‘ഹൃദയത്തില്‍ കരുത്തുറ്റ പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി’; മണിയെന്ന അച്ഛന്റെ ഓര്‍മകളുമായി പരീക്ഷയെഴുതിയ ശ്രീലക്ഷ്മിയെക്കുറിച്ച് ഖുശ്ബു

ചാലക്കുടി: അച്ഛന്റെ കണ്ണീര്‍ പടര്‍ന്ന ഓര്‍മകളുമായി പരീക്ഷാഹാളിലെത്തിയ ശ്രീലക്ഷ്മിക്ക് ആശംസകളുമായി നടി ഖുശ്ബു. ശ്രീലക്ഷ്മിയുടെ ആ മനോധൈര്യത്തെ കൂട്ടുകാരികളും അധ്യാപകരും സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു. ഈ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഖുശ്ബു ട്വിറ്ററിലൂടെ എത്തിയത്. ‘അച്ഛന്റെ വേര്‍പാട് കഴിഞ്ഞ അടുത്ത ദിവസം ആ മകള്‍ പരീക്ഷ എഴുതി. ഹൃദയത്തില്‍ കരുത്തുറ്റ പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി. അഭിനന്ദിക്കണം’ -ഖുശ്ബു ട്വിറ്ററിലൂടെ പറഞ്ഞു.

കലാഭവന്‍ മണിയെന്ന പ്രിയനടനെ മലയാളിക്ക് നഷ്ടമായപ്പോള്‍ ശ്രീലക്ഷ്മിക്കു ഓര്‍മയായത് സ്വന്തം അച്ഛനെയായിരുന്നു. ആകസ്മികമായുണ്ടായ അച്ഛന്റെ മരണത്തിന്റെ മൂന്നാം നാളില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാനാണ് ശ്രീലക്ഷ്മി പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത്. അച്ഛന്‍ ഒപ്പമില്ലെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ കണ്ണീരോടെയാണ് മകള്‍ പരീക്ഷയെഴുതിയത്.

കണ്ണീരോടെയാണ് ശ്രീലക്ഷ്മി ഓരോ വരിയും എഴുതിയതെന്ന് കൂട്ടുകാരും അധ്യാപകരും പറയുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയതും ശ്രീലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു. സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി.

പല പരിപാടികളിലും മണിക്കൊപ്പം ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. ചില കാസറ്റുകളില്‍ പാടിയിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മണിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം തിയേറ്റര്‍ നിറഞ്ഞോടുമ്പോഴാണ് മകള്‍ പിറന്നത്. ഇതിന്റെ ഓര്‍മയിലാണ് ശ്രീലക്ഷ്മി എന്നു പേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here