ദില്ലി: മദ്യരാജാവ് വിജയ് മല്യ രാജ്യം വിട്ടതും ശ്രീശ്രീ രവിശങ്കറിന്റെ ലോക സാസ്‌കാരിക സമ്മേളനം സംബന്ധിച്ച വിവാദങ്ങളും തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് വിജയ് മല്യ വിഷയം ഉന്നയിച്ചത്. മല്യയ്ക്ക് രാജ്യം വിടാന്‍ ബിജെപി യും കേന്ദ്ര സര്‍ക്കാറും ഒത്താശ ചെയ്തുവെന്ന് ഗുലാം നബി ആസാദ് ആരോപിച്ചു. വിജയ് മല്യയ്‌ക്കെതിരായ നിയമനടപടികള്‍ സിബിഐ മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നുയെന്നും ഗുലാം നബി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആരോപണങ്ങളൈ പ്രതിരോധിച്ച് കേന്ദ്ര മുക്താര്‍ അബ്ബാസ് നഖ്‌വി രംഗത്തെത്തി. ബോഫേഴ്‌സ് കേസിലെ പ്രതി ഒട്ടോവിയേ ക്വത്‌റോച്ചിക്ക് രാജ്യം വിടാന്‍ കോണ്‍ഗ്രസ് ചെയ്ത സഹായങ്ങള്‍ വിജയ് മല്യയ്ക്ക് ലഭിച്ചിട്ടില്ലെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി തിരിച്ചടിച്ചു.
പരിസ്ഥിതിയെ പൂര്‍ണ്ണമായും നശിപ്പിച്ചുകൊണ്ട് നടത്തുന്ന ശ്രീശ്രീ രവിശങ്കറിന്റെ പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുകയാണെന്ന് ജെഡിയു നേതാവ് ശരത് യാദവ് കുറ്റപ്പെടുത്തി. റബ്ബര്‍ വിലയിടിവ് സിപിഐഎം അംഗം കെ എന്‍ ബാലഗോപാലാണ് സഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. കേരളത്തില്‍ നിന്നുള്ള മറ്റ് എംപി മാരും ബാലഗോപാലിനെ പിന്തുണച്ചു.
അതേസമയം, റബ്ബര്‍ വിലയിടിവ് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Get real time update about this post categories directly on your device, subscribe now.