കൊറിയയില്‍ യുദ്ധാന്തരീക്ഷം; ദക്ഷിണ കൊറിയയും അമേരിക്കയും സൈനിക പരിശീലനം നടത്തി; ആണവയുദ്ധത്തിനുള്ള നീക്കമെന്ന് ഉത്തരകൊറിയ

സോള്‍: ദക്ഷിണ കൊറിയയും അമേരിക്കയും കര-നാവിക സേനാ അഭ്യാസ പരിശലനം സംഘടിപ്പിച്ചു. ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്തായിരുന്നു പരിശീലനം. ഉത്തര കൊറിയ നടത്തിയ ആണവപരീക്ഷണത്തെ തുടര്‍ന്നുള്ള ആശങ്കകളും ശത്രുക്കളെ ഇല്ലാതാക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയും നിലനില്‍ക്കെയാണ് സൈനിക പരിശീലനം നടന്നത്. കഴിഞ്ഞ എട്ട് ആഴ്ചയായി സംയുക്തമായി നടത്തിവരുന്ന സൈനിക പരിശീലനത്തിന്റെ ഭാഗമാണ് ഇതെന്നാണ് ദക്ഷിണ കൊറിയയുടെ വിശദീകരണം. എന്നാല്‍, ദക്ഷിണ കൊറിയയുടെ ആണവയുദ്ധത്തിന്റെ നീക്കമാണ് ഇതെന്നാണ് ഉത്തര കൊറിയയുടെ ആരോപണം. ജനുവരിയില്‍ ഉത്തരകൊറിയ അവരുടെ നാലാമത്തെ ആണവപരീക്ഷണവും കഴിഞ്ഞ മാസം ഒരു റോക്കറ്റ് ലോഞ്ചും നടത്തിയിരുന്നു.

55 യുഎസ് മറൈന്‍ എയര്‍ക്രാഫ്റ്റുകള്‍, അമേരിക്കയുടെയും സൗത്ത് കൊറിയയുടെയും 30 യുദ്ധക്കപ്പലുകള്‍ എന്നിവ പരിശീലനത്തില്‍ പങ്കെടുത്തു. യുഎസ്എസ് ബോണ്‍ഹോം റിച്ചാര്‍ഡ്, യുഎസ്എസ് ബോക്‌സര്‍ എന്നിവയും അഭ്യാസത്തിനുണ്ടായിരുന്നു. ഇതില്‍ യുഎസ്എസ് ബോക്‌സര്‍ AV-8B, V-22 എന്നീ യുദ്ധവിമാനങ്ങള്‍ വഹിക്കുന്ന കപ്പലാണ്. സൈന്യം ശത്രുരാജ്യത്തിന്റെ നാവിക സേനയില്‍ നുഴഞ്ഞു കയറുമെന്നും സൈന്യത്തെ ഛിന്നഭിന്നമാക്കുമെന്നും യുഎസ് സൈന്യം പരിശീലനത്തിനു മുമ്പേ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അതേസമയം, അമേരിക്കന്‍-ദക്ഷിണ കൊറിയന്‍ സേനയുടെ വെല്ലുവിളി നേരിടാന്‍ സജ്ജമാണെന്ന് ഉത്തരകൊറിയ അറിയിച്ചു. എല്ലാ തരത്തിലും ശത്രുക്കളെ നശിപ്പിക്കാന്‍ സജ്ജമായിട്ടുണ്ട്‌മേലധികാരികളില്‍ നിന്നുള്ള ആജ്ഞ കാത്തിരിക്കുകയാണ് സൈന്യമെന്നും ഉത്തരകൊറിയ പ്രതികരിച്ചു. ഉത്തരകൊറിയയുടെ മുങ്ങിക്കപ്പല്‍ ഏതാനും ദിവസങ്ങളായി കാണാനില്ല. മുങ്ങിക്കപ്പല്‍ കടലില്‍ എവിടെയെങ്കിലും ഒഴുകി നടക്കുന്നുണ്ടാകാമെന്നും അല്ലെങ്കില്‍ കപ്പല്‍ മുങ്ങിയിരിക്കാമെന്നും ഉത്തര കൊറിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here