അകാലത്തില്‍ പൊലിഞ്ഞ താരങ്ങള്‍ നിരവധി; തരുണി സച്‌ദേവ്, മോനിഷ, ഗുരുദത്ത്, സില്‍ക് സ്മിത, സൗന്ദര്യ…

അകാലത്തില്‍ പൊലിഞ്ഞ ചലച്ചിത്ര താരങ്ങള്‍ നിരവധി പേരുണ്ട്. ചുരുക്കം നാളുകള്‍ കൊണ്ട് അഭിനയത്തികവിനാല്‍ പ്രേക്ഷകമനസില്‍ ഇടം നേടിയവര്‍. മണ്ണിലെ താരങ്ങള്‍ വിണ്ണിലേക്ക് മടങ്ങിയപ്പോള്‍ പ്രേക്ഷകരുടെ മനസിനേറ്റ മുറിവ് ചെറുതല്ല. ഓരോ താരങ്ങളുടെയും വേര്‍പാട് അതീവ വേദനയോടെയാണ് സമൂഹം കേട്ടത്.

1. സില്‍ക് സ്മിത

Silk-Smitha-Masala-Gallery-5

സില്‍ക് സ്മിത എന്ന ഗ്ലാമര്‍ നടിയെ ഇതുവരെ മലയാളി പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. അത്രമേല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായിരുന്നു സില്‍ക് സ്മിത. വിജയലക്ഷ്മി വദ്‌ലപതി എന്ന പെണ്‍കുട്ടി തെന്നിന്ത്യന്‍ ചലച്ചിത്ര ലോകം കീഴടക്കിയത് അതിവേഗമായിരുന്നു. സിനിമാലോകത്ത് രാജകുമാരിയായി വാണ സില്‍ക് സ്മിത കണ്‍മുന്നില്‍നിന്ന് മാഞ്ഞതും അതേ വേഗതയിലായിരുന്നു. തിളങ്ങിനിന്നകാലത്ത് സ്വയം ജീവിതെ അവസാനിപ്പിക്കുമ്പോള്‍ വെറും 36 വയസ് മാത്രമായിരുന്നു സില്‍ക് സ്മിതയുടെ പ്രായം. സാമ്പത്തിക പ്രതിസന്ധി, പ്രണയത്തകര്‍ച്ച, മദ്യപാനം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളാണ് സില്‍കിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്.

2. ഗുരു ദത്ത്

Guru-Dutt-2

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്. അങ്ങനെ എല്ലാ മേഖലകളിലും തിളങ്ങിയ താരമായിരുന്നു ഗുരുദത്ത്. ചുരുങ്ങിയ കാലത്തിനിടയില്‍ ഒട്ടനവധി അമൂല്യവും മറക്കാനാവാത്തതുമായ ചിത്രങ്ങളാണ് ഗുരുദത്ത് ഹിന്ദി സിനിമാ ലോകത്തിന് നല്‍കിയത്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകമനസില്‍ ഇടം പിടിച്ച നടന്‍ ജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ പ്രായം 39 വയസ്. മുംബൈയിലെ വാടക വീട്ടില്‍ ഗുരുദത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഗുരുദത്തിന്റെ മരണത്തെപ്പറ്റി പ്രചരിച്ച അഭ്യൂഹം.

3. ഗീത ബലി.

geeta_bali

1970കളില്‍ ബോളിവുഡ് കീഴടക്കിയ നായികയായിരുന്നു ഗീത ബലി. പ്രമുഖ താരം ഷമ്മി കപൂറിനെ വിവാഹം കഴിച്ചത് വീട്ടില്‍ നിന്നുള്ള എതിര്‍പ്പ് വകവയ്ക്കാതെയാണ്. വിവാഹിതയായി അധികം കഴിയും മുന്‍പ് സ്‌മോള്‍പോക്‌സ് പിടിപെട്ട് ഗീത ബലി മരണത്തിന് കീഴടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് ചലച്ചിത്രലോകത്ത് സാന്നിധ്യമറിയിച്ച ഗീത വിവാഹം കഴിച്ച അതേവര്‍ഷം 35-ാം വയസില്‍ യാത്രയായി.

