ഉദ്ഘാടനം നടത്തി ഓടിനടന്ന മുഖ്യമന്ത്രി പാലാരിവട്ടം പൈപ്പ്‌ലൈന്‍ ഫ്‌ളൈഓവര്‍ മറന്നോ? കൊച്ചിയുടെ തിരക്കുകുറയ്ക്കുന്ന ഫ്‌ളൈഓവര്‍ പണി നിലച്ചിട്ടു മാസങ്ങള്‍; ബില്ലുകള്‍ മാറിയില്ല

കൊച്ചി: കേരളത്തിലെ ഏറ്റവും തിക്കുള്ള നാല്‍ക്കവലകളിലൊന്നായ പാലാരിവട്ടം പൈപ്പ്‌ലൈനിലെ ഫ്‌ളൈഓവര്‍ പണി മുടങ്ങി. ഫെബ്രുവരി 20ന് തുറന്നുകൊടുക്കാന്‍ ഉദ്ദേശിച്ച് 2014-ല്‍ തുടങ്ങിയ പണിയാണ് രണ്ടുമാസമായി മുടങ്ങിയത്. പൂര്‍ത്തിയാകാത്ത വിമാനത്താവളവും തട്ടിപ്പുകമ്പനികളുമായി സ്മാര്‍ട്‌സിറ്റിയും ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വാക്കുപാലിക്കാന്‍ പൂര്‍ത്തിയാകാത്ത മേല്‍പാലം ഉദ്ഘാടനം ചെയ്തില്ലല്ലോ എന്നാണു നാട്ടുകാര്‍ പറയുന്നത്. കൊച്ചി നഗരത്തിലെ തിരക്കും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതില്‍ പോലും നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്നതാണ് പാലാരിവട്ടം പൈപ്പ്‌ലൈനിലെ ഫ്‌ളൈ ഓവര്‍.

സര്‍ക്കാരിന്റെ സ്പീഡ് പദ്ധതിയില്‍പെടുത്തിയാണ് ഫ്‌ളൈ ഓവര്‍ നിര്‍മാണം ആരംഭിച്ചത്. സര്‍ക്കാരിന്റെ അലംഭാവമാണ് പണി മുടങ്ങാന്‍ കാരണം. കരാറുകാരന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പാലം പണി മുടങ്ങാന്‍ കാരണമെന്നാണ് പിഡബ്ല്യൂഡി പറയുന്നത്. എന്നാല്‍ ഇതു തെറ്റാണെന്നും സര്‍ക്കാര്‍ സമയത്തു ബില്ലുകള്‍ മാറിത്തരാത്തതാണ് നിര്‍മാണം നിലയ്ക്കാന്‍ കാരണമെന്നും നിര്‍മാണച്ചുമതലയുള്ള ആര്‍ഡിഎസ് കണ്‍സ്ട്രക്ഷന്‍സ് അധികാരികള്‍ പറഞ്ഞു. അമ്പതു ലക്ഷം രൂപയാണ് ഇവര്‍ക്കു സര്‍ക്കാര്‍ ഇതുവരെ കുടിശിക വരുത്തിയിരിക്കുന്നത്.

ഏപ്രില്‍ ഇരുപതോടെ പാലം പണി പൂര്‍ത്തിയാകുമെന്നാണ് ഇപ്പോള്‍ പിഡബ്ല്യൂഡി പറയുന്നത്. 72.6 കോടി ചെലവിട്ടാണ് പാലം നിര്‍മിക്കുന്നത്. 620 മീറ്ററാണ് നീളം. പാലം പണി നടക്കുന്നതിനാലും തിരക്കേറിയ ദേശീയ പാത ബൈപ്പാസ് അയതിനാലും പകല്‍ സമയങ്ങളില്‍ ഇവിടെ കിലോമീറ്ററുകളാണ് ഗതാഗതക്കുരുക്ക്. വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈ ഓവറുകള്‍ കൂടി പൂര്‍ത്തിയായാലേ കൊച്ചിയിലെ ഗതാഗതക്കുരുക്കു കുറയ്ക്കാനാവൂ. പാലാരിവട്ടം ഫ്‌ളൈ ഓവര്‍ പാതി വഴിയില്‍ നിലച്ചിട്ടും കുണ്ടന്നൂരിലും വൈറ്റിലയിലും പാലത്തിന് ശിലയിടാന്‍ മുഖ്യമന്ത്രി മറന്നില്ലെന്നതും ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here