കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രാജ്യസഭയില്‍ ഇടതുപക്ഷം; നയപ്രഖ്യാപനത്തില്‍ ജനകീയ വിഷയങ്ങള്‍ പരാമര്‍ശിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍; പ്രകോപിതരായി ഭരണപക്ഷം

ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ച് രാജ്യസഭയില്‍ പ്രതിപക്ഷം. സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി രാജയുമാണ് മോദി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ – മതവിദ്വേഷ നയങ്ങളെ കടന്നാക്രമിച്ചത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയിലായിരുന്നു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ആക്രമണം. സീതാറാം യെച്ചൂരിയുടെയും ഡി രാജയുടെയും വാക്കുകള്‍ പലപ്പോഴും ഭരണപക്ഷത്തെ പ്രകോപിതരാക്കി. ഈ ഘട്ടങ്ങളിലെല്ലാം മറ്റു പ്രതിപക്ഷപാര്‍ടികള്‍ ഇരുനേതാക്കളെയും പിന്തുണച്ചു.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയങ്ങളെക്കുറിച്ചും വിദ്വേഷപ്രചാരണങ്ങളെക്കുറിച്ചും നയപ്രഖ്യാപനപ്രസംഗത്തില്‍ പൂര്‍ണ നിശബ്ദത പാലിക്കുകയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നയപ്രഖ്യാപനത്തില്‍ പറയുന്ന സാമ്പത്തികനയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങളാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. വനിതാസംവരണ ബില്‍ പാസാക്കുമെന്ന ഉറപ്പ് മറുപടിയില്‍ പ്രധാനമന്ത്രി നല്‍കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ സര്‍ക്കാരിന് വലിയ ഭൂരിപക്ഷമുണ്ട്. രാജ്യസഭ പാസാക്കിയ ബില്ലായതിനാല്‍ ലോക്‌സഭയുടെ അംഗീകാരം കൂടി മതി. സര്‍ക്കാര്‍ മനസ്സുവച്ചാല്‍ ബില്‍ പാസാക്കാനാകും. പദ്ധതി തൊഴിലാളികളായും അങ്കണവാടി ജീവനക്കാരായും ആയിരക്കണക്കിന് സ്ത്രീകള്‍ രാജ്യത്ത് തൊഴിലെടുക്കുന്നുണ്ട്. ഇവരെ താല്‍ക്കാലിക ജീവനക്കാര്‍ മാത്രമായാണ് പരിഗണിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരായി ഇവരെ അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാകണം. ഈ രണ്ട് വിഷയത്തിലും പ്രധാനമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്നുവരുന്ന സംഭവ വികാസങ്ങളെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ പരാമര്‍ശമില്ലെന്നും യെച്ചൂരി വിമര്‍ശിച്ചു.

ജെഎന്‍യു, ഹൈദരാബാദ്, അലഹബാദ് സര്‍വകലാശാലകള്‍, ചെന്നൈ ഐഐടി, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ സംഭവങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാജ്യത്തെ നീറുന്ന പ്രശ്‌നങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടാത്തതില്‍ ഖേദമുണ്ട്. ഫാസിസം സ്ഥാപിക്കാന്‍ ഹിറ്റ്‌ലര്‍ ദേശീയതയെ ഉപയോഗപ്പെടുത്തിയതിന് സമാനമാണ് രാജ്യത്ത് ഇപ്പോഴുള്ള സാഹചര്യങ്ങള്‍. എന്റെ പക്ഷത്ത് അല്ലെങ്കില്‍ മറുപക്ഷത്ത് എന്നതാണ് സ്ഥിതി. മറുപക്ഷം എന്നാല്‍ ‘ദേശദ്രോഹികളു’ടെ പക്ഷമാണ്. രാഷ്ട്രപതി ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. ഇന്ത്യന്‍ റിപബ്‌ളിക്കിന്റെയും ഭരണഘടനയുടെയും മതേതര ജനാധിപത്യ ഘടന മാറ്റി ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്ര പരിണാമത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും യെച്ചൂരി പറഞ്ഞു.

നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പറയുന്നത് ഇക്കണോമിക്‌സല്ല, ജുമ്ലണോമിക്‌സാണ് (പാലിക്കാത്ത വാഗ്ദാനങ്ങളുടെ കണക്ക്). ബജറ്റില്‍ പ്രത്യക്ഷനികുതി കുറഞ്ഞപ്പോള്‍ പരോക്ഷനികുതി 20,000 കോടി വര്‍ധിച്ചു. കോര്‍പറേറ്റുകള്‍ക്ക് ഇളവുചെയ്ത തുകയ്ക്കുമേല്‍ 30 ശതമാനം നികുതി ചുമത്തിയിരുന്നെങ്കില്‍ ഒന്നേകാല്‍ലക്ഷം കോടി രൂപയോളം സര്‍ക്കാരിന് വരുമാനമുണ്ടായേനെ. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ അമേരിക്കയ്ക്ക് ഉറപ്പുനല്‍കി. മരുന്നുകളുടെ വില കുതിച്ചുകയറാന്‍ ഇതിടയാക്കും. ഒരുവശത്ത് സാധാരണ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുമ്പോള്‍ മറുവശത്ത് കോര്‍പറേറ്റുകള്‍ക്കും വിദേശകുത്തകകള്‍ക്കും സബ്‌സിഡികള്‍ അനുവദിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത് എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News