തിരിച്ചുവരാന്‍ സമയമായിട്ടില്ലെന്ന് വിജയ് മല്യ; ഒരു ക്രിമിനലിനെ പോലെയാണ് തന്നെ ചിത്രീകരിച്ചിരിക്കുന്നത്; തന്നെ വില്ലനാക്കരുതെന്നും മല്യയുടെ മുന്നറിയിപ്പ്

ദില്ലി: ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പറ്റിയ സമയമായിട്ടില്ലെന്ന് മദ്യരാജാവ് വിജയ് മല്യ. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ ഇമെയില്‍ അഭിമുഖത്തിലാണ് വിജയ് മല്യ ഇക്കാര്യം പറഞ്ഞത്. താന്‍ ഒരു സുഹൃത്തിനെ കാണാനാണ് ലണ്ടനിലെത്തിയതെന്നും താനൊരു ഇന്ത്യക്കാരനാണ് തന്നെ വില്ലനാക്കരുതെന്നും വിജയ് മല്യ പറഞ്ഞു.

തന്നെ ഒരു ക്രിമിനലിനെ പോലെയാണ് രാജ്യത്ത് ചിത്രീകരിച്ചിരിക്കുന്നത്. അതിനാല്‍ ഇത് തിരിച്ചുവരാന്‍ പറ്റിയ സമയമല്ല. കഴിഞ്ഞ വര്‍ഷം തനിക്കെതിരെ ഒരു ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. പിന്നെ എന്തിനാണ് ഇപ്പോള്‍ തന്നെ ഒരു ക്രിമിനലായി മുദ്രകുത്തുന്നത്.- മല്യ പറയുന്നു. വായ്പ കുടിശിക ബിസിനസില്‍ സാധാരണയാണെന്നും വായ്പ അനുവദിക്കുമ്പോള്‍ ബിസിനസിന്റെ ബുദ്ധിമുട്ടുകള്‍ ബാങ്കുകള്‍ക്ക് അറിയാമെന്നും വിജയ് മല്യ പറയുന്നു.

ബിസിനസ് നല്ല രീതിയിലാണ് പോയിരുന്നത്. എന്നാല്‍ പെട്ടെന്ന് കൂപ്പുകുത്തുകയായിരുന്നു. എന്നെ ഒരു വില്ലനായി ചിത്രീകരിക്കരുത്. ഞാന്‍ നിര്‍ത്തുകയാണ്. മറ്റുള്ളവരുടേത് പോലെ എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുമെന്ന് താന്‍ ഭയപ്പെടുന്നു- മല്യ അഭിമുഖത്തില്‍ പറയുന്നു.

പല ബാങ്കുകളില്‍ നിന്നാണ് വിജയ് മല്യ 9000 കോടിയിലധികം രൂപ വായ്പയെടുത്തത്. 9000 കോടി രൂപയുടെ ബാധ്യത വരുത്തിവച്ച മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എസ്ബിഐ അടക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 2015 നവംബര്‍ 30ലെ കണക്കുകള്‍പ്രകാരം വിജയ് മല്യ 9091.40 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. 2004-2007 കാലയളവിലാണ് വായ്പ വിതരണം നടത്തിയത്. 2009ല്‍ ഇതു കിട്ടാക്കടമായി മാറുകയായിരുന്നു. കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജാരാവാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയയ്ക്കുകയും ഹൈദരാബാദ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിയ്ക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News