കാഴ്ചയുടെ കടലാണിത്… ഷൈലാബാനുവിനായി ശേഖര്‍ നെഞ്ച് പൊട്ടി പാടി കാത്തിരുന്നത് ഈ കോട്ട നിങ്ങളെ നിരാശപ്പെടുത്തില്ല

ലയാളികളോട് ബേക്കലിനെക്കുറിച്ച് പറയേണ്ട ആവശ്യം ഇല്ല, പ്രത്യേകിച്ച് മലബാറുകാരോട്. പക്ഷേ ഇന്നും ബേക്കലിനെയും കോട്ടയെയും കടല്‍ തിരകളെയും കാണാത്തവരും അറിയാത്തവരും കേരളത്തില്‍ ഉണ്ട്. ഓരോ മലയാളിയും ഒരിക്കലെങ്കിലും ബേക്കല്‍ കോട്ടയില്‍ പോവണമെന്നാണു ഞാന്‍ പറയുന്നത്.

ബോംബെ സിനിമയിലെ പാട്ടിലാണ് ഞാന്‍ ആദ്യം ബേക്കല്‍ കാണുന്നത്. അന്ന് അതിനെക്കുറിച്ച് വലിയ ബോധമോ അറിവോ ഉണ്ടായിരുന്നില്ല. പിന്നെ കാലങ്ങള്‍ക്ക് ശേഷം ഒരു യാത്ര.. തുളുനാടന്‍ മണ്ണിലേക്ക്. കേരളത്തിലെ ഏറ്റവും വലിയ കോട്ട, നാല്‍പത് ഏക്കറില്‍ പരന്നു കിടക്കുന്ന ചരിത്രവിസ്മയമാണ് ബേക്കല്‍. 35 ഏക്കര്‍ വിസ്തൃതിയുള്ള കോട്ട സമുദ്രനിരപ്പില്‍ നിന്നും 130 അടി ഉയരത്തിലാണ് കോഴിക്കോട്ടുനിന്ന് നീലേശ്വരത്തേക്കായിരുന്നു തുടക്കം. നീലേശ്വരത്തെ കൂട്ടുകാരിയുടെ വീട്ടില്‍നിന്നു കാഞ്ഞങ്ങാട്ടേക്കു ബസ് കയറി. ലാലേട്ടന്റെ വടക്കുംനാഥന്‍ സിനിമയിലെ പാട്ടില്‍ കണ്ടതുപോലെയുള്ള സ്ഥലങ്ങള്‍. നീണ്ടു നിവര്‍ന്നു കിടക്കുന്ന തരിശുഭൂമികള്‍. അതിരാവിലെ ആയിരുന്നെങ്കിലും കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ നല്ല തിരക്കുണ്ടായിരുന്നു. ബേക്കലിലേക്ക് പോകുന്ന ബസ് കണ്ടുപിടിച്ചു കയറിയിരുന്നു. ജനലരികില്‍ സ്ഥാനം ഉറപ്പിച്ചു. കാഞ്ഞങ്ങാട് നിന്ന് ബേക്കലിലേക്ക് 10 കിലോമീറ്ററാണ്. ശ്രീ മുഖ്യപ്രാണാക്ഷേത്രം എന്ന് പേരെഴുതിയ കമാനത്തിനു താഴെ ബസിറങ്ങി, കത്തി കരിയുന്ന വെയില്‍…

40 ഏക്കറില്‍ പരന്നു കിടക്കുന്ന ബേക്കല്‍ കോട്ട. പ്രവൃത്തി ദിവസം ആയിരുന്നിട്ടും ഒത്തിരി പേരുണ്ടായിരുന്നു. നാട്ടുകാരും അയല്‍ നാട്ടുകാരുമായി ഒരുപാട് പേര്‍… ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യമാക്കി നടന്നു. ഒരാള്‍ക്ക് 5 രൂപയാണ് ടിക്കറ്റ് ഫീസ്. ആദ്യം കയറിയത് ഒരു പൂന്തോട്ടത്തിലേക്കാണ്. വെട്ടിയൊതുക്കി വച്ച ചെടികള്‍ക്ക് നടുവിലൂടെയുള്ള പാതയിലേക്കു നടന്നു തുടങ്ങി.

