കലാഭവന്‍ മണിയെന്ന അച്ഛന്റെ ഓര്‍മകളുമായി ശ്രീലക്ഷ്മി പരീക്ഷയെഴുതി; കണ്ണീര്‍ തുടയ്ക്കാതെ പരീക്ഷാഹാളിലും കനലായി ശ്രീലക്ഷ്മി

ചാലക്കുടി: അച്ഛന്റെ കണ്ണീര്‍ പടര്‍ന്ന ഓര്‍മകളുമായാണ് ശ്രീലക്ഷ്മി പരീക്ഷാഹാളിലെത്തിയത്. പ്രിയനടനെ മലയാളിക്ക് നഷ്ടമായപ്പോള്‍ ശ്രീലക്ഷ്മിക്കു ഓര്‍മയായത് സ്വന്തം അച്ഛനെയായിരുന്നു. ആകസ്മികമായുണ്ടായ അച്ഛന്റെ മരണത്തിന്റെ മൂന്നാം നാളില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാനാണ് ശ്രീലക്ഷ്മി പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതന്‍ സീനിയര് സെക്കന്‍ഡറി സ്‌കൂളിലെത്തിയത്. അച്ഛന്‍ ഒപ്പമില്ലെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ കണ്ണീരോടെയാണ് മകള്‍ പരീക്ഷയെഴുതിയത്.

കണ്ണീരോടെയാണ് ഓരോ വരിയും ശ്രീലക്ഷ്മിയെഴുതിയതെന്നു കൂട്ടുകാരും അധ്യാപകരും പറയുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയതും ശ്രീലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു. കൂട്ടുകാരികള്‍ ശ്രീലക്ഷ്മിയെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു. സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി.

പല പരിപാടികളിലും മണിക്കൊപ്പം ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. ചില കാസറ്റുകളില്‍ പാടിയിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മണിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം തിയേറ്റര്‍ നിറഞ്ഞോടുമ്പോഴാണ് മകള്‍ പിറന്നത്. ഇതിന്റെ ഓര്‍മയിലാണ് ശ്രീലക്ഷ്മി എന്നു പേരിട്ടത്. ഇന്നലെ ഹിന്ദി പരീക്ഷ കഴിഞ്ഞ് ഇന്നു ശ്രീലക്ഷ്മിക്കു സോഷ്യല്‍സ്റ്റഡീസാണ് പരീക്ഷാവിഷയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here