തിരക്കഥ മോഷണക്കേസില്‍ രജനികാന്തിന് മധുര കോടതിയുടെ സമന്‍സ്; സൂപ്പര്‍സ്റ്റാര്‍ നാളെ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം

മധുര: തമിഴ് സൂപ്പര്‍ താരം രജനികാന്ത് നേരിട്ട് ഹാജരാകണമെന്ന് മധുര കോടതിയുടെ നിര്‍ദ്ദേശം. ലിംഗ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. തിരക്കഥ മോഷ്ടിച്ചതാണ് എന്ന് കാട്ടി നല്‍കിയ പരാതിയിന്മേലാണ് കോടതി രജനികാന്തിന് സമന്‍സ് അയച്ചത്.

കെആര്‍ രവിരത്‌നം എന്നയാള്‍ നല്‍കിയ കേസില്‍ രജനികാന്ത് പ്രതിയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് റോക് ലിന്‍ വെങ്കടേഷ്, ബി പൊന്‍കുമാര്‍, സംവിധായകന്‍ കെഎസ് രവികുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രതികള്‍. ദക്ഷിണേന്ത്യന്‍ തിരക്കഥാകൃത്തുക്കളുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയും കേസില്‍ പ്രതിയാണ്. രജനികാന്ത് ഉള്‍പ്പടെയുള്ളവര്‍ നാളെ നേരിട്ട് കോടതിയില്‍ ഹാജരാകാനാണ് മധുര അഡീഷണല്‍ ജില്ലാ മുന്‍സിഫ് നിര്‍ദ്ദേശം നല്‍കിയത്.

കേസില്‍ വിചാരണ നടപടികള്‍ ഏപ്രില്‍ 30നകം തീര്‍ക്കണം എന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതനുസരിച്ചാണ് കേസ് എത്രയും വേഗം പരിഗണിച്ചതും പ്രതികളോട് നേരിട്ട് ഹാജരാകാന്‍ മുന്‍സിഫ് കോടതി ആവശ്യപ്പെട്ടതും. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന് കാട്ടി ലിംഗയുടെ നിര്‍മ്മാതാവ് ഹൈക്കോടതിയെ സമീപിച്ചു. ഇതിന്മേലാണ് കേസ് അടിയന്തിരമായി തീര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

2014ലാണ് ലിംഗ ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയില്‍ എത്തിയത്. റിലീസ് ചെയ്യുന്നതിന് മുമ്പ് അഞ്ച് കോടി രൂപ ഡിഡി ആയും 5 കോടി രൂപ ബാങ്ക് ഗ്യാരണ്ടി ആയും കെട്ടിവെക്കാന്‍ നിര്‍മ്മാതാവിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ നിര്‍മ്മാതാവ് സുപ്രീംകോടതിയെ സമീപിച്ചു. ലിംഗ അടിയന്തരമായി റിലീസ് ചെയ്യാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം.

ഒരു കോടി രൂപ ബാങ്ക് ഗാരണ്ടിയായി കെട്ടിവെച്ചാല്‍ മതിയെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ ആറ് മാസത്തിനകം വിചാരണ തീര്‍ക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതുനസരിച്ചുള്ള വിചാരണ നടപടികള്‍ പിന്നെയും നീണ്ടു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിവിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News