പിന്നോക്ക വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അവകാശമല്ലെന്ന് സുപ്രീം കോടതി; സംവരണം വേണമോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍; നയരുപീകരണം കോടതിയുടെ പരിധിയില്‍ വരില്ല

ദില്ലി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അവകാശമല്ലെന്ന് സുപ്രീംകോടതി. സംവരണം ഏര്‍പ്പെടുത്താനുള്ള നയരുപീകരണം കോടതിയുടെ പരിധിയില്‍ വരില്ലെന്നും സ്ഥാനക്കയറ്റത്തിന് സംവരണം വേണമോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഉയര്‍ന്ന തസ്തികളിലെ പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിശോധിക്കാന്‍ സര്‍വ്വേ നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഭരണഘടനയുടെ 16-ാം വകുപ്പ് 4 എ, 4 ബി ഉപവകുപ്പുകള്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം വേണമോ എന്ന് തീരുമാനിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ നിര്‍ബന്ധമായും സംവരണം ഏര്‍പ്പെടുത്തണമെന്ന് ഈ വകുപ്പ് അനുശാസിക്കുന്നില്ല. അത് സംസ്ഥാന സര്‍ക്കാറുകളുടെ വിവേചന അധികാരമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പുതിയ നിയമനിര്‍മ്മാണം നടത്താനോ പ്രാതിനിധ്യം പരിശോധിക്കാന്‍ സര്‍വ്വേ നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാനോ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പിസി പന്ത് എന്നിവരുള്‍പ്പെട്ട ഭരണഘട ബഞ്ച് വ്യക്തമാക്കി. ഇതു സംബന്ധിച്ച നയരൂപീകരണം സുപ്രീംകോടതിയുടെ പരിധിയില്‍ വരില്ലെന്നും കോടതി അറിയിച്ചു. പൊതുമേഖല ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിലും നേരത്തെ സുപ്രീംകോടതി സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News