സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ ദേഷ്യത്തില്‍ 11 കാരന്‍ കൈയുടെ ചൂണ്ടുവിരല്‍ മുറിച്ചു കളഞ്ഞു; 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ വിരല്‍ തുന്നിച്ചേര്‍ത്തു

ബീജിംഗ്: സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി രക്ഷിതാക്കളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 11 വയസ്സുള്ള ബാലന്‍ കൈവിരല്‍ മുറിച്ചു കളഞ്ഞു. ചൈനയിലാണ് സംഭവം. രാവിലെ എഴുന്നേറ്റ പാടെ മൊബൈല്‍ ഫോണില്‍ കുത്തിയിരുന്നതിനെ തുടര്‍ന്നാണ് വഴക്കുണ്ടായത്. വഴക്ക് മൂര്‍ച്ഛിച്ചതോടെ കുട്ടി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വിരല്‍ മുറിച്ചു കളയുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെ ഉണ്ടാകുന്ന മരണങ്ങളും ഗെയിം അഡിക്ഷനെ തുടര്‍ന്നുള്ള ദുരന്തങ്ങളും ധാരാളം കേട്ടിട്ടുണ്ടെങ്കിലും മൊബൈല്‍ അഡിക്ഷനെ തുടര്‍ന്ന് വിരല്‍ മുറിച്ചു കളയുന്ന സംഭവം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ ഫോണില്‍ കുത്തിയിരുന്ന മകനെ അമ്മ വഴക്കു പറഞ്ഞു. എന്നാല്‍, അമ്മ പറഞ്ഞിട്ടും മകന്‍ കേള്‍ക്കാതായതോടെ ഇരുവരും തമ്മില്‍ വാഗ്വാദമായി. പിന്നീട് അച്ഛനുമായും മകന്‍ വഴക്കിട്ടു. അച്ഛനും അമ്മയും വഴക്ക് പറഞ്ഞതോടെ മകന്‍ അസ്വസ്ഥനായി. തുടര്‍ന്ന് കുട്ടി അടുക്കളയില്‍ ചെന്ന് കത്തിയെടുത്ത് കൈയുടെ ചൂണ്ടുവിരല്‍ അറുത്തു കളയുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. മുറിഞ്ഞു പോയ വിരലിന്റെ ഭാഗവും ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ വിരല്‍ തുന്നിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here