നീലഗിരിയില്‍ എസ്റ്റേറ്റ് തൊഴിലാളിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചു; സ്ഥലത്ത് അവശേഷിക്കുന്നത് കാലും തലയും മാത്രം

കല്‍പ്പറ്റ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ എസ്റ്റേറ്റ് തൊഴിലാളിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചു. നീലഗിരി ദേവര്‍ഷോലയ്ക്ക് സമീപം റോക്ക് വുഡ് എസ്റ്റേറ്റിലെ തൊഴിലാളിയായ മെഖുവരയെ (48) ആണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ കാലും തലയും മാത്രമേ അവശേഷിക്കുന്നുള്ളുയെന്നാണ് പുറത്തുവന്ന വിവരങ്ങള്‍.

വെള്ളിയാഴ്ച രാത്രി വീടിന് പുറത്തിറങ്ങിയ മെഖുവരയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച രാവിലെ എഴുമണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന് മുറ്റത്ത് രക്തക്കറ കണ്ടതിനെ തുടര്‍ന്ന് അന്വേഷണത്തിലാണ് ഒരു കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ മുറ്റത്ത് നിന്ന് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് മെഖുവരയെ കടുവ പിടിച്ചതാണെന്ന നിഗമനത്തിലെത്തിയത്. മെഖുവരയെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.

വന്യജീവികളുടെ ആക്രമണം തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ മൃതദേഹം എടുക്കാന്‍ സമ്മതിച്ചില്ല. പ്രതിഷേധത്തെ തുടര്‍ന്ന് നീലഗിരി കലക്ടര്‍, എസ്പി ഉള്‍പ്പെടെ വന്‍ ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

കടുവയ്ക്കായി തിരച്ചില്‍ തുടങ്ങിയെന്ന് വനംവകുപ്പ് അറിയിച്ചു. നേരത്തെ പ്രദേശത്ത് കടുവ രണ്ടു കന്നുകാലികളെ കൊന്നുതിന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel