വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട സന്ധ്യയെ കൊല്ലുകയായിരുന്നു; ലോറിക്കടിയില്‍ യുവതിയെ കൊന്നുതള്ളിയ അന്‍വറിന്റെ മൊഴി ഞെട്ടിപ്പിക്കുന്നത്; ക്രൂരത രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവില്‍

കൊച്ചി: കൊച്ചി ബി.ഒ.ടി പാലത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബസ് കണ്ടക്ടര്‍ പിടിയില്‍. കാക്കനാട് പാട്ടുപുരയ്ക്കല്‍ പരപ്പേല്‍ അന്‍വര്‍ അഷറഫിനെയാണ് (27) കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്.

ഫോര്‍ട്ട്‌കൊച്ചി അമരാവതി അജിത്തിന്റെ ഭാര്യ സന്ധ്യയെ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തോപ്പുംപടിയില്‍ തുറമുഖ ട്രസ്റ്റിലേക്കുള്ള ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചേര്‍ത്തലയിലെ റിലയന്‍സ് ഇന്‍ഫോടെക്കില്‍ അസി. ഫിനാന്‍സ് മാനേജരായ സന്ധ്യ നേരത്തെ പാലാരിവട്ടത്തു ജോലി ചെയ്യുമ്പോഴാണ് അന്‍വറുമായി പരിചയത്തിലാവുന്നത്. കാക്കനാട് റൂട്ടില്‍ അന്‍വര്‍ ജോലി ചെയ്യുന്ന സ്വകാര്യ ബസിലാണ് സന്ധ്യ സ്ഥിരമായി യാത്ര ചെയ്തിരുന്നത്. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. രണ്ടരവര്‍ഷമായി ഇവര്‍ അടുപ്പത്തിലായിരുന്നു. സംഭവദിവസം രാവിലെ സന്ധ്യയെ കാണണമെന്ന് അന്‍വര്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. വൈകിട്ട് ജോലികഴിഞ്ഞ് തിരികെ വിളിക്കാനെത്താന്‍ സന്ധ്യ നിര്‍ദേശിച്ചതനുസരിച്ച് സുഹൃത്തിന്റെ കാറുമായി അന്‍വര്‍ ചേര്‍ത്തലയിലെത്തി. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സന്ധ്യ നിരന്തരം ശല്യപ്പെടുത്തിയതോടെ കൊലപാതകം നടത്താനുദേശിച്ചായിരുന്ന അന്‍വര്‍ സന്ധ്യയെ വിളിച്ചതെന്ന് പൊലീസ് പറയുന്നു.

കാറില്‍ വരുന്നതിനിടെ കുണ്ടന്നുര്‍ ഭാഗത്തുവച്ച് വിവാഹം കഴിക്കണമെന്ന് അന്‍വറിനോട് സന്ധ്യ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഒരുമിച്ചു മരിക്കാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സന്ധ്യ ജീവിച്ചിരുന്നാല്‍ തന്റെ കുടുംബജീവിതം തകരുമെന്നു ബോധ്യമായതോടെ കൊലപ്പെടുത്താന്‍ തന്നെ അന്‍വര്‍ തീരുമാനിക്കുകയായിരുന്നു. രാത്രി ഒമ്പതുമണിയോടെ ഇവര്‍ ബി.ഒ.ടി. പാലത്തിനടുത്തെത്തി. കാര്‍ പാലത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയിലേക്കു കയറ്റിയിട്ടു.

നേരം വൈകിയെന്നും വീട്ടില്‍പോകണമെന്നും സന്ധ്യ ആവശ്യപ്പെട്ടെങ്കിലും അന്‍വര്‍ അനുവദിച്ചില്ല. തുടര്‍ന്ന്, സന്ധ്യയുടെ ഷാള്‍കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സന്ധ്യ മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷം മൃതദേഹം പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ടയറിനടിയിലേക്കു തള്ളിവച്ചു. ലോറി മുന്നോട്ടെടുക്കുമ്പോള്‍ ടയര്‍ കയറി അപകടമാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഇതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവശേഷം സന്ധ്യയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഷാളും കാറില്‍ എടുത്തുവച്ച് അന്‍വര്‍ രക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News