സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ആസൂത്രിതശ്രമം നടത്തുന്നെന്ന് പിണറായി വിജയന്‍; ഇതിനെ ചെറുത്തുതോല്‍പിക്കാന്‍ ജനങ്ങള്‍ക്ക് ശക്തിയുണ്ട്; ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ അതും മനസ്സിലാക്കണം

തിരുവനന്തപുരം: രാജ്യത്ത് സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ആസൂത്രിതശ്രമം നടത്തുകയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സംവരണം പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമാണ്. ഇത് ആ സംഘടന തുടര്‍ന്നു വരുന്ന സംവരണ വിരുദ്ധ നയത്തിന്റെ തുടര്‍ച്ചയാണ്. രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങള്‍ക്കാകെ ഭരണഘടനയുടെ പരിരക്ഷയും അവസരസമത്വവും ലഭിക്കണം. അതിനു തടസ്സം നില്ക്കുന്ന ആര്‍എസ്എസിന്റെ ഏതു നീക്കവും ചെറുത്തു പരാജയപ്പെടുത്താനുള്ള ശേഷി ഇന്നാട്ടിലെ ജനങ്ങള്‍ക്കുണ്ട്. ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ അത് മനസ്സിലാക്കുന്നത് നല്ലതാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം;

രാജ്യത്ത് സംവരണം അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ് ആര്‍എസ്എസിന്റെ പുതിയ പ്രഖ്യാപനം. സംവരണം പുനപരിശോധിക്കാൻ ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്, ആ സംഘടനയുടെ സംവരണ വിരുദ്ധ നയത്തിന്റെ തുടര്ച്ചയാണ്.
സംവരണനയം പുനഃപരിശോധിക്കണമെന്നും ഇതിനായി പ്രത്യേക കമീഷനെ നിയോഗിക്കണമെന്നും ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് വന്‍പ്രതിഷേധത്തിനു കാരണമായതോടെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബിജെപി പിന്നോട്ടടിച്ചു . തുടര്‍ന്ന്, സംവരണനയം പുനഃപരിശോധിക്കില്ലെന്ന് പ്രസ്താവന ഇറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ബന്ധിതനായി. എന്നാല്‍, ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരോട് സംസാരിക്കവെ ഭാഗവത് നിലപാട് ആവര്‍ത്തിച്ചു. ആ നിലപാട് തന്നെയാണ്, ആർ എസ് എസിന്റെ ഉന്നത സമിതി ഇപ്പോൾ പരസ്യപ്പെടുത്തിയത്.
സംവരണനയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത്—സര്‍ക്കാര്‍ ജോലികളില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് അനര്‍ഹമായ തോതില്‍ നിയമനം കിട്ടിയെന്നാണ്. എന്നാല്‍, മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള 27 ശതമാനം സംവരണം നിലവില്‍വന്ന് കാൽനൂറ്റാണ്ട്‌ കഴിയുമ്പോഴും കേന്ദ്രസര്‍വീസില്‍ ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യം 17.74 ശതമാനം മാത്രമാണ്. . പട്ടികജാതി വിഭാഗത്തിന് 17.57 ശതമാനവും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 7.73 ശതമാനവും മാത്രമാണ് കേന്ദ്രസര്‍വീസില്‍ പ്രാതിനിധ്യം.
ഒരു ഘട്ടത്തിലും ആര്‍എസ്എസ് സംവരണത്തെ അനുകൂലിച്ചിട്ടില്ല. മണ്ഡല്‍വിരുദ്ധ പ്രക്ഷോഭത്തിന് തീകൊളുത്തിയതും ആളിക്കത്തിച്ചതും ആര്‍എസ്എസാണ്. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന പിന്നോക്ക- ദളിത്- ആദിവാസി ജനവിഭാഗങ്ങളെ പ്രലോഭിപ്പിക്കാനും രാഷ്ട്രീയലക്ഷ്യത്തോടെ അടുപ്പിച്ചുനിര്‍ത്താനും നിരന്തരം ശ്രമിക്കുമ്പോഴും അടിസ്ഥാന സമീപനത്തില്‍ നേരിയ മാറ്റംപോലും വരുത്താന്‍ ആര്‍എസ്എസ് തയാറല്ല.
കേരളത്തില്‍ ആര്‍എസ്എസ് കൂടാരത്തിലേക്ക് ആളുകളെ എത്തിക്കാൻ പിന്നോക്കസമുദായങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും പിന്നാലെ എസ്എന്‍ഡിപി നേതൃത്വവും കെപിഎംഎസിലെ ഒരു വിഭാഗവും ശ്രമിക്കുകയാണ്. ബി ഡി ജെ എസ് എന്ന കക്ഷി തന്നെ അതിനായി രൂപീകരിച്ചു. സംവരണം ഇല്ലാതാക്കാനുള്ള ആർ എസ് എസ് അജണ്ടയുടെ നടത്തിപ്പുകാരായി അവർ തരം താഴുകയാണ്. പിന്നോക്ക ദളിത്‌ വിഭാഗങ്ങൾ സമ്പന്നരായി എന്നും അവർക്ക് സംവരണം ആവശ്യമില്ല എന്നുമുള്ള ആർ എസ് എസ് കാഴ്ചപ്പാട് ഇക്കൂട്ടർ അംഗീകരിക്കുന്നുണ്ടോ? ഡൽഹിയിൽ ചെന്ന് അമിത് ഷായുമായി ചര്ച്ച നടത്തി സംവരണം സംരക്ഷിക്കുമെന്ന് ഉറപ്പു വാങ്ങിയതായി അവകാശപ്പെട്ടവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്?
സംവരണത്തിന് വേണ്ടി ഉശിരൻ പോരാട്ടം നടന്ന നാടാണ് കേരളം. സംവരണം ഇല്ലാതാക്കി ദളിത്‌ -പിന്നോക്ക വിഭാഗങ്ങൾക്കുള്ള പരിമിതമായ അവസരം തട്ടിയെടുക്കാനുള്ള ഒരു നീക്കവും കേരളം അംഗീകരിക്കില്ല. നിലവിലുള്ള സംവരണം നിലനിര്ത്തുകയും മുന്നോക്ക വിഭാഗങ്ങളിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്ക് കൂടി നിശ്ചിത ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണ ഘടന ഭേദഗതി ചെയ്യുകയും വേണം. ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങള്‍ക്കാകെ ഭരണഘടനയുടെ പരിരക്ഷയും അവസരസമത്വവും ലഭിക്കണം. അതിനു തടസ്സം നില്ക്കുന്ന ആർ എസ് എസിന്റെ ഏതു നീക്കവും ചെറുത്തു പരാജയപ്പെടുത്താനുള്ള ശേഷി ഇന്നാട്ടിലെ ജനങ്ങൾക്കുണ്ട്. ആർ എസ് എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നവർ അത് മനസ്സിലാക്കുന്നത് നല്ലതാണ്.

രാജ്യത്ത് സംവരണം അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ് ആര്‍എസ്എസിന്റെ പുതിയ പ്രഖ്യാപനം. സംവരണം പുനപരിശോധിക്കാ…

Posted by Pinarayi Vijayan on Monday, March 14, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here