മോദിയുടെ തണലില്‍ വിജയ് മല്യ രാജ്യം വിട്ടു; കിട്ടാക്കടം തിരിച്ചുകിട്ടാനുള്ള ബാങ്കുകള്‍ ആകാശത്തു നക്ഷത്രമെണ്ണും; നാടുവിട്ടാലും രാജ്യത്ത് മല്യക്ക് ആസ്തിയുണ്ടെന്ന് മുകുള്‍ രോഹ്തഗി

ദില്ലി: മദ്യരാജാവ് വിജയ് മല്യ രാജ്യം വിട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സിബിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. വായ്പാകുടിശിക വരുത്തിയ വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു വിവിധ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം ഇക്കാര്യം വെളിപ്പെടുത്തിയത്.

മക്കളെ കാണാന്‍ ബ്രിട്ടനിലേക്കു പോകണമെന്നു വിജയ് മല്യ കുറച്ചു നാളുകള്‍ക്കു മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട പതിനേഴു ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സംയുക്തമായി സുപ്രീം കോടതിയെ സമീപിച്ചത്. കിംഗ് ഫിഷര്‍ വിമാനക്കമ്പനിക്കു നല്‍കിയ ഇനത്തിലാണ് വിവിധ ബാങ്കുകളില്‍ വിജയ് മല്യ ശതകോടികളുടെ വായ്പ തിരിച്ചടയ്ക്കാനുള്ളത്. കേസ് പരിഗണിക്കുമ്പോള്‍ വിജയ് മല്യയോട് നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെടണമെന്നും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മാര്‍ച്ച് രണ്ടിന് മല്യ നാടുവിട്ടതായാണ് സിബിഐയുടെ റിപ്പോര്‍ട്ട്.

തുടര്‍ന്നാണു വിജയ് മല്യ നാടു വിട്ടതായി സ്ഥിരീകരണം അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചത്. വിജയ്മല്യ തിരിച്ചടയ്ക്കാനുള്ളത് ഏഴായിരം കോടി രൂപയാണ്. മൂന്നു വര്‍ഷം മുമ്പാണ് ഇന്ത്യയിലെ രണ്ടാമത്ത വലിയ വിമാനക്കമ്പനിയായിരുന്ന കിംഗ് ഫിഷര്‍ നഷ്ടം മൂലം പ്രവര്‍ത്തനം നിര്‍ത്തിയത്. കിംഗ് ഫിഷറിന്റെ ആസ്തികള്‍ ലേലം ചെയ്യാന്‍ കഴിഞ്ഞദിവസം ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും നരേന്ദ്രമോദിയുടെയും മൗനസമ്മതത്തോടെയാണ് വിജയ് മല്യ രാജ്യം വിട്ടതെന്നാണ് സൂചന. നേരത്തേ, ലളിത് മോഡിയെയും കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ഇത്തരത്തില്‍ രാജ്യംവിടാന്‍ അനുവദിച്ചിരുന്നു.

വിജയ് മല്യ രാജ്യം വിട്ടാല്‍ കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് വിജയ് മല്യയുടെ സ്വത്തുവകകള്‍ കണ്ടെകെട്ടിയാല്‍ ബാങ്കുകള്‍ക്കു നല്‍കാനുള്ള തുകയുണ്ടാക്കാമെന്നായിരുന്നു രോഹ്തഗിയുടെ നിലപാട്. ഇതു കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണെന്നും മല്യ നാടുവിട്ടതിനു പിന്നില്‍ മോദിയുടെ സഹായവും മൗനസമ്മതവും ഉണ്ടെന്നാണ് ആക്ഷേപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here