ഏഴു ബാഗുകളുമായി ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യക്കൊപ്പം ഒരു സ്ത്രീയും; മദ്യരാജാവ് ‘ലേഡിവാക്കി’ല്‍ നയിക്കുന്നത് സുഖജീവിതം

ദില്ലി: 9000 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ വിജയ് മല്യ ലണ്ടനിലേക്ക് മുങ്ങിയത് ഒരു സ്ത്രീക്കൊപ്പമെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് ദില്ലി-ലണ്ടന്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലാണ് മല്യ രാജ്യം വിട്ടത്.

ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ വിമാനം കയറിയ മല്യയുടെ കൈവശം ഏഴു വലിയ ബാഗുകളും ഉണ്ടായിരുന്നുവെന്നാണ് ദേശീയമാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍. സാധാരണ യാത്രകളില്‍ ഇത്രയും സാധനങ്ങള്‍ അദ്ദേഹം കൊണ്ടുപോകാറില്ലെന്നാണ് മല്യയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

VIJAY-MALLYA-2

ലണ്ടനിലെ ഹെഡ്‌ഫോര്‍ഡ് ഷെയറിലെ ‘ലേഡിവാക്ക്’ എന്ന എസ്റ്റേറ്റില്‍ എത്തിയ മല്യ സുഖജീവിതമാണ് നയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ ലണ്ടനില്‍ നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ലേഡി വാക്കിലെത്താം. 30 ഏക്കറിലാണ് ഈ എസ്റ്റേറ്റ്. അടുത്ത ദിവസങ്ങളിലായി ഇവിടെ നിരവധി വിരുന്നുകാര്‍ വരുന്നുണ്ടെന്നാണ് അയല്‍വാസികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മല്യയുടെ തന്നെ ഉടമസ്ഥതതയിലുള്ള കണ്ട്രി ഹൗസിലാണ് അദ്ദേഹമുള്ളതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സ്ഥലത്ത് മല്യയെ കണ്ടതായി അയല്‍വാസികള്‍ സ്ഥിരീകരിച്ചുവെന്നും മാധ്യമങ്ങളെ ഈ പ്രദേശത്തേക്ക് കടത്തി വിടുന്നില്ലെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മല്യയെ രാജ്യം വിടാന്‍ അനുവദിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ശിവസേനയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ ഒളിച്ചോടിയതല്ലെന്ന് പറഞ്ഞ് വിജയ് മല്യ ട്വിറ്ററിലൂടെ എത്തി. താനൊരു അന്താരാഷ്ട്ര വ്യവസായിയാണെന്നും നിരവധി തവണ രാജ്യത്തിനു പുറത്തു പോകേണ്ടിവരുമെന്നുമായിരുന്നു മല്യയുടെ ട്വീറ്റ്.

9000 കോടി രൂപയുടെ ബാധ്യത വരുത്തിവച്ച മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എസ്ബിഐ അടക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 2015 നവംബര്‍ 30ലെ കണക്കുകള്‍പ്രകാരം വിജയ് മല്യ 9091.40 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. 2004-2007 കാലയളവിലാണ് വായ്പ വിതരണം നടത്തിയത്. 2009ല്‍ ഇതു കിട്ടാക്കടമായി മാറുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here