കശ്മീരിലെ യുവതികളെ സൈന്യം ബലാത്സംഗം ചെയ്യുകയാണെന്ന് കനയ്യ കുമാര്‍; പ്രസ്താവന രാജ്യവിരുദ്ധമാണെന്ന് ആരോപിച്ച് യുവമോര്‍ച്ചയുടെ പരാതി; നിവേദിത മേനോനെതിരെയും പരാതി

ദില്ലി: വീണ്ടും രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ ബിജെപി യുവജനവിഭാഗത്തിന്റെ പരാതി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ജെഎന്‍യു ക്യാമ്പസില്‍ കനയ്യ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഭാരതിയ ജനത യുവമോര്‍ച്ച രംഗത്തെത്തിയിരിക്കുന്നത്.

കശ്മീരിലെ യുവതികളെ ഇന്ത്യന്‍ സൈന്യം ബലാല്‍സംഗം ചെയ്യുകയാണെന്ന പ്രസ്താവനക്കെതിരെയാണ് യുവമോര്‍ച്ച പരാതി നല്‍കിയത്. കശ്മീരിലെ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരേയും കനയ്യ കുമാര്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

‘എത്ര തടയാന്‍ ശ്രമിച്ചാലും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഞങ്ങള്‍ വീണ്ടും പ്രതികരിക്കും. അഫ്‌സ്പ നിയമത്തിനെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തും. ഇന്ത്യന്‍ സൈന്യത്തോട് ആദരവുണ്ടെങ്കിലും കാശ്മീരില്‍ സ്ത്രീകള്‍ സൈനികരാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട് എന്ന വസ്തുതയെക്കുറിച്ച് സംസാരിക്കുമെന്നും കനയ്യ കുമാര്‍ പറഞ്ഞു.

‘യുദ്ധസമയത്ത് റ്വാണ്ടയില്‍ 1000 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ആഫ്രിക്കയില്‍ വംശീയ സംഘര്‍ഷ സമയത്ത് സൈന്യം എതിര്‍ സംഘത്തെ ആക്രമിക്കുകയും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഗുജറാത്ത് ഒരു ഉദാഹരണമായെടുക്കാം. കലാപത്തില്‍ സ്ത്രീകള്‍ കൊല്ലപ്പെടുക മാത്രമല്ല, അതിനു മുമ്പ് അവര്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു’- കനയ്യ കുമാര്‍ പറഞ്ഞു.

കനയ്യ കുമാറിന്റെ പരാമര്‍ശം ദേശവിരുദ്ധമാണെന്ന് വസന്ത് വിഹാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവമോര്‍ച്ച പറയുന്നു. കനയ്യ കോടതി നിര്‍ദ്ദേശങ്ങളും ജാമ്യ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും അവര്‍ ആരോപിക്കുന്നു. ജെഎന്‍യു അധ്യാപകി നിവേദിത മേനോന്റെ പ്രസ്താവനക്കെതിരെയും യുവമോര്‍ച്ച പരാതി നല്‍കിയിട്ടുണ്ട്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും അനധികൃതമായി കൈയേറിയതാണ് കാശ്മീരെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നുമാണ് നിവേദിത മേനോന്‍ പറഞ്ഞത്. ഫെബ്രുവരി 22ന് നടന്ന പരിപാടിയിലാണ് നിവേദിത ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel