ലോക സാംസ്‌കാരികോത്സവം സംസ്‌കാരത്തിന്റെ കുംഭമേളയെന്ന് മോദി; യമുന നദി നികത്തി നടത്തിയ പരിപാടിയെ പുകഴ്ത്തി പ്രധാനമന്ത്രി; പരിപാടിക്ക് അനുമതി 25 ലക്ഷം പിഴ അടച്ച ശേഷം

ദില്ലി: ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ലോക സാംസ്‌കാരികോത്സവം സംസ്‌കാരത്തിന്റെ കുംഭമേളയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദങ്ങള്‍ക്കിടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ലോക സാംസ്‌കാരികോത്സത്തിന് ദില്ലിയിലെ യമുനാ തീരത്ത് തുടക്കമായി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ പങ്കെടുത്ത കലാപ്രകടനങ്ങളോടെയാണ് ആര്‍ട്ട് ഓഫ് ലിവിംഗിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ലോക സാംസ്‌കാരികോത്സവത്തിന് യമുനാ തീരത്ത് തുടക്കമായത്. സാംസ്‌കാരിക വൈവിധ്യത്തിന്റെ കലവറയായ ഇന്ത്യക്ക് ലോകത്തിന് ഏറെ സംഭാവനകള്‍ നല്‍കാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സംസ്‌കാരം ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ശ്രീ ശ്രീ രവിശങ്കറിനെ അഭിനന്ദിക്കുന്നു. കലയുടെയും സംസ്‌കാരത്തിന്റ കുംഭമേളയാണ് സാംസ്‌കാരികോത്സവമെന്നും മോദി പറഞ്ഞു.

അതേസമയം, പരിസ്ഥിതിക്ക് ദോഷം വരുത്തിയതിന് ചുമത്തിയ അഞ്ച് കോടി രൂപ പിഴയടക്കാന്‍ ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് നാല് ആഴ്ചത്തെ സമയം അനുവദിച്ചു. കര്‍ഷകസംഘടകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ജയിലില്‍ പോയാലും പിഴയടക്കില്ല എന്ന് ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയില്‍ ട്രിബ്യൂണല്‍ അതൃപ്തി പ്രകടിപ്പിച്ചു. ശ്രീ ശ്രീ രവിശങ്കറില്‍നിന്നും ഇങ്ങനെ ഒരു നിലപാട് പ്രതീക്ഷിച്ചിട്ടില്ലെന്നും ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ പറഞ്ഞു. പിഴയടക്കില്ല എന്ന മുന്‍ നിലപാട് മാറ്റി ട്രിബ്യൂണല്‍ ഉത്തരവിനു വഴങ്ങി ശ്രീ ശ്രീ രവിശങ്കര്‍ പിഴയടക്കാന്‍ നാലാഴ്ച സമയം വേണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് ട്രിബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു. ആദ്യഘഡൂവായി 25 ലക്ഷം രൂപ അടച്ചതിനു ശേഷമാണ് പരിപാടിയുമായി മുന്നോട്ട് പോകാന്‍ ഗ്രീന്‍ ട്രിബ്യൂണല്‍ അനുമതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here