മുംബൈ: പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെ ബലാത്സംഗ പരിധിയില്‍ പെടുത്താന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. വിദ്യാസമ്പന്നയായ യുവതി ആദ്യം ലൈംഗിക ബന്ധത്തിന് സമ്മതം മൂളുകയും ശേഷം ലൈംഗിക ചൂഷണത്തിന് ഇരയായെന്നും ആരോപിച്ചാല്‍ അത് പീഡനമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബലാത്സംഗ കേസില്‍ ആരോപണവിധേയനായ സോളാപൂര്‍ സ്വദേശിയായ യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ സ്വദേശിയായ 24കാരിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്ന് യുവാവ് ഹര്‍ജിയില്‍ പറയുന്നു. ബന്ധം തകര്‍ന്നപ്പോള്‍ യുവതി തനിക്കെതിരെ ഗുര്‍ഗാവുന്‍ പൊലീസ് സ്‌റ്റേഷനില്‍ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചനാക്കുറ്റവും തനിക്കെതിരെ ആരോപിച്ചിട്ടുണ്ടെന്നും യുവാവ് വ്യക്തമാക്കി. എന്നാല്‍ യുവതിയുടെ വാദം ഇങ്ങനെ: പ്രണയത്തിലായതിന് ശേഷം വിവാഹം കഴിക്കാതെതന്നെ യുവാവ് തന്നെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു. ഗര്‍ഭിണിയായപ്പോള്‍ 2015 മേയില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ യുവാവ് നിര്‍ബന്ധിക്കുകയും പിന്നീട് ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.
വാദം കേട്ട കോടതി യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് തടസമില്ലെന്ന് വിധിക്കുകയായിരുന്നു. വിദ്യാഭ്യാസമുള്ള ഒരു സ്ത്രീക്ക് പങ്കാളിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഫലങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here