‘മുഖത്ത് മലമൂത്ര വിസര്‍ജനം നടത്തി; ഹോക്കി സ്റ്റിക്ക് കൊണ്ട് തല്ലി’; സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ പീഡനങ്ങള്‍ വിവരിച്ച് സുരേഷ് റെയ്‌ന; ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചിരുന്നതായി താരം

കുട്ടിക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വാഗ്ദാനമായ സുരേഷ് റെയ്‌ന കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് ഈ നിലയില്‍ എത്തിയതെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് താന്‍ അനുഭവിച്ച കടുത്ത പീഡനങ്ങളെ കുറിച്ച് സുരേഷ് റെയ്‌ന തുറന്നു പറഞ്ഞത്. ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ച ആ നശിച്ച നിമിഷങ്ങളെ ഓര്‍ത്തെടുക്കുകയാണ് റെയ്‌നയെന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനം.

ലഖ്‌നൗവിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ കഴിയുമ്പോഴാണ് കടുത്ത പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്. അക്കാലത്ത് ഒരിക്കല്‍ ഹോക്കി സ്റ്റിക്ക് കൊണ്ടുള്ള ആക്രമണത്തിനും ഇരയായിട്ടുണ്ട്. ഒരിക്കല്‍ ആഗ്രയില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു റെയ്‌നയും സംഘവും. 12 മുതല്‍ 15 വയസുവരെ പ്രായമുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. പാതിരാത്രിയിലെപ്പോഴോ റെയ്‌നക്ക് സ്വന്തം തോളില്‍ എന്തോ ഭാരം അമരുന്നതു പോലെ തോന്നി. കണ്ണുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ റെയ്‌നയുടെ കൈകള്‍ പിന്നിലേക്ക് ബലമായി പിടിച്ചുവെച്ചിരുന്നു. നെഞ്ചിലിരുന്ന് ഒരു തടിയനായ കുട്ടിറെയ്‌നയുടെ മുഖത്തേക്ക് മലമൂത്ര വിസര്‍ജ്ജനം നടത്തി. ഏറെ കഷ്ടപ്പെട്ടാണ് അന്ന് 13കാരനായ റെയ്‌ന ഈ പീഡകരില്‍ നിന്നും രക്ഷപ്പെട്ടത്.

ട്രെയിനിലേത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്നും നിരവധി തവണ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നതോടെ ആത്മഹത്യയെകുറിച്ച് പോലും റെയ്‌ന ചിന്തിച്ചു. ഇതോടെ ആദ്യവര്‍ഷം തന്നെ ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിക്കാന്‍ റെയ്‌ന തീരുമാനിച്ചു. വീട്ടിലേക്ക് മടങ്ങിയ റെയ്‌നയെ അര്‍ധസഹോദരന്‍ ദിനേശ് നിര്‍ബന്ധിച്ച് തിരികെ അയച്ചു. ഹോസ്റ്റലില്‍ നിന്ന് സഹോദരന് സുരക്ഷാകാര്യത്തില്‍ ഉറപ്പു ലഭിച്ചിരുന്നു. ഹോസ്റ്റലില്‍ തിരിച്ചെത്തിയ റെയ്‌ന പിന്നീട് പൂര്‍ണമായും ക്രിക്കറ്റിലേക്ക് വഴിമാറുകയാണ് ചെയ്തത്.

സൈനികനായ പിതാവ് അയച്ചുകൊടുത്തിരുന്ന 200 രൂപയ്ക്ക് കൂട്ടുകാര്‍ക്കൊപ്പം സമൂസയും പാര്‍ലെ ജി ബിസ്‌കറ്റും കഴിച്ചിരുന്ന സന്തോഷ നിമിഷങ്ങളും റെയ്‌ന ഓര്‍ത്തെടുത്തു. ഹോസ്റ്റലിന്റെ സമീപത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കളിച്ചു കൊണ്ടിരിക്കെ ലഭിച്ച തുക കൊണ്ടാണ് ആദ്യമായി സ്‌പൈക്ക് ഷൂ വാങ്ങിയത്. ഇതിനിടെ എയര്‍ഇന്ത്യക്കായി കളിക്കാന്‍ മുംബൈയില്‍ നിന്ന് ക്ഷണം വന്നു. ഇത് മാറ്റിയത് റെയ്‌നയുടെ ജീവിതം തന്നെയായിരുന്നു. ഇവിടെ മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആംറെയുടെ പിന്തുണയോടെ റെയ്‌നക്ക് പ്രതിമാസം 10,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഇതില്‍ 8,000 രൂപയും റെയ്‌ന വീട്ടിലേക്കാണ് അയച്ചു കൊടുത്തത്.

ഇതിനിടെ ഇംഗ്ലീഷ് കൗണ്ടിയിലും കളിക്കാന്‍ അവസരം ലഭിച്ചു. ആഴ്ചയില്‍ 250 പൗണ്ട് ആയിരുന്നു പ്രതിഫലം. 2003-ലാണ് ആദ്യമായി കൗണ്ടിയില്‍ അരങ്ങേറ്റം കുറിച്ചത്. 2005-ല്‍ ഇന്ത്യന്‍ ഏകദിന ടീമിലും അരങ്ങേറി. പിന്നെ ഐപിഎല്‍ വന്നതോടെ കുട്ടിക്രിക്കറ്റിന്റെ വാഗ്ദാനമായി റെയ്‌ന ഉയര്‍ന്നു വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News