ക്രിക്കറ്റ് ശാപം വിട്ടൊഴിയാതെ ധര്‍മശാല സ്റ്റേഡിയം; ലോക ട്വന്റി-20ക്കു പിന്നാലെ ഐപിഎല്‍ മത്സരങ്ങളും ധര്‍മശാലയില്‍ നിന്ന് മാറ്റി

ധര്‍മശാല: ലോക ട്വന്റി-20 ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം മാറ്റിയതിനു പിന്നാലെ ഐപിഎല്‍ മത്സരങ്ങളും ധര്‍മശാലയില്‍ നിന്നു മാറ്റി. ധര്‍മശാല ഹോം ഗ്രൗണ്ടായി നിശ്ചയിച്ചിരുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തന്നെയാണ് മത്സരങ്ങള്‍ ധര്‍മശാലയില്‍ നിന്നു മാറ്റണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടത്. ബിസിസിഐ ഇക്കാര്യം അംഗീകരിച്ചിട്ടുമുണ്ട്. ധര്‍മശാലയ്ക്കു പകരം നാഗ്പൂരിലായിരിക്കും പഞ്ചാബിന്റെ ഹോം മത്സരങ്ങള്‍ നടക്കുക. പുതുതായി പുറത്തിറക്കിയ ഐപിഎല്‍ ഷെഡ്യൂളില്‍ ധര്‍മശാലയെ പ്രതിപാദിച്ചിട്ടില്ല.

കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും സുരക്ഷ ഒരുക്കുന്നതിനു വലിയ തുകയാണ് ഹിമാചല്‍ സര്‍ക്കാര്‍ ഈടാക്കുന്നത്. പോരാത്തതിന് വിനോദ നികുതി ഇനത്തില്‍ കൂടിയ തുക ഈടാക്കുന്നുമുണ്ട്. ഈ രണ്ടു ഘടകങ്ങള്‍ കണക്കിലെടുത്താണ് വേദി ധര്‍മശാലയില്‍ നിന്നു മാറ്റാന്‍ പഞ്ചാബ് തീരുമാനിച്ചത്. കൂടാതെ നാഗ്പൂരില്‍ ഗേറ്റ് ഫീ ഇനത്തില്‍ നല്ലൊരു തുക ലഭിക്കുമെന്നതും പഞ്ചാബിനെ പ്രേരിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കിംഗ്‌സ് ഇലവന്‍ അധികൃതര്‍ ബിസിസിഐക്ക് കത്തെഴുതിയതും. കഴിഞ്ഞ വര്‍ഷവും ധര്‍മശാലയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടന്നിരുന്നില്ല.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പാകിസ്താന്‍ ട്വന്റി-20 ലോകകപ്പില്‍ നിന്ന് പിന്‍മാറും എന്ന ഘട്ടത്തിലാണ് മത്സരം ധര്‍മശാലയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റാന്‍ ബിസിസിഐയും ഐസിസിയും തീരുമാനിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ഐപിഎല്‍ വേദി കൂടി മാറ്റാനുള്ള തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News