എല്ലാ കോട്ടയേയും പോലെ ബേക്കല്‍ കോട്ടയ്ക്കും പറയാനുണ്ട് ഒരുപാടു നൂറ്റാണ്ടുകളുടെ ചരിത്രം, 1645നും 1660നും ഇടയില്‍ ഇക്കേരി രാജവംശത്തിലെ ശിവപ്പനായ്കാണ് ബേക്കല്‍ കോട്ട നിര്‍മ്മിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയാണ് ഇപ്പോള്‍ കോട്ട സംരക്ഷിക്കുന്നത്. 1763ല്‍ ഹൈദരലി കൈവശപ്പെടുത്തിയ കോട്ട ടിപ്പുവിന്റെ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ പിടിച്ചടക്കിയിരുന്നു. എന്നാല്‍, അതിനും മുമ്പേ ബേക്കല്‍ നിലനിന്നിരുന്നു എന്നു കേരളചരിത്രം പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളില്‍ പറയുന്നുമുണ്ട്. ബേക്കല്‍ അടങ്ങുന്ന വടക്കന്‍ കേരളം ചിറയ്ക്കല്‍ രാജവംശത്തിന്റ അധീശത്വത്തിലായിരുന്നു. മലബാറിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അക്കാലത്ത് ബേക്കല്‍. ചിറയ്ക്കല്‍ വംശത്തിലെ മൂന്നാം പിന്തുടര്‍ച്ചക്കാര്‍ വെക്കോലത്ത് കോട്ടയുടെ ഭരണാധികാരികളായിരുന്നു. ഈ വെക്കോലത്താണ് ഇന്നത്തെ ബേക്കല്‍ എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍ കോട്ടയെ കേരളത്തിലെ ഏഴ് അത്ഭുതങ്ങളുടെ പട്ടികയില്‍ എന്‍.ഡി ടി.വി ഉള്‍പെടുത്തിയിരുന്നു.

പ്രവേശന കവാടത്തില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആദ്യത്തെ കോട്ടകൊത്തളത്തിലേക്ക് നടന്നു. അവിടെ നിന്നാല്‍ ബേക്കലിന്റെയും കാഞ്ഞങ്ങാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളും കാണാന്‍ സാധിക്കും. കൊത്തളത്തിന് മുകളില്‍നിന്ന് നോക്കിയാല്‍ പരവതാനി വിരിച്ച പോലെ പച്ചപ്പ്. ആദ്യത്തേതില്‍ നിന്ന് അടുത്ത കോട്ടവാതില്‍ ലക്ഷ്യമാക്കി നടന്നു. 362 വര്‍ഷത്തെ മഴയും വെയിലും മഞ്ഞുമേറ്റതു കൊണ്ടാവാം കോട്ടയുടെ കല്ലുകള്‍ ഇരുണ്ടു തുടങ്ങിയിരുന്നു.

രണ്ടാംകോട്ടയുടെ പടിക്കെട്ടിലിരുന്നപ്പോഴാണ് കാറ്റിനോട് ഇഷ്ടം തോന്നിയത്. ഉച്ചയ്ക്ക് വീശുന്ന കാറ്റിന് ഇത്രയും കുളിരുണ്ടെന്ന് മുമ്പ് തോന്നിയിട്ടേയില്ലായിരുന്നു. കോട്ടയുടെ കിളിവാതില്‍ പഴുതിലൂടെ നോക്കുമ്പോള്‍ കടലിന്റെ സൗന്ദര്യം ഇരട്ടിക്കുന്ന പോലെ തോന്നി. വളര്‍ന്നു നില്‍ക്കുന്ന പുല്‍ച്ചെടികള്‍ക്കിടയിലൂടെ താഴേക്ക് നടന്നു. സിനിമയില്‍ കാണുന്നതു പോലെ ഭൂമിക്കടിയിലേക്ക് കുറേ പടിക്കെട്ടുകള്‍.അറബിക്കടലിലേക്ക് തുറക്കുന്ന തുരങ്കത്തിലേക്കുള്ള വഴിയാണത്. മേല്‍ഭാഗം ഇരുമ്പു ചട്ട വച്ച് അടച്ചിരുന്നു.കോട്ടയുടെ തെക്കേ അറ്റത്തായി ഒരു ശ്മശാനമുണ്ട്. ശവം ദഹിപ്പിക്കാന്‍ സ്വന്തമായി സ്ഥലമില്ലാതിരുന്ന നാട്ടുകാര്‍ ഒരു മുപ്പതു വര്‍ഷം മുമ്പു വരെ ആ ഇടം പ്രയോജനപ്പെടുത്തിയിരുന്നു. കോട്ട ആര്‍ക്കിയോളജി വകുപ്പ് ഏറ്റെടുത്തതിനു ശേഷമാണ് അത് നിര്‍ത്തലാക്കിയത്.

