ലോകകപ്പ് ട്വന്റി-20: യോഗ്യതാ മത്സരങ്ങളില്‍ സിംബാബ്‌വെയ്ക്കും അഫ്ഗാനിസ്താനും ജയം; സ്‌കോട്‌ലന്‍ഡിനും ഹോങ്കോങിനും തോല്‍വി

നാഗ്പൂര്‍: ലോകകപ്പ് ട്വന്റി – 20ക്ക് മുന്നോടിയായുള്ള ട്വന്റി – 20 മത്സരത്തില്‍ സിംബാബ്‌വെയ്ക്കും അഫ്ഗാനിസ്താനും വിജയം. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താന്‍ സ്‌കോട്‌ലന്‍ഡിനെയും സിംബാവ് വെ ഹോങ്കോങ്കിനെയും തോല്‍പ്പിച്ചു. 14 റണ്‍സിനായിരുന്നു അഫ്ഗാനിസ്താന്റെയും സിംബാബ്‌വെയുടെയും വിജയം.

നാഗ്പൂരില്‍ നടന്ന ആദ്യ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ടോസ് നേടിയ ഹോങ്കോങ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അര്‍ദ്ധസെഞ്ചറി നേടിയ വുസി സിബന്ദയുടെയും പുറത്താകാതെ 30റണ്‍സ് നേടിയ എല്‍ട്ടണ്‍ ചിഗുംബുറയുടെയും ബാറ്റിംഗാണ് സിംബാബ്‌വെയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മാല്‍ക്കം വാലര്‍ 26ഉം ഓപ്പണര്‍ ഹാമില്‍ട്ടണ്‍ മസകാഡ്‌സ 20റണ്‍സും നേടി. രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ സംപൂജ്യരായി പവലിയനിലേക്ക് മടങ്ങി. ഹോങ്കോംഗ് നിരയില്‍ തന്‍വീര്‍ അജ്മല്‍ രണ്ടും നദീം അഹ്മദ് ഒരുവിക്കറ്റും വീഴ്ത്തി.

159 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹോംങ്കോങിന്റെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്‍ ജാമി അറ്റ്കിന്‍സണ്‍ അര്‍ദ്ധസെഞ്ച്വറി നേടി. തന്‍വീര്‍ അഫ്‌സല്‍ പുറത്താകാതെ 31 റണ്‍സ് നേടി. മാന്യമായ പ്രകടനം കാഴ്ചവെച്ചെങ്കിലും ഹോങ്കോംഗിന് ജയം അന്യമായി. സിംബാബ്‌വെ നിരയില്‍ ഡൊണാള്‍ഡ് ടിരിപാണോ, ടെന്‍ഡേയ് ചതാര എന്നിവര്‍ രണ്ടും വെല്ലിംഗ്ടണ്‍ മസകാദ്‌സ, സികന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്താന്‍ 14 റണ്‍സിന് സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച സ്‌കോട്‌ലന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News