വിശ്വാസങ്ങളെ ഹൈജാക്ക് ചെയ്യാന്‍ സംഘപരിവാര്‍ ശ്രമമെന്നു പിണറായി വിജയന്‍; കുട്ടികളെ ആരാധനാലയങ്ങളില്‍ കുറുവടി പരിശീലിപ്പിക്കുന്നതും ദുരുപയോഗിക്കുന്നതും ജാഗ്രതയോടെ കാണണം

തിരുവനന്തപുരം: വിശ്വാസങ്ങളെ ഹൈജാക്ക് ചെയ്യാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഹിന്ദു പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു പിണറായി. ക്ഷേത്രത്തിലേക്കു കുട്ടികള്‍ പോകുന്നു. ക്ഷേത്രത്തിലേക്കു പോകുന്ന കുട്ടികള്‍ പ്രാര്‍ഥനയ്ക്കായി ചെല്ലുമ്പോള്‍ മാറ്റി നിര്‍ത്തി കുറുവടി പരിശീലനം നല്‍കാന്‍ തയാറാകുന്ന ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ, കുട്ടികളെ ദുരുപയോഗിക്കുന്നുണ്ടോ എന്നു മാതാപിതാക്കള്‍ തന്നെ കണ്ണു വയ്‌ക്കേണ്ട കാര്യമാണ്. – പിണറായി പറഞ്ഞു.

ലോകത്തുള്ള സകലര്‍ക്കും സുഖമുണ്ടാകട്ടെ എന്നാണ് ഇന്ത്യ പഠിപ്പിച്ചത്. ഇന്നു വെറുപ്പിന്റെ ചിന്തകളാണ് ഇന്ത്യ പഠിപ്പിക്കുന്നത്. ശത്രുതയുടെ ചിന്തകൊണ്ട് പകരം വയ്ക്കാനാണ് ചില ഭാഗങ്ങളില്‍നിന്നു ശ്രമം നടക്കുന്നത്. ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ധബോല്‍കര്‍ എന്നിവരെ വധിക്കുന്ന ദുഷിച്ച ചിന്തയിലേക്കു സംഘപരിവാര്‍ എത്തിച്ചേര്‍ന്നു. മനസുകളുടെ ഒരുമ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആത്മീയതയെ വ്യാജ ആത്മീയത കീഴടക്കുന്നതാണ് കാണാന്‍ കഴിയുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ രാമഭക്തനായിരുന്നു മഹാത്മാഗാന്ധി. ഹേ റാം എന്നായിരുന്നു ഗാന്ധിജി ജപിച്ചുകൊണ്ടിരുന്നത്. ആ ഗാന്ധിജിയെ ആണ് റാം എന്നു പേരുള്ള ഒരാള്‍ വെടിവച്ചു കൊന്നത്. ഗാന്ധിജിയെ നയിച്ചത് ആത്മീയതയായിരുന്നു. ഗാന്ധിജിയെ കൊന്നവരുടേത് വ്യാജ ആത്മീയതയായിരുന്നു.

നവോഥാന ചിന്തകളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇന്നു നടക്കുന്നുണ്ട്.നവോഥാന മൂല്യങ്ങളെ തിരുത്തി പഴയ ഇരുണ്ട കാലത്തെ അനാചാരങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ജാഗ്രത പാലിക്കാന്‍ നമുക്കെല്ലാവര്‍ക്കും കഴിയണം. ഏതെങ്കിലും ഒരു മതം തങ്ങളുടെ ആധിപത്യം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ സംഭവിക്കാന്‍ പോകുന്നത് ഇന്ത്യ എന്ന രാജ്യം ബാക്കിയുണ്ടാകില്ല എന്നതാണ്. സാമ്രാജ്യത്വ ശക്തികള്‍ പരാജയപ്പെട്ടിടത്തു വര്‍ഗീയ-വിധ്വംസക ശക്തികള്‍ വിജയിച്ചുകൂടാ. സാമൂദായിക ഐക്യം തകര്‍ന്നു കൂടാ. വൈവിധ്യത്തില്‍ ഊന്നല്‍ നല്‍കാനാണ് വിവേകാനന്ദന്‍ ശ്രമിച്ചത്. ഒരു പുതിയ ഇന്ത്യ ഉണര്‍ന്നു വരട്ടെ എന്നാണ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്. കര്‍ഷകര്‍ക്കുള്ളില്‍നിന്ന്, ചെരുപ്പുകുത്തുകളില്‍നിന്ന്, മത്സ്യത്തൊഴിലാളികളുടെയൊക്കെ കുടിലുകളില്‍നിന്നാണ് ആ പുതിയ ഇന്ത്യ ഉയര്‍ന്നു വരേണ്ടതെന്നാണ് അദ്ദേഹം ഉത്‌ബോധിപ്പിച്ചത്. താഴ്ന്ന വിഭാഗക്കാര്‍ ബ്രാഹ്മണരോ പുരോഹിതരോ ആകാതെ തന്നെ സമൂഹത്തില്‍ ഉയര്‍ന്നു വരണമെന്നാണ് അര്‍ഥം.

വിവേകാനന്ദന്റെ ഉത്‌ബോധനങ്ങള്‍ സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ് ജെഎന്‍യുവിലെ കനയ്യകുമാറിലും എച്ച്‌സിയുവിലെ രോഹിത് വെമുലയിലും കാണാന്‍ കഴിയുന്നത്. പുതിയ ഉണര്‍ന്നുവരവ് രാജ്യത്താകമാനം ഉണ്ടാകുന്നു. ഇതു തകര്‍ക്കാനാണ് സംഘപരിവാര്‍ നേതൃത്വം നല്‍കുന്നത്. കാലത്തിന്റെ കുത്തൊഴുക്കില്‍ അതെല്ലാം ഒലിച്ചുപോവുകതന്നെ ചെയ്യും. സ്വാമി വിവേകാനന്ദനെ അനുസരിക്കാന്‍ സംഘപരിവാറിനോ ബിജെപിക്കോ മോദി സര്‍ക്കാരിനോ കഴിയുമോ? കഴിയുമായിരുന്നെങ്കില്‍ രോഹിത് വെമുലയോട് ഇതായിരുന്നോ ചെയ്യുക. കനയ്യയോട് ഇതാണോ ചെയ്യുക.

ആര്‍എസ്എസ് സംവരണത്തിന് എതിരാണ്. സംവരണത്തോട് അവര്‍ക്ക് യോജിപ്പില്ല. സംവരണം എങ്ങനെയാണ് ഇല്ലാതാക്കപ്പെടുന്നത് എന്നാണ് നാം കാണേണ്ടത്. ഈ നിലപാടിനെയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ കേരളത്തില്‍ പിന്തുയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായുള്ള ദേശീയ പണിമുടക്കില്‍നിന്ന് ഐഎന്‍ടിയുസി പിന്‍മാറിയതു കേരളത്തില്‍ കോണ്‍ഗ്രസ് – ബിജെപി അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. രണ്ടു സീറ്റിനും നാലു സീറ്റിനും വേണ്ടിയാണ് ഇരുവരും കൈകോര്‍ക്കുന്നതെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News