4. മോനിഷ

മലയാളത്തിന് പ്രിയപ്പെട്ട നടിയായിരുന്നു ശാലീന സുന്ദരിയായ മോനിഷ. അഭിനയത്തികവ് കൊണ്ട് 16-ാം വയസില്‍ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കലാകാരി. പ്രക്ഷക ശ്രദ്ധ നേടിയ ഒരുപിടി ചിത്രങ്ങള്‍ മോനിഷ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചു. ഏഴ് വര്‍ഷത്തോളം മാത്രം നീണ്ടതായിരുന്നു മോനിഷയുടെ അഭിനയ ജീവിതം. 1992 ഡിസംബര്‍ 5ന് ചേര്‍ത്തലയില്‍ വെച്ച് വാഹനാപകടത്തില്‍ മോനിഷ മരിക്കുമ്പോള്‍ പ്രായം 21 വയസ്.

5. സ്മിത പാട്ടീല്‍

Smita-Patil

ബോളിവുഡിലെ സുന്ദരി ആര് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു സ്മിത പാട്ടീല്‍. ഏറ്റവും കഴിവുള്ള നടി. ഒപ്പം എക്കാലത്തെയും മികച്ച സുന്ദരിയുമായിരുന്നു സ്മിത. ചിത്രങ്ങള്‍ ശ്രദ്ധയോടെ തെരഞ്ഞെടുത്ത സ്മിത ഓരോ വേഷവും അവിസ്മരണീയമാക്കി. രാജ്ബബ്ബറിനെ വിവാഹം ചെയ്ത സ്മിത പ്രതീക് ബബ്ബര്‍ എന്ന മറ്റൊരു താരത്തിന് ജന്മം നല്‍കി 31-ാം വയസില്‍ വിണ്ണിലെ താരമായി.

6. സഞ്ജീവ് കുമാര്‍

Sanjeev 1

ബോളിവുഡിലെ ഏറ്റവും കഴിവുള്ള അഭിനേതാക്കളില്‍ ഒരാളായിരുന്നു സഞ്ജീവ് കുമാര്‍. ഷോലെ എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ സഞ്ജീവ് കുമാര്‍ വേഷമിട്ടു. ബോളിവുഡ് സുന്ദരി ഹേമമാലിനിയുമായി അഗാധപ്രണയത്തിലായിരുന്നു സഞ്ജീവ് കുമാര്‍. 47-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സഞ്ജീവ് മരിച്ചത്.

7. മീന കുമാരി

meena6

ബോളിവുഡിലെ ദുരന്ത നായിക എന്നറിയപ്പെട്ട അഭിനേത്രിയാണ് മീന കുമാരി. ദുരന്തം പേറുന്ന വേഷങ്ങള്‍ അണിഞ്ഞാണ് മീന കൂടുതല്‍ തവണയും വെള്ളിത്തിരയില്‍ എത്തിയത്. ജീവിതത്തിന്റെ വെള്ളിത്തിരയില്‍നിന്നും മീന മറയുമ്പോള്‍ പ്രായം 39 വയസ്. അമിതമായ മദ്യ ഉപഭോഗമായിരുന്നു ദുരന്തനായികയുടെ ജീവിതത്തിലും ദുരന്തമായത് എന്നാണ് കരുതുന്നത്.

8. തരുണി സച്‌ദേവ്

വിനയന്‍ സംവിധാനം ചെയത വെള്ളിനക്ഷത്രം എന്ന ചിത്രത്തിലെ സുന്ദരിക്കുട്ടിയെ നമ്മളാരും ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. വെള്ളിനക്ഷത്രത്തിന് പിന്നാലെ സത്യം എന്ന ചിത്രം കൂടിയായതോടെ തരുണി സച്‌ദേവ് മലയാളിയുടെ മനസ് കവര്‍ന്ന ബാലതാരമായി. രസ്‌നയുടെ പരസ്യത്തിലൂടെയാണ് രാജ്യത്തെ പ്രേക്ഷകരുടെ മനസില്‍ തരുണി സച്‌ദേവ് കുടിയേറിയത്. 14-ാം വയസില്‍ വിമാനാപകടത്തില്‍ തരുണി സച്‌ദേവ് കൊല്ലപ്പെട്ടു. അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെയായിരുന്നു തരുണിയുടെ അന്ത്യം. ഇത് അവസാന കൂടിക്കാഴ്ചയാണ് എന്നാണ് വിമാനത്തിലേക്ക് കയറും മുന്‍പ് കൂട്ടുകാരോട് തരുണി സച്‌ദേവ് പറഞ്ഞത്. ആ യാത്രയില്‍ തരുണി വിട പറഞ്ഞപ്പോള്‍ അവളുടെ വാക്കുകള്‍ അറം പറ്റിയതുപോലെയായി.

9. ദിവ്യ ഭാരതി

divya-divya-bharti-34471613-465-650

അഭിനയത്തില്‍ അതീവ മികവ് പുലര്‍ത്തിയ യുവനടിയായിരുന്നു ദിവ്യ ഭാരതി. ബോളിവുഡ് സിനിമാലോകത്തേക്കുള്ള ദിവ്യയുടെ കടന്നുവരവ് 13-ാം വയസില്‍ ആയിരുന്നു. സിനിമാ ലോകത്ത് ആറുവര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും മരണം ദിവ്യയെ മടക്കി വിളിച്ചു. 1993ല്‍ 19-ാം വയസില്‍ ആയിരുന്നു ദിവ്യയുടെ മരണം. അപ്പാര്‍ട്ട്‌മെന്റില്‍നിന്നും താഴെവീണാണ് ദിവ്യ മരിച്ചത്. മരണത്തിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണ്.

10. മധുബാല

ബോളിവുഡ് കീഴടക്കിയ താരസുന്ദരിയാണ് മധുബാല. മധുബാലയുടെ സൗന്ദര്യത്തിന് പകരം വെയ്ക്കാന്‍ ഇപ്പോഴും ഒരു നടിയുണ്ടായിട്ടില്ല. ഹൃദയത്തില്‍ ദ്വാരത്തോടെയായിരുന്നു ജനനം. പക്ഷേ വേദനകളെ ഉള്ളിലൊതുക്കി മധുബാല പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ബോളിവുഡിലെ മര്‍ലിന്‍ മണ്‍റോ എന്നറിയപ്പെട്ട മധുബാല 36-ാം വയസിലാണ് വിടപറഞ്ഞത്.

11. സൗന്ദര്യ

തെന്നിന്ത്യന്‍ ചലച്ചിത്രതാരമായി പ്രശസ്തി നേടിയ താരമാണ് സൗന്ദര്യ. നിരവധി കന്നട, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച സൗന്ദര്യ അനുപമമായ സൗന്ദര്യത്തിന്റെ കൂടി ഉടമയായിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന കുടുംബ ചിത്രത്തില്‍ ജ്യോതിയായി മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് സൗന്ദര്യ. തൊട്ടുപിന്നാലെ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രതില്‍ ആമിനയായി വീണ്ടും മലയാളിയുടെ മുന്നിലെത്തി. സൗന്ദര്യ നിര്‍മ്മിച്ച ദ്വീപ എന്ന കന്നട ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. പവിത്രബന്ധം എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. 2004ലെ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണത്തിനിടെ വിമാനാപകടത്തില്‍ കൊല്ലപ്പെടുമ്പോള്‍ 31 വയസായിരുന്നു സൗമ്യ സ്വാമിനാഥന്‍ എന്ന സൗന്ദര്യ രഘുവിന്റെ പ്രായം.

12. ജിയ ഖാന്‍

Jiah-Khan_12

നിശബ്ദ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. ബിഗ് ബി എന്ന ചിത്രത്തിലൂടെ അവസാനം. ഗജ്‌നിയിലും ഹൗസ് ഫുള്ളിലും അഭിനയിച്ചു. മോഡലും ഗായികയുമായിരുന്ന ജിയ ഖാന്‍ ബ്രിട്ടീഷ് അമേരിക്കന്‍ പൗരത്വത്തിന് ഉടമയായിരുന്നു. 2013 ജൂണ്‍ 3ന് 25-ാം വയസില്‍ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ചു. കാമുകന്‍ കൊന്നതാണെന്ന അമ്മയുടെ ആരോപണം സിബിഐ അന്വേഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here