മദ്യരാജാവ് വിജയ് മല്യയെ രാജ്യം വിടാന്‍ സഹായിച്ചതില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; യുപിഎ സര്‍ക്കാരിന്റെ കാലത്താണ് മല്യയ്ക്ക് വായ്പ നല്‍കിയതെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി: 9000 കോടിയോളം രൂപ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ രാജ്യം വിട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം. വിജയ് മല്യക്ക് രാജ്യം വിടാനുള്ള സാഹചര്യം ഇത് വഴിയാണ് ഉണ്ടായതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

യുപിഎ സര്‍ക്കാരിന്റെ കാലത്താണ് മല്യയ്ക്ക് വായ്പ നല്‍കിയതെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസ് മറക്കരുതെന്നും ജെയ്റ്റ്‌ലി ഓര്‍മ്മിപ്പിച്ചു. ലോക്‌സഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സിബിഐ നടപടി നേരിടുന്ന സാഹചര്യത്തിലും വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് പിടിച്ച് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

വിജയ് മല്യയെ രാജ്യത്ത് തിരികെയെത്തിക്കുമെന്നും രാജ്യത്തെ പണവുമായി കടന്നുകളയുന്ന ആരെയും വെറുതെ വിടില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്്‌വി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം എംപി എം.ബി രാജേഷും കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ആര്‍ജെഡി എംപി പപ്പു യാദവും നോട്ടീസ് നല്‍കിയിരുന്നു.

പല ബാങ്കുകളില്‍ നിന്നാണ് വിജയ് മല്യ 9000 കോടിയിലധികം രൂപ വായ്പയെടുത്തത്. മല്യയെ തിരികെയെത്തിക്കാനുളള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഇന്നലെ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

9000 കോടി രൂപയുടെ ബാധ്യത വരുത്തിവച്ച മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എസ്ബിഐ അടക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel