ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തമാശരൂപേണ കളിയാക്കി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മോദി മന്ത്രിസഭയില്‍ ഉള്ളതിനേക്കാള്‍ സിഖുകാര്‍ തന്റെ മന്ത്രിസഭയില്‍ ഉണ്ടെന്നായിരുന്നു ട്രൂഡോയുടെ കളിയാക്കല്‍. ന്യൂയോര്‍ക്കില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോഴാണ് ജസ്റ്റിന്‍ ട്രൂഡോ മോദിയെ കളിയാക്കിയത്.
നരേന്ദ്രമോദിയുടെ കാബിനറ്റില്‍ സിഖ് വംശജരായ രണ്ട് മന്ത്രിമാര്‍ മാത്രമേയുള്ളൂ. എന്റെ മന്ത്രിസഭയില്‍ അതിനേക്കാള്‍ പ്രാതിനിധ്യം സിഖ് വംശജര്‍ക്കുണ്ട്. നാല് മന്ത്രിമാര്‍ സിഖുകാരാണ്. ഇന്ത്യക്കാര്‍ ഇക്കാര്യം അറിയണമെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം അത്ഭുതത്തോടെയാണ് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥി സമൂഹം കേട്ടത്.
പ്രതിരോധമന്ത്രി ഹര്‍ജിത് സജ്ജന്‍, ചെറുകിട വ്യവസായ – ടൂറിസം വകുപ്പുമന്ത്രിയും വനിതയുമായ ബര്‍ദിഷ് ഛഗ്ഗര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കമ്യൂണിറ്റീസ് വകുപ്പ് മന്ത്രി അമര്‍ജിത് സോഹി, ശാസ്ത്ര – സാമ്പത്തിക വികസന വകുപ്പ് മന്ത്രി നവ്ദീപ് ബെയ്ന്‍സ് എന്നിവരാണ് മന്ത്രിസഭയിലെ സിഖ് വംശജര്‍. മനേക ഗാന്ധി, ഹര്‍സിമ്രത് ബാദല്‍ എന്നിവരാണ് മോദി മന്ത്രിസഭയിലെ രണ്ട് സിഖ് വംശജര്‍. വ്യത്യസ്തമായ നര്‍മ്മ സംഭാഷണങ്ങലാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച രാഷ്ട്രനേതാവാണ് 44കാരനായ ജസ്റ്റിന്‍ ട്രൂഡോ.
നേരത്തെ അഫ്ഗാനിസ്താന്‍ പ്രസിഡന്റിന് ആറ് മാസം നേരത്തേ ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മോദി ട്രോള്‍ ഏറ്റുവാങ്ങിയിരുന്നു. അത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ വാര്‍ത്തയാവുകയും ചെയ്തു. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് ജസ്റ്റിന്‍ ട്രൂഡോ ന്യൂയോര്‍ക്കില്‍ എത്തിയത്. ലോക രാഷ്ട്രങ്ങളില്‍ ഏറ്റവും യുവത്വമുള്ള പ്രധാനമന്ത്രിയും യുവ മന്ത്രിസഭയുമുള്ള രാജ്യമാണ് കാനഡ.
ദേശീയ മാധ്യമമായ ദ ക്വിന്റ് പുറത്തുവിട്ട വീഡിയോ കാണാം.

Get real time update about this post categories directly on your device, subscribe now.