സര്‍ക്കാരിന് കനത്ത തിരിച്ചടി; മെത്രാന്‍ കായല്‍ നികത്തുന്നതിനി ഹൈക്കോടതിയുടെ സ്‌റ്റേ; കൃഷിഭൂമിയെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: മെത്രാന്‍ കായല്‍ നികത്തല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സ്‌റ്റേ. മെത്രാന്‍ കായല്‍ കൃഷിഭൂമിയാണെന്ന പ്രദേശവാസി അലക്‌സാണ്ടറുടെ ഹര്‍ജിയിലെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. അധികാരം ഒഴിയാനിരിക്കേ കായല്‍ നികത്തല്‍ വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത തീരുമാനമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിച്ചാണ് കുട്ടാനാട്ടില്‍ കുമരകം മെത്രാന്‍ കായലിലെ 378ഏക്കര്‍ നെല്‍വയലും എറണാകുളത്തെ കടമക്കുടിയില്‍ 47 ഏക്കറും നിലം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 378 ഏക്കര്‍ പാടശേഖരം നികത്തി ടൂറിസം പദ്ധതി നടപ്പാക്കാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നാനൂറോളം ഏക്കറാണ് മെത്രാന്‍ കായല്‍ പാടശേഖരം. കുമരകം ഇക്കോ ടൂറിസം വില്ലേജ് എന്ന പദ്ധതിക്കായാണ് മെത്രാന്‍ കായല്‍ പാടശേഖരം നികത്താന്‍ അനുമതി നല്‍കിയത്.

വേമ്പനാട് റാംസൈറ്റില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് മെത്രാന്‍കായല്‍. വയല്‍ നികത്തല്‍ നെല്‍കൃഷിക്കു മാത്രമല്ല, ജല ദൗര്‍ബല്യത്തിനും കായല്‍ മത്സ്യസമ്പത്തിനും ഭീഷണിയാകുമെന്നും മഴക്കാലത്ത് അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ദുരിതത്തിനും വഴിവയ്ക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമായാണ് ഇക്കാര്യം മന്ത്രിസഭായോഗത്തില്‍ വന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് വിഷയം അവതരിപ്പിച്ചത്. മെത്രാന്‍ കായല്‍ നികത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ മന്ത്രിസഭാ യോഗത്തില്‍ മൂന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എതിര്‍ത്തിരുന്നു. എന്നാല്‍ മെത്രാന്‍ കായല്‍ നികത്തിയേ പറ്റൂ എന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്.

മെത്രാന്‍ കായല്‍ നികത്തുന്നതിനെതിരേ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാടിലും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നാളെ സിപിഐഎം കുമരകത്തു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. മെത്രാന്‍ കായല്‍ നികത്തല്‍ പദ്ധതിക്കു പുറമേ കടമക്കുടിയിലെ കായല്‍ നികത്താനും അനുമതി നല്‍കിയിരുന്നു. ഒരു മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിക്കു വേണ്ടിയാണ് ഈ അനുമതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News