിശ്വ സ്‌നേഹത്തിന്റെ ചുംബനം നല്‍കാനും നേടാനുമല്ലേ നമ്മുടെ പെണ്‍കുട്ടികള്‍ പോരാടേണ്ടത്. എന്റെ പുരുഷനെ, മകനെ, സഹോദരനെ, പ്രണയിയെ, കൂട്ടുകാരനെ, മറ്റൊരു സ്ത്രീയുടെ ഘാതകനായി മാറാതിരിക്കാനുള്ള വിമോചനമല്ലേ അവള്‍ നേടേണ്ടത്? അതു തിരിച്ചറിയുന്ന പ്രപഞ്ചനിര്‍മിതിയല്ലേ അവളുടെ ലക്ഷ്യമാകേണ്ടത്? മറിച്ച് എന്തിനും ഏതിനും ക്ഷിപ്ര പ്രതികരണവും കലഹങ്ങളുമായി സമൂഹത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പുതിയ തലമുറയുടെ അതിവിപ്ലവ പ്രകടനബോധത്തിലൂടെ സ്ത്രീ വിമോചനം സാധ്യമാണ് എന്ന മൂഢസ്വര്‍ഗത്തില്‍ അഭിരമിക്കുകയല്ലല്ലോ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News