ദേവര്‍ഷോലയിലെ നരഭോജി കടുവയെ പിടികൂടാന്‍ വന്‍സന്നാഹം; 30 സ്ഥലത്ത് ക്യാമറ, അഞ്ചിടങ്ങളില്‍ കൂട്; അസമയത്ത് ആരും പുറത്തിറങ്ങരുതെന്ന് വനംവകുപ്പ്

ഗൂഡല്ലൂര്‍: ദേവര്‍ഷോലയില്‍ എസ്റ്റേറ്റ് തൊഴിലാളിയെ കൊന്നുതിന്ന കടുവയെ പിടികൂടാനായി വനംവകുപ്പും പൊലീസും വന്‍സന്നാഹങ്ങളുമായി രംഗത്തെത്തി. കോയമ്പത്തൂര്‍ ഡിവിഷന്‍ പാലീസ് ഐ.ജി ശ്രീധറിന്റെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക സേനാ വിഭാഗത്തെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കടുവയെ പിടികൂടിനായി 30 സ്ഥലത്ത് ക്യാമറയും അഞ്ച് സ്ഥലത്ത് കൂടും സ്ഥാപിച്ചിട്ടുണ്ട്. മയക്കു വെടിവെച്ച് പിടികൂടാനോ കൂട് വെച്ച് പിടികൂടാനോ കഴിയാത്ത പക്ഷം വെടിവെച്ച്‌കൊല്ലാനും നിര്‍ദ്ദേശമുണ്ട്.

മനുഷ്യരേയും വളര്‍ത്തു മൃഗങ്ങളെയും പിടികൂടുന്ന കടുവ ഒന്നുകില്‍ പരുക്കേറ്റ നിലയിലോ അല്ലെങ്കില്‍ പ്രായമായതോ ആകാനാണ് സാധ്യത. കടുവ കാട്ടിനുള്ളില്‍ പ്രവേശിച്ചാല്‍ പിടികൂടുക അപ്രായോഗികമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് വുഡ്ബ്രയര്‍ എസ്റ്റേറ്റ് തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശി മബുബോറയെ കടുവ കൊലപ്പെടുത്തിയത്. ഇയാളുടെ കാലും തലയും മാത്രമേ അവശേഷിച്ചിരുന്നുള്ളുയെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. വെള്ളിയാഴ്ച രാത്രി വീടിന് പുറത്തിറങ്ങിയ മെഖുവരയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച രാവിലെ എഴുമണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ജില്ലാ കളക്ടര്‍ പി.ശങ്കര്‍, നീലഗിരി എസ്.പി മുരളിരംഭ, ഡി.എഫ്.ഒ., തേജസ്വി തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here