കുവൈത്ത് സിറ്റി: എണ്ണവിലിയിലെ ഇടിവിനെത്തുടര്‍ന്നു ഗള്‍ഫ് നാടുകളില്‍ രൂപപ്പെട്ട പ്രതിസന്ധി കൂടുതല്‍ ശക്തമാകുന്നു. കുവൈത്തില്‍നിന്നു രണ്ടു ലക്ഷം മലയാളികളെ വരും ദിവസങ്ങളില്‍ മടക്കി അയക്കും. നാലു വര്‍ഷത്തിനുള്ളില്‍ കുവൈത്തില്‍ ജോലി നേടിയവരെയാണ് മടക്കുന്നത്. കുവൈത്തിലുള്ള 6.8 ലക്ഷം ഇന്ത്യക്കാരില്‍ നാലരലക്ഷവും മലയാളികളാണ്. മൂന്നു ലക്ഷത്തോളം ഈജിപ്തുകാരെയും പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. 33 ലക്ഷം ജനസംഖ്യയുള്ള കുവൈത്തില്‍ മൂന്നില്‍ രണ്ടു ഭാഗം പ്രവാസികളാണ്.

ജോലി, ചെലവു വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് വിദേശിത്തൊഴിലാളികളെ തിരിച്ചയയ്ക്കാന്‍ കൂവൈത്ത് തീരുമാനിച്ചത്. എണ്ണ ഉല്‍പാദനം, മെഡിക്കല്‍, എന്‍ജിനീയറിംഗ് മേഖലകളില്‍ വെട്ടിച്ചുരുക്കലുണ്ടാകില്ല. അതേസമയം, നിര്‍മാണമേഖലയില്‍ വന്‍തോതില്‍ പിരിച്ചുവിടലുണ്ടാകും. സാമ്പത്തിക പ്രതിസന്ധിയും ജനസംഖ്യപരമായ അസന്തുലിതാവസ്ഥയുമാണ് ഇപ്പോഴത്തെ തീരുമാനത്തിനു പിന്നില്‍. സൂപ്പര്‍ മാര്‍ക്കറ്റുകൡലും, കഫെറ്റീരിയകളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരെയാണ് തീരുമാനം നേരിട്ടു ബാധിക്കുക. പിരിച്ചുവിടപ്പെടുന്നവരില്‍ ഭൂരിഭാഗവും നാമമാത്ര വേതനം മാത്രം പറ്റുന്നവരാണ്.

കുവൈത്തില്‍ ഇനി വിദേശികള്‍ക്കു പുതിയ നിയമനങ്ങള്‍ നല്‍കില്ല. കുവൈത്തിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ ഭൂരിഭാഗവും മലയാളികളാണ്. അധ്യാപകരെയും പിരിച്ചുവിടുന്നുണ്ട്. മെഡിക്കല്‍ രംഗത്തു ഡോക്ടര്‍മാരെ മാത്രമായിരിക്കും ഇന്ത്യയില്‍നിന്ന് ഇനി നിയമിക്കുക. നഴ്‌സുമാരുടെ നിയന്ത്രണത്തിനും നിയന്ത്രണമുണ്ട്. സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, യുഎഇ രാജ്യങ്ങൡും വിദേശിത്തൊഴിലാളികളെ വരും നാളുകളില്‍ വ്യാപകമായി പിരിച്ചുവിടാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.