കനയ്യകുമാര്‍ സംഘവിരുദ്ധ പോരാട്ടത്തിനായി ഇന്ത്യയിലെ കലാലയങ്ങളെ ഒന്നിപ്പിച്ച വിപ്ലവകാരി

”ജയിലില്‍ നിന്ന് എനിക്ക് രണ്ടു പാത്രങ്ങള്‍ ലഭിച്ചു. ഒന്നു നീലനിറത്തില്‍, രണ്ടാമത്തേത് ചുവന്ന നിറത്തിലും. ഇതെന്നെ ഇരുത്തി ചിന്തിപ്പിച്ചു. എനിക്ക് വിധിയില്‍ വിശ്വാസമില്ല. ദൈവത്തെ എനിക്കറിയുക പോലുമില്ല. പക്ഷെ ഈ രാജ്യത്ത് നല്ലതെന്തോ നടക്കാന്‍ പോകുന്നു എന്നെനിക്കു തോന്നിത്തുടങ്ങി. ആ നീലനിറമുള്ള പാത്രത്തില്‍ ഞാന്‍ അംബേദ്കറുടെ പ്രസ്ഥാനത്തെയാണ് കണ്ടത്. ചുവന്ന പാത്രത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും” (കനയ്യകുമാര്‍ ജയില്‍ മോചിതനായതിന് ശേഷം ജെ എന്‍ യുവില്‍ നടത്തിയ പ്രസംഗഭാഗം)

സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രിയാത്മകമായ ഒറു മാറ്റത്തെയാണ് ഈ വാചകങ്ങളില്‍ കനയ്യകുമാര്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്. അംബേദ്കര്‍ മുന്നോട്ടുവച്ച ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ മിക്കവാറും എല്ലാ ദളിത് പ്രസ്ഥാനങ്ങളും പ്രവര്‍ത്തിച്ചു വരുന്നത്. ഏറിയോ കുറഞ്ഞോ അവയിലൊക്കെ സ്വത്വരാഷ്ട്രീയത്തിന്റെ സ്വാധീനം കാണാവുന്നതാണ്. എന്താണ് സ്വത്വരാഷ്ട്രീയം എന്ന് വിശദീകരിക്കാതെ അതിന്റെ സ്വാധീനത്തെ കുറിച്ച് പറയാനാവില്ലല്ലോ? അടിച്ചമര്‍ത്തപ്പെട്ട ഒരു സാമൂഹ്യവിഭാഗത്തിലെ ഒരംഗമെന്നനിലയില്‍ ഉണ്ടാവുന്ന അടിച്ചമര്‍ത്തലിന്റെ വ്യക്തിപരമായ അനുഭവവും അത് സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന അമര്‍ഷവും ആണ് സ്വത്വരാഷ്ട്രീയക്കാര്‍ സ്വത്വബോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വത്വബോധാടിസ്ഥാനത്തില്‍ രാഷട്രീയം കൈകാര്യം ചെയ്യുന്നവരാണ് സ്വത്വരാഷ്ട്രീയക്കാര്‍.

1970കളോടെയാണ് ഈ രാഷ്ട്രീയസങ്കല്പം ഉയര്‍ന്നുവരുന്നത്. ധനമൂലധനശക്തികള്‍ വളര്‍ത്തിയെടുത്ത നവലിബറല്‍ നയങ്ങള്‍ക്ക് 1980കളില്‍ ഉണ്ടായ മുന്നേറ്റവും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയുമാണ് സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് പശ്ചാത്തലമായി ഭവിച്ചത്. സ്വത്വരാഷ്ട്രീയം ജനങ്ങളെ ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നുണ്ട്. വര്‍ഗപരമായ ഐക്യത്തിനെതിരായ സമീപനമാണ് സ്വത്വരാഷ്ട്രീയം എടുക്കുന്നത്. സ്വത്വരാഷ്ട്രീയം സ്വാഭാവികമായും ഒരു സ്വത്വത്തെ മറ്റൊന്നില്‍ നിന്ന് വേര്‍തിരിക്കുകയും ഒഴിവാക്കി നിര്‍ത്തുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതിന്റെ ഭാഗമായി വളര്‍ന്നുവരുന്ന പുത്തന്‍ മധ്യവര്‍ഗമാണ് ഇതിന്റെ സാമ്പത്തിക അടിത്തറയായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

