വളയിട്ട കൈകള്‍ യുദ്ധവിമാനം പറപ്പിക്കാനെത്തുന്നു; ഇന്ത്യന്‍ വായുസേനയിലെ യുദ്ധവിമാനങ്ങളിലേക്കുള്ള വനിതാ പൈലറ്റുമാരുടെ പാസിംഗ് ഔട്ട് ജൂണില്‍

ദില്ലി: യുദ്ധവിമാനങ്ങള്‍ പറപ്പിക്കാനും പെണ്‍പട. ഇന്ത്യന്‍ വായു സേനയിലെ വനിതാ പൈലറ്റ്മാരുടെ ആദ്യ ബാച്ച് ജൂണില്‍ കമ്മീഷന്‍ ചെയ്യും. വനിതാദിനത്തിലാണ് രാജ്യത്തെ വനിതകള്‍ക്കെല്ലാം അഭിമാനം പകരുന്ന പ്രഖ്യാപനമുണ്ടായത്.

ദില്ലിയില്‍ നടന്ന സെമിനാറില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ സാന്നിധ്യത്തിലായിരുന്നു വ്യോമസേനാ മേധാവി അരൂപ് രോഹയുടെ പ്രഖ്യാപനം. മൂന്നുപേരാണ് യുദ്ധവിമാനം പറപ്പിക്കാന്‍ സന്നദ്ധരായി എത്തിയതെന്നും അവര്‍ രണ്ടാം ഘട്ട പരിശീലനത്തിലാണെന്നും അരൂപ് രോഹ പറഞ്ഞു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന ഇവര്‍ ഈമാസം പതിനെട്ടിന് പാസിംഗ് ഔട്ട് നടത്തും. മൂന്നു പേരും അന്നുതന്നെ കമ്മീഷന്‍ ചെയ്യും. പാസിംഗ് ഔട്ട് കഴിയുന്ന വനിതാ പൈലറ്റുമാരെ കൂടുതല്‍ പരിശീലനത്തിന് അയക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് യുദ്ധവിമാനങ്ങളില്‍ വനിതകളെ പൈലറ്റുമാരായി നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 2017 ജൂണ്‍ മുതല്‍ മൂന്നു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നിയമനം. വിവിധ രാജ്യങ്ങളുടെ സൈന്യത്തില്‍ വനിതകള്‍ക്ക് ഇടമുണ്ടെങ്കിലും അമേരിക്ക, ഇസ്രയേല്‍, ജര്‍മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് യുദ്ധമുഖത്ത് വനിതകളെ നിയോഗിക്കുന്നത്. 1992 ലാണ് സൈന്യത്തിലെ മെഡിക്കല്‍ ഇതരവിഭാഗങ്ങളില്‍ വനിതകളെ ഇന്ത്യ നിയോഗിച്ചു തുടങ്ങിയത്. വനിതാ ശാക്തീകരണത്തില്‍ ഇന്ത്യയുടെ ശക്തമായ മുന്നേറ്റമായാണ് യുദ്ധവിമാനങ്ങളില്‍ വനിതാ പൈലറ്റുമാരെ നിയോഗിക്കുന്നതിനെ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News