ധര്‍മ്മപുരി ബസ് കത്തിക്കല്‍ കേസ്; മൂന്നു വിദ്യാര്‍ത്ഥിനികളെ ചുട്ടുകൊന്ന എഐഎഡിഎംകെ പ്രവര്‍ത്തകരുടെ വധശിക്ഷ ജീവപര്യന്തമാക്കി

ദില്ലി: ധര്‍മ്മപുരിയില്‍ ബസ് കത്തിച്ച് മൂന്നു വിദ്യാര്‍ത്ഥിനികളെ ചുട്ടുകൊന്ന കേസില്‍ മൂന്ന് എഐഎഡിഎംകെ പ്രവര്‍ത്തകരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. സി. മുനിയപ്പന്‍, രവീന്ദ്രന്‍, നെടുഞ്ചുഴിയന്‍ എന്നിവരുടെ വധശിക്ഷയാണ് സുപ്രീംകോടതി ഇളവു ചെയ്തത്.

ആള്‍ക്കൂട്ടത്തിന്റെ വൈകാരികതയാണ് പ്രതികളെ നയിച്ചിരുന്നതെന്നും ആസൂത്രിതമായ കൊലപാതകമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കേസില്‍ 2010ല്‍ സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ച വിധിയാണ് വെള്ളിയാഴ്ച ബഞ്ച് തിരുത്തിയത്.

2000 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസന്റ് സ്റ്റേ ഹോട്ടല്‍ അഴിമതിക്കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിലാണ് ബസ് കത്തിച്ചത്.

കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് വിനോദയാത്രയ്ക്കു പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് ഉള്‍പ്പെടെ നാലു ബസുകളാണ് പ്രവര്‍ത്തകര്‍ പെട്രോളൊഴിച്ചു കത്തിച്ചത്. 44 വിദ്യാര്‍ത്ഥിനികളുണ്ടായിരുന്ന ബസ് തടഞ്ഞു നിര്‍ത്തിയതിനുശേഷം പ്രവര്‍ത്തകര്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ബാക്കിയുള്ള വിദ്യാര്‍ത്ഥികളും കൂടെയുണ്ടായിരുന്ന രണ്ട് അധ്യാപകരും ബസില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടപ്പോള്‍ ഈ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ബസില്‍ അകപ്പെട്ടുപോവുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള ഹേമലത, വിരുദാചലത്തില്‍ നിന്നുള്ള ഗായത്രി, നാമക്കലില്‍ നിന്നുള്ള കോകിലവാണി എന്നിവരാണ് കൊല്ലപ്പെട്ടത്. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ബസിലേക്ക് തള്ളിക്കയറ്റിയാണ് പ്രക്ഷോഭകാരികള്‍ തീവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News