യുഎഇയ്ക്കു പിന്നാലെ സൗദിയും കൂട്ടപ്പിരിച്ചുവിടലിന്; ഉള്ള ജോലികള്‍ തദ്ദേശീയര്‍ക്കു മാത്രം; നിരവധി മലയാളികള്‍ക്കു നാട്ടിലേക്കു മടങ്ങേണ്ടിവരും

റിയാദ്: എണ്ണവിലയിലെ ഇടിവിനെത്തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമായതു മൂലം സൗദി അറേബ്യന്‍ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. തദ്ദേശീയരെ നിലനിര്‍ത്തി പ്രവാസികളെ പുറത്താക്കാനാണ് കമ്പനികളുടെ തീരുമാനം. മലയാളികള്‍ അടക്കമുള്ള പ്രവാസികളെയായിരിക്കും തീരുമാനം രൂക്ഷമായി ബാധിക്കുക. വന്‍കിട കരാറുകള്‍ ഇല്ലാതായതോടെയാണു പല കമ്പനികളുടെ പ്രതിസന്ധിയിലായതെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എണ്ണ വിലയില്‍ വന്‍ തകര്‍ച്ചയുണ്ടായതോടെ ഭീമമായ ശമ്പളവും മറ്റു ചെലവുകളും വഹിക്കാനും കമ്പനികള്‍ക്കു കഴിയാതെയായി. നിലവില്‍ പുതിയ ജോലികള്‍ സൗദിക്കാര്‍ക്കു മാത്രം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. അതോടെ, നിലവിലെ ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്കു പുതിയ ജോലിയും തേടാനാവാതെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എണ്ണക്കമ്പനികളാണ് കാര്യമായി തൊഴിലാളികളെ കുറയ്ക്കുന്നത്.

പുതിയ ജോലികളിലേക്ക്് വിദേശികളെ പരിഗണിക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവാണ് പ്രതിസന്ധിയിലായ പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നത്. ആറു മാസത്തിനുള്ളില്‍ രാജ്യത്തെ മൊബൈല്‍ സേവന-വിപണനമേഖല പൂര്‍ണമായി സൗദിവല്‍കരിക്കാനാണ് തീരുമാനം. മലയാളികള്‍ അടക്കം നിരവധി പ്രവാസികളാണ് ഈ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സൗദിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ചും ഏജന്‍സികള്‍ ആലോചിക്കുന്നുണ്ട്. സൗദിയില്‍ പതിനഞ്ചു വര്‍ഷത്തിനിടെ നിയമനം കുറഞ്ഞ വര്‍ഷമായിരുന്നു 2015. ഈ വര്‍ഷം കഴിഞ്ഞവര്‍ഷത്തേക്കാള്‍ പകുതി നിയമനങ്ങള്‍ മാത്രമായിരിക്കും നടക്കുകയെന്നാണു വിലയിരുത്തല്‍.

കഴിഞ്ഞവര്‍ഷം ഈ സമയത്തേക്കാള്‍ 78 ശതമാനമാണ് തൊഴില്‍ നിയമനങ്ങളില്‍ കുറവുണ്ടായിരിക്കുന്നതെന്നു പ്രമുഖ ജോബ് പോര്‍ട്ടലുകള്‍ വ്യക്തമാക്കുന്നു. കമ്പനികള്‍ കുറഞ്ഞ ശമ്പളത്തില്‍ വിദേശികളെ നിയമിക്കാന്‍ താല്‍പര്യം കാണിക്കുന്നുണ്ടെങ്കിലും തദ്ദേശീയര്‍ക്കു മാത്രം ജോലി നല്‍കിയാല്‍ മതിയെന്ന നിലപാടാണ് ഇപ്പോള്‍ സൗദി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തദ്ദേശീയര്‍ക്കു പോലും ജോലി സാധ്യതകുറയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസികള്‍ക്കു കൂട്ടത്തോടെ വരും മാസങ്ങളില്‍ സൗദി വിടേണ്ടിവരാമെന്നു വരെ വിലയിരുത്തലുണ്ട്. എണ്ണ വില ഉയരാതെ കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ കമ്പനികള്‍ തയാറാകില്ല. പല കമ്പനികളും ശമ്പളം അധികകാലം നല്‍കിയാല്‍ നഷ്ടത്തിലേക്കു പോകുന്ന സാഹചര്യത്തിലാണ്. ഈ അവസ്ഥയിലാണ് ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel