നാസയെയും കടത്തിവെട്ടി ഐഎസ്ആര്‍ഒ; ഈവര്‍ഷം വക്ഷേപിക്കുന്നത് 12 യുഎസ് ഉപഗ്രഹങ്ങള്‍

ഇന്ത്യന്‍ ബഹിരാകാശ വിപണിക്കിത് അഭിമാനത്തിന്റെ നാളുകളാണ്. അമേരിക്കയുടേതടക്കം ഈവര്‍ഷം വിദേശ രാജ്യങ്ങളുടെ 25-ല്‍ അധികം ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുക. ഏപ്രിലില്‍ ഏഴാം നാവിഗേഷന്‍ ഉപഗ്രഹവും വിക്ഷേപിക്കും. ഇതോടെ ഇന്ത്യക്ക് പിന്നീട് അമേരിക്കയുടെ ജിപിഎസ് സംവിധാനത്തെ പിന്തുടരേണ്ടി വരില്ല. അമേരിക്കയുടെ മാത്രം 12 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കും.

ഏഴു രാജ്യങ്ങളില്‍ നിന്നുള്ള 25 കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡറുകള്‍ ലഭിച്ചതായി ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു. അമേരിക്കയുടെ 12 ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്. നാസയെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്. ഇതിനു പുറമെ ജര്‍മനിയുടെ 4, കാനഡയുടെ 3, അള്‍ജീരിയയുടെ 3, ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹവും ഐഎസ്ആര്‍ഒ വിക്ഷേപിക്കും.

ബഹിരാകാശ സാങ്കേതിക വിദ്യയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ഐഎസ്ആര്‍ഒക്ക് പദ്ധതിയുണ്ട്. ഇതിനു ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ ഭാഗമാണിത്. പിഎസ്എല്‍വിയുടെ സഹായത്തോടെയാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക. പിഎസ്എല്‍വി ഉപയോഗിച്ച് ഇതുവരെ 21 രാജ്യങ്ങളുടെ 57 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

ബഹിരാകാശ ഗവേഷണ രംഗത്ത് ഐഎസ്ആര്‍ഒയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവലാവുകയാണ് ഈ നേട്ടം. അടുത്തിടെ ആറ് സിംഗപ്പൂര്‍ ഉപഗ്രഹങ്ങളെ ഇന്ത്യയുടെ പിഎസ്എല്‍വിസി 29 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതിഷ് ധാവന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഈ വര്‍ഷം ഇതുവരെ 11 വിദേശ ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി സി 28, സി 30 എന്നീ റോക്കറ്റുകള്‍ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ് യുഎസില്‍നിന്നുള്ള നാലു നാനോ ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിച്ചിരുന്നു. ഇതു രണ്ടാം തവണയാണ് യുഎസില്‍നിന്നുള്ള ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കാന്‍ പോകുന്നത്. താരതമ്യേന കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ കൃത്യമായി ഭ്രമണപഥിത്തിലെത്തിക്കാന്‍ കഴിയുന്നതാണ് ഐഎസ്ആര്‍ഒയെ രാജ്യാന്തര ബഹിരാകാശ വിപണിയില്‍ പ്രിയങ്കരമാക്കുന്നത്. നാസയ്ക്ക് പോലും സാധിക്കാത്ത നേട്ടമാണ് ഐഎസ്ആര്‍ഒ കൈവരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News