കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനോ അപമാനിക്കാനോ സ്‌പോര്‍ട്‌സ് കൗണ്‍സില്‍; സ്ഥിരനിയമനം കിട്ടിയ പവര്‍ലിഫ്റ്റിംഗ് താരത്തെ ഒന്നരമാസം കഴിഞ്ഞപ്പോള്‍ ദിവസക്കൂലിക്കാരനാക്കി; ഒളിംപ്യന്‍ അഞ്ജു ജോര്‍ജിന് മറുപടിയുണ്ടോ?

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരുന്നു. നാണക്കേടുകളുടെ പരമ്പര കൗണ്‍സിലില്‍ നിന്നും ഇനിയും പടിയിറങ്ങിയിട്ടില്ല. സ്ഥിരനിയമനം നല്‍കിയ അന്തര്‍ദേശീയ പവര്‍ലിഫ്റ്റിംഗ് താരത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപമാനിച്ചു. സ്ഥിരനിയമനം ലഭിച്ച് ഒന്നരമാസം കഴിഞ്ഞപ്പോള്‍ ദിവസക്കൂലിക്കാരനാക്കി മാറ്റി. 2007-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് വെങ്കലമെഡല്‍ സമ്മാനിച്ച എറണാകുളം സ്വദേശി എന്‍ജെ ജിംസനെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലും യുഡിഎഫ് സര്‍ക്കാരും ചേര്‍ന്ന് അപമാനിച്ചത്. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ലേഖകന്‍ വിഷ്ണുപ്രസാദാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

പത്മിനി തോമസ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന സമയത്താണ് ജിംസണ് ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ സ്ഥിരനിയമനം നല്‍കിയത്. എന്നാല്‍, ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റതോടെ ജിംസണെ താല്‍കാലിക ജീവനക്കാരനാക്കി മാറ്റുകയായിരുന്നു. 2013-ല്‍ ശംഖുമുഖം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലായിരുന്നു നിയമനം. ദേശീയ-അന്തര്‍ദേശീയ മെഡല്‍ ജേതാവായതിനാല്‍ 2015 സെപ്തംബറില്‍ കാസര്‍ഗോഡ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് ആക്കി സ്ഥിരം നിയമനം നല്‍കാന്‍ സര്‍ക്കാരില്‍ ശുപാര്‍ശയും ചെയ്തു. എന്നാല്‍, സ്ഥിരനിയമനം ലഭിച്ച് ഒന്നര മാസം ശമ്പളം കൈപ്പറ്റിയ ശേഷമാണ് പുതിയ ഭരണസമിതി ജിംസനെ ദിവസ വേതനക്കാരനാക്കി തൃശൂര്‍ അക്വാട്ടിക് കോംപ്ലക്‌സിലേക്ക് നിയമിച്ചത്. കാരണം വ്യക്തമാക്കാത്ത നടപടിക്കെതിരേ കോടതിയെ സമീപിച്ചതുകൊണ്ട് കഴിഞ്ഞ നാലു മാസമായി താരത്തിന്റെ ദിവസവേതനവും തടഞ്ഞുവച്ചിരിക്കുകയാണ്.

അഞ്ച് ദേശീയ ചാമ്പ്യന്‍ഷിപ്പും നാല് ദക്ഷിണേന്ത്യന്‍ ചാമ്പ്യന്‍ഷിപ്പും പത്തിലധികം സംസ്ഥാന ചാമ്പ്യന്‍ഷിപ്പും വിജയിച്ച താരമാണ് ജിംസന്‍. 2009 ലെ ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പത്താം സ്ഥാനവും സ്വന്തമാക്കി. ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ച താരം കൊച്ചിയില്‍ ഇറച്ചിക്കട നടത്തി ജീവിക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പത്മിനി തോമസിന്റെ ഭരണസമിതി അദ്ദേഹത്തിന് ജോലി നല്‍കാന്‍ ശുപാര്‍ശചെയ്തത്.

പത്മിനി തോമസിന്റെ ഭരണകാലയളവില്‍ സ്ഥിരം-താല്‍ക്കാലിക തസ്തികകളില്‍ നിയമനം ലഭിച്ചവരെയെല്ലാം പിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭരണസമിതി പ്രവര്‍ത്തിക്കുന്നത്. പുതിയ പ്രസിഡന്റ് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരന്‍ അജിത്ത് മാര്‍ക്കോസിന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ടെക്‌നിക്കല്‍ അസി.സെക്രട്ടറി തസ്തികയില്‍ അനധികൃത നിയമനം നല്‍കിയത് വിവാദമായിരുന്നു. അതുപോലെ സോളാര്‍ കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ ക്ലിഫ്ഹൗസ് സമരം അലങ്കോലമാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് നിയമനം നല്‍കിയതും വിവാദമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News