മണിയുടെ മരണത്തില്‍ ദുരൂഹത; താരത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്ഥലം തിടുക്കത്തില്‍ വൃത്തിയാക്കിയത് സംശയാസ്പദം; സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യവുമായി കേരള സ്റ്റേറ്റ് എസ്‌സി എസ്ടി സര്‍വീസ് സൊസൈറ്റി, പട്ടികജാതി വര്‍ഗ ക്രിസ്ത്യന്‍ ഫെഡറേഷന്‍ എന്നീ സംഘടനകള്‍ രംഗത്ത്.

അബോധാവസ്ഥയില്‍ കണ്ടെത്തിയതിന്റെ തലേദിവസം രാത്രി 12 മണിവരെ മണിയെ ആരോഗ്യവാനായി അദ്ദേഹം തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ മൊഴി നല്‍കിയത്. അതിനുശേഷം മരണപ്പെടാന്‍ തക്കവിധത്തിലേക്ക് മണിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്ഥലം തിടുക്കത്തില്‍ വൃത്തിയാക്കിയതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു.

മണി ആശുപത്രിയിലായിട്ടും വിവരങ്ങള്‍ യഥാസമയം ഭാര്യയെയും കുടുംബാംഗങ്ങളെയും അറിയിച്ചിരുന്നില്ല. ലോക്കല്‍ പൊലീസ് വളരെ ലാഘവത്തോടെയാണ് കേസന്വേഷിക്കുന്നത്. മണിയോടൊപ്പമുണ്ടായിരുന്നവരെ കാര്യമായി ചോദ്യംചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ഗുരുതരമായ കരള്‍രോഗമാണ് മരണകാരണമെന്നത് ശരിയല്ല. മണിയുടെ രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടും തുടരന്വേഷണമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് സംഘടനാ നേതാക്കളായ എപി കക്കാട്, ജെയ്ന്‍ വില്‍സന്‍ എന്നിവര്‍ പറഞ്ഞു. മണിയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ജനകീയ നീതി വേദി ഭാരവാഹികളും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News