ശ്രീശ്രീ രവിശങ്കര്‍ 100 കോടി നല്‍കണമെന്ന് ഹരിത പാനലിന്റെ നിര്‍ദ്ദേശം; പരിപാടിയില്‍ നിന്ന് മോദിയും പിന്‍മാറുമെന്ന് സൂചന; പാലം നിര്‍മാണത്തിന് കരസേനയെ ഉപയോഗിച്ചത് എന്തിനെന്ന് സീതാറാം യെച്ചൂരി

ദില്ലി: ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോക സാംസ്‌ക്കാരിക സമ്മേളനത്തെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. പരിപാടിയുടെ വേദി നിര്‍മാണത്തിന് യമുന നദി നികുത്താന്‍ ആരാണ് അനുമതി നല്‍കിയതെന്ന് പ്രതിപക്ഷം ചോദിച്ചു. ചട്ടങ്ങള്‍ ലംഘിച്ചാണ് അനുമതി നല്‍കിയതെന്ന് ശരത് യാദവ് സഭയില്‍ പറഞ്ഞു. സ്വകാര്യപരിപാടിയുടെ പാലം നിര്‍മാണത്തിന് കരസേനയെ എന്തിന് ഉപയോഗിച്ചെന്ന് വിശദീകരിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ലോക സാംസ്‌ക്കാരിക സമ്മേളനത്തിന് വേണ്ടി യമുനാ നദിയുടെ തീരത്ത് നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കണ്ടെത്തിയിരുന്നു. യമുനതീരം പൂര്‍വസ്ഥിതിയിലാക്കാന്‍ ഏകദേശം 100-120 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നും ഇത് ശ്രീ ശ്രീ രവിശങ്കറില്‍ നിന്ന് ഈടാക്കാനും കോടതി നിയോഗിച്ച പ്രത്യേക ഹരിത പാനലിലെ അംഗം സിആര്‍ ബാബു നിര്‍ദ്ദേശിച്ചു. യമുനയുടെ തീരത്തെ ചതുപ്പ് പ്രദേശങ്ങള്‍, സസ്യജാലം എന്നിവ വേദി നിര്‍മാണത്തില്‍ നശിപ്പിക്കപ്പെട്ടെന്നും പാനല്‍ നിരീക്ഷിച്ചു.

അതേസമയം, സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ലെന്നും സൂചനയുണ്ട്. പ്രദേശം സുരക്ഷിതമല്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ഗുജറാത്തിലേക്ക് ഭീകരര്‍ പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേളയ്ക്ക് കനത്ത സുരക്ഷ ഒരുക്കാന്‍ ദില്ലി പൊലീസിനോട് കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം നിര്‍ദേശിച്ചു. നദി നികത്തിയുള്ള സമ്മേളനത്തിനെതിരെ പ്രദേശത്തെ കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനം തടഞ്ഞ കര്‍ഷകകുടുംബത്തിലെ മൂന്നുവിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി കൂടിയായ സല്‍മാന്‍, സുഹൃത്തുക്കളായ യമീന്‍, ശിവ എന്നിവരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് തീഹാര്‍ ജയിലില്‍ അടച്ചത്. പരിപാടി വിവാദമായതോടെയാണ് മോദിയും പിന്‍മാറുന്നതെന്നാണ് സൂചന. സമ്മേളനം വിവാദമായതോടെ പരിപാടിയില്‍ നിന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി നേരത്തെ പിന്‍മാറിയിരുന്നു.

സമ്മേളനത്തിന് വേണ്ടി യമുനാ തീരം രൂപമാറ്റം വരുത്തിയ സംഭവത്തില്‍ പരിസ്ഥിതി മന്ത്രാലയത്തെ ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശിച്ചിരുന്നു. തീരത്തിന് രൂപമാറ്റം വരുത്തുന്നതിനും നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലേയെന്ന് ട്രിബ്യൂണല്‍ മന്ത്രാലയത്തോട് ചോദിച്ചു. നദീസംരക്ഷണമാണ് മന്ത്രാലയത്തിന്റെ പ്രധാന ഉത്തരവാദിത്തമെന്നും ട്രിബ്യൂണല്‍ ജഡ്ജി ഓര്‍മിപ്പിച്ചു. ഇക്കാര്യം സംബന്ധിച്ച് ഇന്ന് വിശദീകരണം നല്‍കണമെന്നും ട്രിബ്യൂണല്‍ പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമ്മേളനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ നടപടി. കേസില്‍ വാദം ഇന്നും തുടരും.

പരിപാടിക്ക് വേണ്ടി സൈന്യത്തിന്റെ സഹായത്തോടെ പാലം നിര്‍മിക്കുന്നതിനെയും കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം പോലുള്ള സമയങ്ങളില്‍ മാത്രമാണ് താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ അനുമതി നല്‍കാറുള്ളതെന്ന് ദില്ലി സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിച്ചു.

പാലം നിര്‍മ്മാണം സൈന്യത്തെ ഏല്‍പ്പിച്ചത് പൊതുജനസുരക്ഷ മുന്‍നിര്‍ത്തിയാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സ്ഥലത്ത് തിക്കുംതിരക്കുമുണ്ടായി ദുരന്തത്തില്‍ കലാശിക്കാതിരിക്കാനാണ് മേല്‍പ്പാലങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതെന്നാണ് സര്‍ക്കാര്‍ ന്യായീകരണം. വിവാദമായതോടെ പരിപാടിയില്‍ നിന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി പിന്‍മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here