തിരുവമ്പാടിയില്‍ ടി.സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; കത്ത് പുറത്തു വിട്ടത് ഉമ്മന്‍ചാണ്ടി ക്യാമ്പ്; മലയോര വികസന സമിതിയുമായി സഹകരിക്കാന്‍ തയാറാണെന്ന് പി. മോഹനന്‍

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും കോണ്‍ഗ്രസ് നേതാവുമായ ടി.സിദ്ദിഖിന് തിരുവമ്പാടി സീറ്റുറപ്പിക്കാന്‍ കോണ്‍ഗ്രസ് കരുനീക്കം. മുസ്ലീം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കി സീറ്റ് നേടാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരായ കത്ത് പുറത്ത് വിട്ടത് ഉമ്മന്‍ ചാണ്ടി ക്യാമ്പാണെന്നും സൂചനയുണ്ട്.

മണ്ഡലത്തില്‍ മലയോര വികസന സമിതിയുമായി സഹകരിക്കാന്‍ തയാറാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും യുഡിഎഫിനെതിരായ ആരുമായും ആശയവിനിമയത്തിന് തയ്യാറാണെന്നും പി.മോഹനന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ സിറ്റിംഗ് സീറ്റായ തിരുവമ്പാടി കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്ന് ഉറപ്പുനല്‍കി മന്ത്രി കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്താണ് കഴിഞ്ഞ ദിവസം പുറത്തായത്. 2011ലാണ് സീറ്റുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. അന്നത്തെ കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, താമരശേരി രൂപതയുടെ പ്രതിനിധി എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. അന്നത്തെ ധാരണപ്രകാരമാണ് തിരുവമ്പാടി വിട്ടുകൊടുക്കാമെന്ന് ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയത്.

അതേസമയം, ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാകണമെന്ന് മലയോര വികസന സമിതി ആവശ്യപ്പെട്ടു. ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നും, ഇക്കാര്യത്തില്‍ ഉപാധികളോടെയുളള ചര്‍ച്ചകള്‍ക്ക് മാത്രമെ തയ്യാറുള്ളെന്നും മലയോര വികസന സമിതി വൈസ് ചെയര്‍മാന്‍ ജോയ് കണ്ണഞ്ചിറ പറഞ്ഞു. എന്നാല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന പതിവ് മുസ്ലിംലീഗിനില്ലെന്നും, ഒരു കാരണവശാലും തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കില്ലെന്നും ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News