നെല്ലിയമ്പതി: പോബ്‌സ് ഗ്രൂപ്പില്‍നിന്ന് ഭൂനികുതി സ്വീകരിക്കാനുള്ള തീരുമാനം നിയമവിരുദ്ധമെന്ന് വിഎസ്; സര്‍ക്കാരിന്റെ കടുംവെട്ടിന് പിന്നില്‍ അഴിമതി

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണാ എസ്‌റ്റേറ്റിന്റെ ഭൂനികുതി പോബ്‌സ് ഗ്രൂപ്പില്‍ നിന്നും സ്വീകരിക്കാനുള്ള തീരുമാനം നിയമത്തിനും നീതിക്കും നിരക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി വിധിക്ക് വിപരീതവുമാണ്. പോബ്‌സ് ഗ്രൂപ്പില്‍ നിന്നും ഭൂനികുതി വാങ്ങാമെന്ന് ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല എന്നും വിഎസ് പറഞ്ഞു.

ഫെബ്രുവരി 25ലെ കാബിനറ്റാണ് ഈ വിവാദ തീരുമാനവും എടുത്തത്. കൊടിയ അഴിമതി നിറഞ്ഞ എഴുപതോളം തീരുമാനങ്ങളാണ് ഈ കാബിനറ്റില്‍ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. എഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെതിരെയുള്ള അപ്പീല്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍ നിലനില്‍ക്കുമ്പോഴാണ് ഭൂനികുതി വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം. സിംഗിള്‍ ബെഞ്ചിന്റെ വിധി വന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും കരുണാ എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം തെളിയിക്കുതിനുളള യാതൊരു രേഖയും സര്‍ക്കാരിന് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഇതൊന്നും പരിശോധിക്കാതെയാണ് ഇപ്പോള്‍ ഭൂനികുതി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതെന്നും വിഎസ് കുറ്റപ്പെടുത്തി.

ടൂറിസ്റ്റ് കേന്ദ്രമായ നെല്ലിയാമ്പതിയിലെ പൊന്നുംവില കിട്ടുന്ന 900 ഏക്കര്‍ ഭൂമിയാണ് നിയമവിരുദ്ധമായി പോബ്‌സ് ഗ്രൂപ്പിന് നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കോടികളുടെ അഴിമതിയാണ് തീരുമാനത്തിന് പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് എടുത്ത നിയമവിരുദ്ധമായ തീരുമാനം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കരുത് എന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here