മുനീറിന് ഭീഷണിയായി കുറ്റിച്ചിറയിലെ ലീഗ് വിമതര്‍; അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും വാഗ്ദാനങ്ങളെല്ലാം ഫയലുകളിലുറങ്ങുന്നു; കോണ്‍ഗ്രസിനകത്ത് നിന്നും ശക്തമായ എതിര്‍പ്പ്

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായ എംകെ മുനീറിന് ഭീഷണിയായി കുറ്റിച്ചിറയിലെ മുസ്ലീംലീഗ് വിമതര്‍. മന്ത്രിയെന്ന നിലയിലും എംഎല്‍എയെന്ന നിലയിലും എംകെ മുനീര്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന കുറ്റിച്ചിറയെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് വലിയൊരു വിഭാഗം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന കുറ്റിച്ചിറയില്‍ നിന്ന് പരമ്പരാഗത മുസ്ലീംവോട്ടുകളില്‍ വ്യാപകമായ അടിയൊഴുക്ക് സംഭവിച്ചിരുന്നു.

ശക്തമായ പോരാട്ടം നടന്ന 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആയിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് എംകെ മുനീര്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും വിജയിച്ച് മന്ത്രിയായത്. ഇത്തവണയും കോഴിക്കോട് സൗത്തില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി എംകെ മുനീറിനെ പ്രഖ്യാപിച്ചെങ്കിലും മുസ്ലീംലീഗിന്റെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന കുറ്റിച്ചിറയില്‍ നിന്ന് നേതൃത്വത്തെ ഞെട്ടിച്ച് രംഗത്ത് വന്ന മുസ്ലീംലീഗ് വിമതര്‍ മുനീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ശക്തമായ ഭീഷണിയാവും. മുനീര്‍ മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ലെന്നാരോപിച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് മുസ്ലീംലീഗിന്റെ സജീവപ്രവര്‍ത്തകാരായിരുന്ന നൂറുകണക്കിന് പേര്‍ പാര്‍ട്ടി വിട്ടത്.

പ്രകടനപത്രികയില്‍ പറഞ്ഞ ഒരു കാര്യങ്ങളും മന്ത്രിയെന്ന രീതിയില്‍ മുനീര്‍ നടപ്പിലാക്കിയില്ലെന്ന് വിമതര്‍ പറയുന്നു. കുറ്റിച്ചിറയില്‍ കുടിവെള്ള പദ്ധതി, ജനസേവന കേന്ദ്രം, മുഖദാറില്‍ മിനി ഹാര്‍ബര്‍, നാല് ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്ക് കളിമൈതാനങ്ങള്‍ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഫയലുകളിലുറങ്ങുകയാണ്. നടത്തിയ ചെറിയ പദ്ധികളിലാകട്ടെ വ്യാപകമായ അഴിമതി നടന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

പശ്ചാത്തല വികസന പദ്ധതികളില്‍ അഴിമതി ആരോപണമുയര്‍ന്നതില്‍ ഘടകകക്ഷിയായ കോണ്‍ഗ്രസിനകത്ത് നിന്നും ശക്തമായ എതിര്‍പ്പ് മുനീറിനെതിരെ ഉയരുന്നുണ്ട്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിമതര്‍ ഇടഞ്ഞു നിന്നതിനാല്‍ നേരത്തെ മൃഗീയ ഭൂരിപക്ഷത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്ന കുറ്റിച്ചിറയുള്‍പ്പെടുന്ന നാല് കോര്‍പറേഷന്‍ വാര്‍ഡില്‍ ആയിരത്തിലേറെ വോട്ടുകള്‍ മുസ്ലീംലീഗിന് ചോര്‍ന്നിരുന്നു. തങ്ങള്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിഗണിക്കാതെ മുനീറിനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുറ്റിച്ചിറയിലെ മുസ്ലീംലീഗ് വിമതര്‍ മുനീറിനെ പരാജയപ്പെടുത്തുന്നതിനാവശ്യമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here