പണ്ടുകാലത്തെ ആയുധപ്പുരയായിരുന്നുവെന്ന് പറയപ്പെടുന്ന കെട്ടിടവും അവിടെയടുത്തുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഔദ്യോഗിക വസതിയോടു ചേര്‍ന്നായിരുന്നു അത്. കല്‍പ്പാതയിലൂടെ അടുത്ത കൊത്തളങ്ങളിലേക്ക് നടന്നു. ഒരു വശത്ത് ദൂരെ കടലും അരികെ കോട്ടഭിത്തിയും മറുവശത്തു പച്ചനിറം മൂടിയ മണ്ണും. ദൂരത്തായി കുറച്ച് തെങ്ങുകളും. ബാംഗളൂര്‍ ഡെയ്‌സില്‍ പാര്‍വതി പറയുന്നതു പോലെ ഒരോ കിളിവാതിലിലൂടെയുമുള്ള കടലിന്റെ ദൃശ്യം വ്യത്യസ്തമായിരുന്നു. കടല്‍ കൂടുതല്‍ അടുത്തേക്കു വരുന്നപോലെ തോന്നി. വളഞ്ഞു പുളഞ്ഞ് പോകുന്ന കല്‍പ്പാതയിലൂടെ നടന്ന് കടലിനോട് അടുത്ത് കിടക്കുന്ന ഒരു കോട്ടകൊത്തളത്തിലെത്തി. ആ 40 ഏക്കറില്‍ ഏറ്റവും സൗന്ദര്യമുള്ള സ്ഥലം.അവിടെയുണ്ടായിരുന്ന കിളിവാതിലിലൂടെ കടന്നു വന്ന കാറ്റിന് ബേക്കലിന്റെ മുഴുവന്‍ സൗന്ദര്യവും ഒളിപ്പിച്ചു വച്ച കുളിരുണ്ടായിരുന്നു.

കടലിലേക്ക് ഇറങ്ങുന്നവരെ നിയന്ത്രിക്കാന്‍ അവിടെ ഒരുപാട് ലൈഫ് ഗാര്‍ഡുമാര്‍ ഉണ്ടായിരുന്നു.അവസാനം ഒടുവിലത്തെ കോട്ടയിലെത്തി ബേക്കലില്‍ പോയിട്ടില്ലാത്തവര്‍ പോലും കണ്ടിട്ടുള്ള സ്‌നേഹിക്കുന്ന പരിചിതമായ ഇടം. ശേഖര്‍(അരവിന്ദ് സാമി) ഷൈലാബാനുവിനായി( മനീഷാ കൊയ്രാള) നെഞ്ച് പൊട്ടി പാടി കാത്തിരുന്നത് ഈ കോട്ടയുടെ മുകളിലാണ്. ബേക്കലില്‍ ഏറ്റവും തിരരക്കേറിയ സ്ഥലവും അതായിരുന്നു. മൂന്നു മണിക്കൂര്‍ ആ കോട്ടയ്ക്കുള്ളില്‍ നടന്നിട്ടും പുറത്തിറങ്ങാന്‍ മടി തോന്നി. വിശപ്പും ദാഹവും തോന്നാത്ത മണിക്കൂറുകള്‍. കോട്ടയ്ക്കു പുറത്തേക്ക് നടന്നു. പുറത്തെത്തിയപ്പോഴും മനസ്സില്‍ കോട്ടയിലെ കാറ്റും തിരയും അലയടിക്കുന്നുണ്ടായിരുന്നു.

ഇനിയും വരും. കാത്തിരിക്കൂ എന്നു പറഞ്ഞ് കോഴിക്കോട്ടേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News