പുത്തന്‍ മധ്യവര്‍ഗം എന്ന് പൊതുവില്‍ പറയാമെങ്കിലും അവരില്‍ തന്നെ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരും വന്‍ശമ്പളം പറ്റുന്നവരും പ്രൊഫഷണലുകളും ഒക്കെ അടങ്ങിയ ഒരു വിഭാഗമുണ്ട്. മിക്കവാറും എല്ലാജാതികളില്‍ നിന്നും ഇത്തരക്കാര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസം എന്നിവയിലെ സംവരണം കൊണ്ട് മുഖ്യമായും നേട്ടമുണ്ടാക്കുന്നത് ഇവരാണ് എന്നതിനാല്‍ ഈ വിഭാഗക്കാരാണ് സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവര്‍ പൊതുവില്‍ മുതലാളിത്ത വ്യവസ്ഥ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്.

സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കുന്ന മറ്റൊരു വിഭാഗക്കാര്‍ അസംഘടിത തൊഴിലാളികളാണ്. മുമ്പത്തേത് പോലെ വന്‍കിട വ്യവസായങ്ങളില്‍ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ അണിനിരത്തപ്പെടുന്നവരല്ല ഇന്നത്തെ തൊഴിലാളികളില്‍ വലിയൊരു പങ്കുവരുന്ന അസംഘടിതതൊഴിലാളികള്‍ എന്നതിനാല്‍ ഇവര്‍ക്ക് പാരമ്പര്യമായി ആര്‍ജിതമായ ജാതിമതബോധത്തെ മറികടന്ന് വര്‍ഗബോധത്തിലേക്ക് ഉയരുന്നതിന് കഴിയുന്നില്ല എന്ന സ്ഥിതിയുണ്ട്. അതുകൊണ്ടു തന്നെ ഇക്കൂട്ടരെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിന് സ്വത്വരാഷ്ട്രീയക്കാര്‍ക്ക് കഴിയുന്നു. സ്വത്വരാഷ്ട്രീയക്കാരാവട്ടെ വര്‍ഗസമര കാഴ്ചപ്പാടുയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാരെ അകറ്റി നിര്‍ത്തുന്ന സ്ഥിതിയും ഉണ്ടായിരുന്നു. ബിഎസ്പി കമ്യൂണിസ്റ്റുകാരുമായി മുന്നണിയുണ്ടാക്കുന്നതിന് വിരുദ്ധമായ സമീപനമെടുക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുമായും ബിജെപിയുമായും ധാരണയുണ്ടാക്കിയിരുന്നത് ഇതിനാലാണ്.

എന്നാല്‍, രോഹിത് വെമുല, കനയ്യകുമാര്‍ സംഭവങ്ങള്‍ സ്വത്വരാഷ്ട്രീയക്കാരുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് കാരണമായി. കേരളത്തില്‍ ബിഡിജെഎസ്, പുലയമഹാസഭ (ബാബു വിഭാഗം) അഖിലേന്ത്യാതലത്തില്‍ മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയവയൊന്നും തന്നെ രോഹിത് വെമുല സംഭവത്തില്‍ നിലപാടെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ അമിതാധികാര നടപടിയില്‍ എബിവിപി അടക്കമുള്ള സംഘപരിവാര്‍ശക്തികള്‍ക്കെതിരായി അവിടെ പ്രവര്‍ത്തിച്ചുവരുന്ന ദളിത് വിദ്യാര്‍ത്ഥി സംഘടനകള്‍ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറായി എന്നുമാത്രമല്ല അമിതാധികാര വിരുദ്ധ സമരത്തിനായി ഒരു വിശാലമുന്നണി രൂപപ്പെടുത്തുകയും ചെയ്തു. സ്വത്വരാഷ്ട്രീയത്തിന് വര്‍ഗരാഷ്ട്രീയത്തിനോടുണ്ടായിരുന്ന അസ്പൃശ്യത അവസാനിക്കുകയും യോജിച്ച പോരാട്ടം ഉയര്‍ന്നുവരികയും ചെയ്തു എന്നതാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സമരത്തിന്റെ ക്രിയാത്മകവശം. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ മാത്രമല്ല ഇന്ത്യയില്‍ എമ്പാടുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദുത്വഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസിന്റെ നയങ്ങള്‍ക്കെതിരായി ചിന്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ യോജിച്ച മുന്നേറ്റമുണ്ടാക്കാനായി എന്നതാണ് ആ സമരത്തിന്റെ പ്രാധാന്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here