സൈനികര്‍ക്ക് ശമ്പളത്തിന് പകരം സ്ത്രീകളെ ബലാത്സംഗംചെയ്യാന്‍ ദക്ഷിണ സുഡാന്‍ സര്‍ക്കാരിന്റെ അനുമതി; യുഎന്‍ അന്വേഷണറിപ്പോര്‍ട്ട് പുറത്ത്; ആരോപണങ്ങള്‍ തള്ളി സര്‍ക്കാര്‍

ന്യൂയോര്‍ക്ക്: ശമ്പളത്തിന് പകരം സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗംചെയ്യാന്‍ സൈനികര്‍ക്ക് ദക്ഷിണ സുഡാന്‍ സൈനിക മേധാവികള്‍ അനുവാദം നല്‍കുന്നുവെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. ഏകദേശം 1300 സ്ത്രീകളെ സൈന്യം ഇത്തരത്തില്‍ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന് യുഎന്‍ മനുഷ്യാവകാശ സമിതിയുടെ ഹൈകമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസൈന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2015ലെ ആദ്യ അഞ്ചു മാസങ്ങളില്‍ മാത്രം 1300 ബലാത്സംഗങ്ങള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. ശമ്പളത്തിന് പകരം സ്ത്രീകളെ തട്ടിക്കൊണ്ടുപോകാനും ബലാത്സംഗം ചെയ്യാനും സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിമതര്‍ക്കെതിരായ നീക്കത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ക്കാണ് ഇത്തരമൊരു അവകാശം സര്‍ക്കാര്‍ അനുവദിച്ചത്. അവിശ്വസനീയമായ ക്രൂരതകളാണ് വിമതരെ നേരിടുന്നതിന്റെ പേരില്‍ സൈന്യം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പല പെണ്‍കുട്ടികളെയും രക്ഷിതാക്കളുടെ മുന്‍പില്‍ വച്ച് പീഡിപ്പിക്കുന്ന സാഹചര്യം വരെയുണ്ടായിട്ടുണ്ട്. ഭര്‍ത്താവിനെ കൊന്നശേഷം തന്റെ 15 വയസുകാരിയായ മകളെ 10 സൈനികര്‍ ചേര്‍ന്ന് ഉപദ്രവിച്ചതിനെക്കുറിച്ച് ഒരു മാതാവ് നല്‍കിയ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. വിമതനെ സഹായിക്കുന്നുവെന്ന് സംശയമുള്ള കുട്ടികളേയും വികലാംഗരേയും സൈന്യം ജീവനോടെ കത്തിക്കുന്നുണ്ടെന്നും മനുഷ്യാവകാശ സമിതി കണ്ടെത്തി.

എന്നാല്‍ യുഎന്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ ആരോപണങ്ങളേക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചു. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാന്‍ 2011ല്‍ വിഭജിച്ച് രൂപീകരിച്ച രാഷ്ട്രമാണ് ദക്ഷിണ സുഡാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here