ട്വന്റി-20 ലോകകപ്പിനായി പാകിസ്താന്‍ ടീം ഇന്ത്യയിലെത്തും; യാത്രയ്ക്ക് പാക് സര്‍ക്കാര്‍ അനുമതി നല്‍കി

ഇസ്ലാമാബാദ്: ട്വന്റി-20 ലോകകപ്പില്‍ പങ്കെടുക്കുന്നതിന് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് പാക് സര്‍ക്കാര്‍ അനുമതി നകി. സുരക്ഷാപ്രശ്‌നങ്ങളെ തുടര്‍ന്ന് ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാക് സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഇന്ത്യയുടെ കര്‍ശനമായ നിലപാടിനെ തുടര്‍ന്നാണ് ടീമിനെ അയക്കാന്‍ തീരുമാനിച്ചത്. പാക് കായികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം നജാം സേത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദു വര്‍ഗീയവാദികളുടെ ഭീഷണിയെ തുടര്‍ന്ന് ബുധനാഴ്ച യാത്ര തിരിക്കേണ്ടിയിരുന്ന ടീമിന്റെ യാത്ര റദ്ദാക്കുകയായിരുന്നു.

മാര്‍ച്ച് 16ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ക്വാളിഫയര്‍ ടീമുകളില്‍ ഒന്നുമായാണ് പാകിസ്താന്റെ ആദ്യമത്സരം. മാര്‍ച്ച് 19നാണ് ഇന്ത്യയുമായുള്ള മത്സരം. സുരക്ഷാകാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉറപ്പു ലഭിച്ചതായി മന്ത്രി അലി ഖാന്‍ പറഞ്ഞു. ഐസിസിയും ബിസിസിഐയും ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രിയും ബംഗാള്‍ പൊലീസ് മേധാവിയും കത്തെഴുതിയിരുന്നതായും ഖാന്‍ പറഞ്ഞു.

നയതന്ത്ര പ്രശ്‌നങ്ങളാല്‍ ഇരുടീമുകളും മത്സരം കളിക്കുമോ എന്ന കാര്യത്തില്‍ വരെ സംശയമുണ്ടായിരുന്നു. ധര്‍മശാലയില്‍ കളിക്കില്ലെന്ന് പാകിസ്താന്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് വേദി കൊല്‍ക്കത്തയിലേക്ക് മാറ്റിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരു പരമ്പര പോലും ഇരുടീമുകളും കളിച്ചിട്ടില്ല. തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള മത്സരം ട്വന്റി-20 ലോകകപ്പ് മാത്രമായി ചുരുക്കുകയും ചെയ്തിട്ടുണ്ട്. 2007 മുതല്‍ ഇന്ത്യയും പാകിസ്താനും മുഴുനീള പരമ്പര കളിച്ചിട്ടില്ല. പാകിസ്താന്‍ അവസാനമായി ഇന്ത്യയിലേക്ക് പര്യടനം നടത്തിയത് 2012 അവസാനമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News