അഴിമതി നടത്തിയാലും ഇനി ആരും അറിയരുത്; വിവരം ജനങ്ങള്‍ അറിയാതിരിക്കാന്‍ വിവരാവകാശ നിയമവും സര്‍ക്കാര്‍ അട്ടിമറിച്ചു; വിവരങ്ങള്‍ ടോപ് സീക്രട്ട് വിഭാഗത്തിലേക്ക് മാറ്റി

തിരുവനന്തപുരം: അഴിമതി പുറത്താകാതിരിക്കാന്‍ വിവരാവാകാശ നിയമം സര്‍ക്കാര്‍ അട്ടിമറിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള അഴിമതിക്കേസുകളിലെ അന്വേഷണ  വിവരങ്ങള്‍ ടോപ്പ് സീക്രട്ട് വിഭാഗത്തിലേക്ക് മാറ്റി. ടോപ്പ് സീക്രട്ട് വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. വിവരാവകാശ നിയമത്തില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്നിരിക്കെയാണ് വിവാദ ഉത്തരവ്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഒട്ടേറെ അഴിമതിക്കേസുകളില്‍ അന്വേഷണമുണ്ടായിരിക്കെയാണ് അന്വേഷണ വിവരങ്ങള്‍ മൂടിവെക്കാനുള്ള സര്‍ക്കാര്‍ ശ്രമം. 2016 ജനുവരി 18നാണ് ഉത്തരവ് ഇറങ്ങിയത്. ഇതിനു പുറകെ ജനുവരി 27ന് ടോപ് സീക്രട്ട് വിവരങ്ങള്‍ക്ക് വിവരാവകാശ നിയമം ബാധകമായിരിക്കില്ലെന്ന് പൊതുഭരണ വകുപ്പും വിജ്ഞാപനമിറക്കി. തുടര്‍ന്ന് വിജ്ഞാപനം നടപ്പിലാക്കികൊണ്ട് ഫെബ്രുവരി 9ന് വിജിലന്‍സിന്റെ പുതിയ ഉത്തരവും പുറത്തിറങ്ങി. രഹസ്യ സ്വഭാവമുള്ള ഒരന്വേഷണത്തിന്റെയും വിവരമോ, രേഖയുടെ പകര്‍പ്പുകളോ ഇനിമുതല്‍ വിവരാവകാശ അപേക്ഷകളില്‍ നല്‍കേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു.

മുഖ്യമന്ത്രിക്കും മന്ത്രമാര്‍ക്കെതിരെയുള്ള അന്വേഷണ വിവരങ്ങള്‍ മാത്രമല്ല മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍ എംപിമാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണ വിവരങ്ങളും ടോപ് സീക്രട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അധികാരമൊഴിഞ്ഞാലും അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിനു തടയിടുകയാണ് സര്‍ക്കാര്‍ നീക്കം.

പാര്‍ലമെന്റിനു മാത്രമേ വിവരാവരകാശ നിയമത്തില്‍ ഭേദഗതി വരുത്താനാകൂ എന്നിരിക്കെയാണ് നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് വിവരാവകാശ പ്രവര്‍ത്തകരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News