‘ഞാന്‍ ഒളിച്ചോടിയിട്ടില്ല; എംപിയെന്ന നിലയില്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നു; റേറ്റിംഗിന് വേണ്ടി മാധ്യമങ്ങള്‍ എന്നെ വിചാരണ ചെയ്യുന്നു’: തുറന്നടിച്ച് വിജയ് മല്യ

ദില്ലി: 9000 കോടി രൂപ തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യരാജാവ് വിജയ് മല്യ നിശബ്ദത വെടിഞ്ഞ് ട്വിറ്ററിലൂടെ രംഗത്ത്.

‘അന്താരാഷ്ട്ര തലത്തിലുള്ള ബിസിനസുകാരനാണ് ഞാന്‍. ഇന്ത്യയില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സ്വാഭാവികവുമാണ്. ഞാന്‍ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല. കോടതിയുടെ വിചാരണ നേരിടാന്‍ തയ്യാറാണ്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ നിയമ വ്യവസ്ഥയോട് പൂര്‍ണ്ണായും ബഹുമാനമുണ്ട്. ജുഡിഷ്യറിയേയും മാനിക്കുന്നു. എന്നാല്‍ മാധ്യമ വിചാരണ നേരിടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ നല്‍കിയ സംഭാവനകള്‍ മറന്നാണ് ടിആര്‍പിക്ക് വേണ്ടി ചില ടെലിവിഷന്‍ ചാനലുകള്‍ എന്നെ വിചാരണ ചെയ്യുന്നത് ‘- വിജയ് മല്യ ട്വിറ്ററിലൂടെ പറഞ്ഞു.

പല ബാങ്കുകളില്‍ നിന്നാണ് വിജയ് മല്യ 9000 കോടിയിലധികം രൂപ വായ്പയെടുത്തത്. 9000 കോടി രൂപയുടെ ബാധ്യത വരുത്തിവച്ച മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എസ്ബിഐ അടക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 2015 നവംബര്‍ 30ലെ കണക്കുകള്‍പ്രകാരം വിജയ് മല്യ 9091.40 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. 2004-2007 കാലയളവിലാണ് വായ്പ വിതരണം നടത്തിയത്. 2009ല്‍ ഇതു കിട്ടാക്കടമായി മാറുകയായിരുന്നു. വിജയ് മല്യ ഇപ്പോള്‍ ലണ്ടനിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here