കൈരളി പീപ്പിള്‍ ഡോക്ടഴേസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഡോ. പിഎ ലളിത, ഡോ. ഷാഹിര്‍ഷാ, ഡോ. വൈഎസ് മോഹന്‍കുമാര്‍ എന്നിവര്‍ക്ക് പുരസ്‌കാരം

തിരുവനന്തപുരം: ആതുരശുശ്രൂഷാ രംഗത്തെ മികച്ച പ്രതിഭകളെ ആദരിക്കാന്‍ കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ ഡോക്ടേഴ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍നിന്നും ഡോ. ഷാഹിര്‍ഷാ, സന്നദ്ധസേവന മേഖലയില്‍നിന്ന് ഡോ. വൈഎസ് മോഹന്‍കുമാര്‍, സ്വകാര്യ മേഖലയില്‍നിന്ന് ഡോ. പിഎ ലളിത എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

ആതുരശുശ്രൂഷാ രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്താന്‍ കൈരളി പീപ്പിള്‍ ടിവി ഇത് രണ്ടാം തവണയാണ് ഡോക്ടേസ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. കേരള സര്‍വകലാശാല മുന്‍ വിസിയും ന്യൂറോ സര്‍ജനുമായ ഡോക്ടര്‍ ഡോ. ബി ഇക്ബാല്‍, ജനകീയ ആരോഗ്യപ്രവര്‍ത്തകന്‍ ഡോ. വി രാമന്‍കുട്ടി, സൈക്കോളജിസ്റ്റ് ടി.പാര്‍വതി എന്നിവരടങ്ങിയ വിധി നിര്‍ണയ സമിതി ജനകീയ നാമനിര്‍ദേശത്തിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.

ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ എല്ലാ പരിമിതികളോടും പടവെട്ടി അത്യന്താധുനിക സേവനങ്ങള്‍ ഗ്രാമീണമേഖലയിലെ ആരോഗ്യരംഗത്ത് ലഭ്യമാക്കിയതാണ് ഡോ. ഷാഹിര്‍ഷായെ അവാര്‍ഡിനര്‍ഹനാക്കിയത്. പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടാണ് ഡോ.ഷാഹിര്‍ഷാ. വന്‍കിട ആശുപത്രികളില്‍ മാത്രം കണ്ടുവരുന്ന വേദനരഹിത സാധാരണ പ്രസവം ആദ്യമായി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടപ്പാക്കുന്നത് പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ്. അത്യന്താധുനിക ലേബര്‍ സ്യൂട്ട്, ഡയാലിസിസ് യൂണിറ്റ്, കാന്‍സര്‍കെയര്‍പദ്ധതി, ഓക്‌സിജന്‍ യൂണിറ്റ് എന്നിവയെല്ലാം ഡോ.ഷാഹിര്‍ഷായാണ് ഇവിടെ നടപ്പാക്കിയത്.

എന്‍ഡോസള്‍ഫാനെന്ന മാരക കീടനാശിനിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിക്കുകയും അവരുടെ അതിജീവനത്തിന്റെ പാതയില്‍ ഊര്‍ജം പകരുകയും ചെയ്ത ആതുരശുശ്രൂഷകനാണ് ഡോ. വൈ എസ് മോഹന്‍കുമാര്‍. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് വഴിവിളക്കായത് ഡോക്ടര്‍ മോഹന്‍കുമാറിന്റെ ഇടപെടലുകളായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രിയ ഡോക്ടറാണ് ഡോക്ടര്‍ വൈഎസ് മോഹന്‍കുമാര്‍.

ചികില്‍സാ വൈദഗ്ധ്യവും ഭരണപാടവവും ഒത്തുചേര്‍ന്ന ബഹുമുഖ പ്രതിഭയാണ് കോഴിക്കോട്ടെ മലബാര്‍ പോസ്പിറ്റല്‍സ് എംഡി ഡോ. പി എ ലളിത. സന്നദ്ധസേവനരംഗത്തും സാംസ്‌കാരിക രംഗത്തും കോഴിക്കോട്ടെ നിറസാന്നിധ്യം കൂടിയാണ് ഡോക്ടര്‍ ലളിത.

മാര്‍ച്ച് 15ന് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് മലയാളത്തിന്റെ മഹാനടനും മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ മമ്മൂട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News