തൊഴില്‍-ശമ്പളം പ്രശ്‌നങ്ങള്‍ക്കു പിന്നാലെ ഗള്‍ഫില്‍ കനത്ത വിലക്കയറ്റവും; പ്രവാസികള്‍ കൂടുതല്‍ ഞെരുക്കത്തിലേക്ക്

ദുബായ്: എണ്ണവിലക്കുറവു മൂലം കമ്പനികള്‍ പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും ദുരിതത്തിലാക്കിയതിനു പിന്നാലെ വിപണിയിലെ കനത്ത വിലക്കയറ്റത്തില്‍ ഞെരുങ്ങി പ്രവാസികള്‍. ഭക്ഷ്യസാധനങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കു വന്‍തോതിലാണ് വില കൂടിയിരിക്കുന്നത്. പലരും, വീട്ടുചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശമ്പളം കുറച്ചതിനെയും ജോലി അനിശ്ചിതത്വത്തിലായതിനെയും തുടര്‍ന്നു പലരും കുടുംബ ബജറ്റ് കുറച്ചതിനു പിന്നാലെയാണ് വില കുതിച്ചുകയറിയത്. പച്ചക്കറിക്കും മാംസത്തിനും വലിയരീതിയില്‍ വില കൂടിയിട്ടുണ്ട്. എണ്ണവിലയിടിവ് ഗള്‍ഫില്‍ പ്രതിസിന്ധിക്കു വഴിവച്ചതോടെയാണ് വിലക്കയറ്റം ഉണ്ടായത്. കച്ചവടം കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായതായി സൂചനയുണ്ട്. പലരും കുടുംബബജറ്റ് പകുതിയോളമായാണു വെട്ടിക്കുറയ്ക്കുന്നത്.

പഴ വര്‍ഗങ്ങള്‍ക്കും വില കൂടിയതായി വീട്ടമ്മയായ ശാലിന് പറയുന്നു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ആപ്പിള്‍, സവോള എന്നിവയ്ക്കു വില കുത്തനെ കയറി. വീട്ടാവശ്യത്തിനുള്ള പലചരക്കു വാങ്ങാന്‍ മാത്രം തനിക്ക് ഒരു മാസം അയ്യായിരം ദിര്‍ഹം വേണ്ടിവരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വന്‍ വില വര്‍ധനയാണ് ഇപ്പോഴെന്ന് ഈജിപ്ഷ്യന്‍ വിദ്യാര്‍ഥി നാദിയ അമര്‍ അല്‍ ബിലാസി പറയുന്നു. ഭക്ഷണമൊഴിച്ചുള്ള മറ്റു ചെലവുകള്‍ പ്രവാസികള്‍ വെട്ടിക്കുറയ്ക്കുകയാണ് ഇപ്പോള്‍.

രണ്ടു മാസം മുമ്പു വരെ ഒരു സാധാരണ കുടുംബത്തിന് പ്രതിവാര ചെലവ് 350ദിര്‍ഹമായിരുന്നത് ഇപ്പോള്‍ 500 ദിര്‍ഹം വരെയായി. വീട്ടുവാടകയ്ക്കും അടുത്തകാലത്ത് വലിയ വര്‍ധനയുണ്ടായിരുന്നു. അതേസമയം, വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നും ഗള്‍ഫില്‍ മാത്രമായി വിലക്കയറ്റമില്ലെന്ന് ആശ്വസിക്കുന്നവരുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News